vallarpadam head

ബിഗ് കൊച്ചി

Posted on: 09 Feb 2011

ആര്‍.റോഷന്‍




കൊച്ചിയില്‍ തുറമുഖാധിഷ്ഠിത മേഖലയില്‍ 20,000 കോടിയുടെ നിക്ഷേപം


കൊച്ചി കുതിപ്പിനൊരുങ്ങുകയാണ്; ആരും കൊതിക്കുന്ന ഒരു സ്വപ്‌നനഗരമായി മാറാന്‍. ചരിത്രകാലം മുതല്‍ തുറമുഖാധിഷ്ഠിതമായിരുന്നു കൊച്ചിയുടെ വികസനം. അതേ തുറമുഖം കേന്ദ്രീകരിച്ച് കൊച്ചി പുതിയൊരു ട്രാക്കിലേക്ക് കടക്കുകയാണ്; വികസനത്തിന്റെ അതിവേഗ ട്രാക്കിലേക്ക്.

അടുത്ത 8-10 വര്‍ഷത്തിനുള്ളില്‍ കൊച്ചിയില്‍ തുറമുഖാധിഷ്്ഠിത മേഖലയില്‍ വരുന്നത് 20,000 കോടി രൂപയുടെ നിക്ഷേപം. കൊച്ചിയിലെ തുറമുഖാധിഷ്ഠിത പദ്ധതികള്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഒതുങ്ങുന്നതല്ല. പ്രത്യേക സാമ്പത്തിക മേഖല, പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനല്‍, ബങ്കറിങ് ടെര്‍മിനല്‍, ക്രൂയിസ് ടെര്‍മിനല്‍, ആഴക്കടല്‍ തുറമുഖം, ബിപിസിഎല്ലിന്റെ എസ്.പി.എം പദ്ധതി, വെല്ലിങ്ടണ്‍ ഐലന്‍ഡിന്റെ സമഗ്ര വികസനം... അങ്ങനെ നീളുന്നു തുറമുഖാധിഷ്ഠിത വികസനം. ഇതില്‍ എസ്​പിഎം പദ്ധതി മാത്രമാണ് പൂര്‍ത്തിയായത്. ഈ പദ്ധതികള്‍ക്കെല്ലാം കൂടി മൊത്തം ഏതാണ്ട് 19,000-20,000 കോടി രൂപയുടെ നിക്ഷേപമുണ്ടാവുമെന്നാണ് കൊച്ചി തുറമുഖ ട്രസ്റ്റ് കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖാധിഷ്ഠിത നിക്ഷേപമായിരിക്കും ഇത്. കേരളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വികസനമാണ് ഇതുവഴി ഉണ്ടാവുക.


തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖലകള്‍
വല്ലാര്‍പാടത്തും പുതുവൈപ്പിനിലുമാണ് കൊച്ചി തുറമുഖ ട്രസ്റ്റിന്റെ തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്). 2006ല്‍ തന്നെ ഇവ കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രത്യേക സാമ്പത്തിക മേഖലയായി വിഞ്ജാപനം ചെയ്തിട്ടുണ്ട്.

വല്ലാര്‍പാടം സെസ് 115.25 ഹെക്ടറിലും പുതുവൈപ്പിനിലേത് 285.84 ഹെക്ടറിലുമാണ്. വല്ലാര്‍പാടം സെസ്സിനുള്ളിലാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിച്ചിരിക്കുന്നത്. ഇവിടെ, ശേഷിച്ച അഞ്ച് ഹെക്ടറില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് അവസരമൊരുക്കും. പുതുവൈപ്പിനിലെ തുറമുഖാധിഷ്ഠിത സെസ്സിലാണ് എല്‍എന്‍ജി ടെര്‍മിനലും ബിപിസിഎല്‍-കൊച്ചി റിഫൈനറിയുടെ എസ്​പിഎം പദ്ധതിയും. ബങ്കറിങ് ടെര്‍മിനലും ഇവിടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതികള്‍ കഴിഞ്ഞാലും ഇവിടെ ഒട്ടേറെ സ്ഥലം ബാക്കിയുണ്ട്. കയറ്റുമതി - ഇറക്കുമതി അധിഷ്ഠിത പദ്ധതികള്‍ക്കാവും ഇവിടെ സ്ഥലം അനുവദിക്കുക.

