vallarpadam head

നേട്ടം വ്യവസായ മേഖലയ്ക്ക്‌

Posted on: 09 Feb 2011

വി.പി.ശ്രീലന്‍



കൊച്ചി ഇനി സാധാരണ തുറമുഖമല്ല. കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് (മെയിന്‍ ലൈന്‍ വെസ്സല്‍) അനായാസം കടന്നുവരാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി കൊച്ചി മാറുകയാണ്. ഡ്രഡ്ജിങ് പൂര്‍ത്തിയാകുമ്പോള്‍ 12,500 ടി.ഇ.യു. കണ്ടെയ്‌നറുകള്‍ കയറ്റാവുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ 'എമ്മാ മേഴ്‌സ്‌ക്ക്' ഉള്‍പ്പെടെ, പടുകൂറ്റന്‍ കപ്പലുകള്‍ വരെ കൊച്ചിയിലെ വല്ലാര്‍പാടം ടെര്‍മിനലിലേക്ക് കൊണ്ടുവരാന്‍ കഴിയും. ഇത്തരം കപ്പലുകള്‍ ഇതേവരെ ഇന്ത്യയിലെ ഒരു തുറമുഖത്തും എത്തിയിട്ടില്ല.

ജലാശയങ്ങളുടെ ആഴം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ വന്‍കിട തുറമുഖങ്ങളില്‍ പോലും ഇത്തരം കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയാത്തത്. ഇന്ത്യയില്‍ ആദ്യമായി കൂറ്റന്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയും വിധത്തില്‍ കായലിന് ആഴം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് കൊച്ചിക്കാണ്.

മദര്‍ഷിപ്പുകള്‍ അടുക്കുന്ന വിസ്തൃതമായ തുറമുഖം ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ വ്യവസായമേഖല കനത്ത തിരിച്ചടികളാണ് നേരിടുന്നത്.

നിലവില്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പുമെന്‍റുകള്‍ക്കായി കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ തുറമുഖങ്ങളെയാണ് ഇന്ത്യന്‍ വ്യവസായമേഖല ആശ്രയിക്കുന്നത്. ഇപ്പോള്‍ മദര്‍ഷിപ്പുകളില്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറുകള്‍ ഈ തുറമുഖങ്ങളില്‍ ഇറക്കിയശേഷം അവിടെ നിന്ന് ചെറുകപ്പലുകളില്‍ കയറ്റിയാണ് ചരക്കുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിലേക്കുള്ള കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുന്നതും ഈ രീതിയിലാണ്.

കൊളംബോയില്‍ കഴിഞ്ഞ വര്‍ഷം 30 ലക്ഷത്തോളം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. ഇതില്‍ 70 ശതമാനവും ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നുള്ളവയായിരുന്നു. അതില്‍ തന്നെ 60 ശതമാനം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവ.

കൊളംബോയില്‍ നിന്ന് ടെര്‍മിനല്‍ കൊച്ചിയിലേക്ക് മാറ്റുമ്പോള്‍ ഒരു കണ്ടെയ്‌നറിന് 200 ഡോളര്‍ (ഏതാണ്ട് 9000ത്തോളം രൂപ) വരെ തെക്കേ ഇന്ത്യന്‍ വ്യവസായ സമൂഹത്തിന് ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇത് വ്യവസായ മേഖലയ്ക്ക് ശക്തിപകരും. ട്രാന്‍സ്‌പോര്‍ട്ടിങ് ചെലവ് മാത്രമല്ല, സമയനഷ്ടവും ഗണ്യമായി കുറയും. നേരത്തെ കൊളംബോയില്‍ ചരക്ക് എത്തിച്ച്, അവിടെനിന്ന് മറ്റു കപ്പലുകളില്‍ കയറ്റികൊണ്ടുവരുന്നതിന് ആഴ്ചകള്‍ തന്നെ വേണ്ടിവന്നിരുന്നു. മദര്‍ഷിപ്പുകള്‍ നേരിട്ട് വല്ലാര്‍പാടത്ത് കൊണ്ടുവരാന്‍ കഴിയുന്നതോടെ, ചരക്കുകള്‍ ദിവസങ്ങള്‍ക്കകം ലക്ഷ്യത്തില്‍ എത്തിക്കാം. ട്രാന്‍സ്ഷിപ്പ്‌മെന്‍റ് ചെലവുകളില്‍ മാത്രം ശരാശരി 1000 കോടി രൂപയുടെ നേട്ടം പ്രതിവര്‍ഷം വ്യവസായ മേഖലയ്ക്ക് ഉണ്ടാകുമെന്നാണ് കണക്ക്.

