vallarpadam head

വിസ്മയക്കാഴ്ചയായി വല്ലാര്‍പാടം റെയില്‍പ്പാത

Posted on: 09 Feb 2011


കൊച്ചി: പുഴയിലുയര്‍ത്തിയ തൂണുകളിലൂടെ വളഞ്ഞ് തിരിഞ്ഞ് അനന്തതയിലേക്ക് നീണ്ടുപോകുന്ന റെയില്‍പ്പാത... വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളിയിലേക്ക് നിര്‍മ്മിച്ച റെയില്‍പ്പാത ഒറ്റനോട്ടത്തില്‍ തന്നെ മനംകവരും 8.86കിലോമീറ്റര്‍ വരുന്ന പാതയില്‍ 4.62കിലോമീറ്റര്‍ പുഴയ്ക്കുമുകളിലൂടെ പാലത്തിലാണ് പോകുന്നത്. വേമ്പനാട് പാലമെന്നറിയപ്പെടുന്ന ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍പ്പാലം.

വല്ലാര്‍പാടത്ത് കപ്പലിറങ്ങുന്ന കണ്ടെയ്‌നറുകള്‍ തീവണ്ടിമാര്‍ഗം വിവിധ ദേശങ്ങളിലേക്ക് കൊണ്ടുപോകാനാണ് റെയില്‍പ്പാത ഒരുക്കിയത്. 364കോടി ചെലവില്‍ റെയില്‍വികാസ് നിഗംലിമിറ്റഡാണ് പാത യാഥാര്‍ത്ഥ്യമാക്കിയത്. അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡായിരുന്നു കരാറുകാര്‍. സമയബന്ധിതമായി മുന്നേറിയ നിര്‍മാണം കഴിഞ്ഞ മാര്‍ച്ച് 31ന് പൂര്‍ത്തിയായി. അന്നുതന്നെ തീവണ്ടി എന്‍ജിന്‍ പുതിയ പാതയിലൂടെ വല്ലാര്‍പാടത്ത് എത്തിച്ചു. ആര്‍.വി.എന്‍.എല്‍. ഡെപ്യൂട്ടിജനറല്‍ മാനേജര്‍ ജി. കേശവചന്ദ്രന്റെ മികവുറ്റ നേതൃത്വമാണ് വിസ്മയ റെയില്‍പ്പാത സാക്ഷാത്കരിച്ചത്. അനുബന്ധമായി ഇടപ്പള്ളിയില്‍ ആധുനിക റെയില്‍വേസ്റ്റേഷനും വൈദ്യുതി സബ്‌സ്റ്റേഷനും സജ്ജമായിട്ടുണ്ട്. വല്ലാര്‍പാടത്ത് ദുബായ്‌പോര്‍ട്ട് വേള്‍ഡാണ് റെയില്‍വേസ്റ്റേഷന്‍ നിര്‍മ്മിച്ചത്. പാതയുടെ വൈദ്യുതീകരണമടക്കമുള്ള എല്ലാ ജോലികളും പൂര്‍ത്തിയായി. വൈദ്യുതീകരിച്ച പാതയിലൂടെ കണ്ടെയ്‌നര്‍ റാക്കുകള്‍ കഴിഞ്ഞ ദിവസം വല്ലാര്‍പാടത്ത് എത്തിച്ചിരുന്നു.

ഇടപ്പള്ളിയില്‍ നിന്നും വടുതല എത്തിയാണ് പുതിയപാത വല്ലാര്‍പാടത്തേക്ക് തിരിയുന്നത്. സ്ഥലമേറ്റെടുപ്പിലെ തര്‍ക്കങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമായത്. നിലവില്‍ ഒറ്റലൈനാണെങ്കിലും മറ്റൊരു ലൈന്‍ കൂടി സ്ഥാപിക്കാന്‍ സൗകര്യമിട്ടിട്ടുണ്ട്. വല്ലാര്‍പാടം പദ്ധതിയുടെ രണ്ടാംഘട്ടത്തിനൊപ്പം പുതിയ ലൈനും പൂര്‍ത്തിയാകും.



MathrubhumiMatrimonial