ഇപ്പോള്‍ ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക്, ചൈന പോലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉല്പാദനച്ചെലവ് കൂടുതലാണ്. ഇതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് സ്വാഭാവികമായി വില കൂടും. ഈ വിലവര്‍ധന ഇന്ത്യന്‍ വ്യവസായത്തെ ക്ഷീണിപ്പിക്കുകയാണ്. ചൈനപോലുള്ള രാജ്യങ്ങളുമായി നമുക്ക് മത്സരിക്കാനാവുന്നില്ല. ആഗോള വിപണി മലര്‍ക്കെ തുറന്നുകിടക്കുകയാണെങ്കിലും ഉല്പന്നങ്ങളുടെ വര്‍ധിച്ച വില നമുക്ക് തിരിച്ചടിയാകുന്നു.

ട്രാന്‍സ്‌പോര്‍ട്ടിങ് ചെലവുകള്‍ കുറയ്ക്കാനായാല്‍ നമ്മുടെ ഉല്പന്നങ്ങള്‍ക്ക് സ്വാഭാവികമായും വില കുറയും. ആഗോളവിപണിയില്‍ നമുക്ക് മുന്നേറാനും അവസരമൊരുക്കും. വല്ലാര്‍പാടം പദ്ധതിവഴി ഇന്ത്യന്‍ വ്യവസായത്തിനുണ്ടാകുന്ന ഏറ്റവും വലിയ മേന്മ, ഉല്പാദനച്ചെലവും അതുവഴി ഉല്പന്നവിലയും കുറയുമെന്നതുതന്നെയാണ്.

ആഗോളവിപണിയില്‍ ഇന്ത്യയുടേതായ വേറിട്ട ഒരുവഴി തുറന്നിടുവാന്‍ നമ്മുടെ വ്യവസായ സമൂഹത്തിന് കഴിയും.

ചരക്കുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിദേശരാജ്യങ്ങളില്‍ എത്തിക്കുവാന്‍ കഴിയുന്നതും മേഖലയ്ക്ക് നേട്ടമാകും. നല്ല ചരക്ക്, ഏറ്റവും വേഗത്തില്‍ എത്തിക്കാന്‍ കഴിയുന്നവര്‍ക്കാണ് ആഗോളവിപണിയില്‍ ഡിമാന്‍ഡ്. വിപണിയുടെ ഈ വെല്ലുവിളി നേരിടുവാന്‍ വല്ലാര്‍പാടം പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ വ്യവസായ സമൂഹത്തിന് കഴിയും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യവസായങ്ങള്‍ക്കാണ് കൂടുതല്‍ നേട്ടം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊളംബോയിലേക്ക് പോകുന്നത്. ഇടപാടുകള്‍ കൊച്ചി വഴി ആകുമ്പോള്‍ ദക്ഷിണേന്ത്യന്‍ വ്യവസായമേഖല കുതിച്ചുയരും.

ഉല്പന്നങ്ങളുടെ വിലക്കുറവ് ആഭ്യന്തര വിപണിയിലും ചലനങ്ങള്‍ സൃഷ്ടിക്കും. മൊത്തത്തില്‍ ഈ സംസ്ഥാനങ്ങളിലെ വ്യവസായങ്ങള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും ഇതുവഴി നേട്ടങ്ങളുണ്ടാകും.




MathrubhumiMatrimonial