നിലവിലെ പദ്ധതികള്‍ക്ക് പുറമെ രണ്ട് പ്രത്യേക സാമ്പത്തിക മേഖലയിലും കൂടി ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

എല്‍എന്‍ജി ടെര്‍മിനല്‍

ഇന്ത്യയിലെ രണ്ടാമത്തെ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ടെര്‍മിനലാണ് കൊച്ചിയിലെ പുതുവൈപ്പിനില്‍ നിര്‍മാണം പുരോഗമിക്കുന്നത്. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് പുതുജന്മം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് എല്‍എന്‍ജി ടെര്‍മിനല്‍. വിദേശത്ത് നിന്ന് കപ്പലില്‍ കൊണ്ടുവരുന്ന ദ്രവീകൃത പ്രകൃതി വാതകം ടെര്‍മിനലില്‍ റീഗ്യാസിഫൈ ചെയ്ത ശേഷം ഫാക്ട് ഉള്‍പ്പെടെയുള്ള വ്യവസായ സംരംഭങ്ങളിലേക്ക് പൈപ്പ്‌ലൈനിലൂടെ എത്തിക്കും. നിലവില്‍ നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് എല്‍എന്‍ജി എന്ന ചെലവ് കുറഞ്ഞ ഇന്ധനം ആശ്വാസമേകും. ഒപ്പം എല്‍എന്‍ജിയില്‍ നിന്ന് ഊര്‍ജോത്പാദനത്തിനും പദ്ധതിയുണ്ട്. കായംകുളത്തെ ദേശീയ താപവൈദ്യുതി നിലയം (എന്‍ടിപിസി) എല്‍എന്‍ജിക്കായി കാത്തിരിക്കുകയാണ്. കൊച്ചിയിലെ വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും പൈപ്പ്‌ലൈന്‍ വഴി വാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ യാഥാര്‍ഥ്യമാകും.

പെട്രോനെറ്റ് എല്‍എന്‍ജി എന്ന കമ്പനിയാണ് 3,750 കോടി രൂപ ചെലവ് വരുന്ന എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതി നടപ്പാക്കുന്നത്. കൊച്ചി തുറമുഖ ട്രസ്റ്റ് 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ പുതുവൈപ്പിനിലെ 33.4 ഹെക്ടര്‍ സ്ഥലത്ത് അറബിക്കടലിന് അഭിമുഖമായാണ് പദ്ധതി ഒരുങ്ങുന്നത്. 25 ലക്ഷം ടണ്‍ ശേഷിയാണ് തുടക്കത്തില്‍. പിന്നീട് ഇത് ഇരട്ടിയാക്കും. 2012 ആദ്യ പാദത്തോടെ പദ്ധതി പ്രവര്‍ത്തനസജ്ജമാകും.


ക്രൂയിസ് ടെര്‍മിനല്‍

ആഡംബര യാത്രാക്കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമൊരുക്കുന്ന അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ ക്രൂയിസ് ടെര്‍മിനല്‍ ആയിരിക്കും ഇത്. സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ഈ പദ്ധതിയ്ക്ക് 392 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്. ക്രൂയിസ് ടെര്‍മിനല്‍ സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 150 ഓളം യാത്രാക്കപ്പലുകള്‍ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂയിസ് കപ്പലുകള്‍ എത്തുന്നത് കൊച്ചിയിലാണ്.

917 മീറ്റര്‍ നീളമുള്ള എറണാകുളം വാര്‍ഫിനോട് ചേര്‍ന്നാണ് 200 മീറ്റര്‍ നീളമുള്ള ആധുനിക ക്രൂയിസ് ജെട്ടി നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ യാത്രാ കപ്പലുകള്‍ക്ക് വരെ ബെര്‍ത്ത് ചെയ്യാന്‍ സൗകര്യമുണ്ടാവും. ഒരേ സമയം രണ്ട് കപ്പലുകള്‍ക്ക് നങ്കൂരമിടാം. ക്രൂയിസ് ജെട്ടിയോട് ചേര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടല്‍, ഷോപ്പിങ് മാള്‍, കേരള ഗ്രാമം എന്നിവ അടങ്ങുന്ന പബ്ലിക് പ്ലാസയും നിര്‍മിക്കുന്നുണ്ട്. പദ്ധതിയുടെ നിര്‍മാണം തുടങ്ങിയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ടെര്‍മിനല്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബങ്കറിങ് ടെര്‍മിനല്‍

വിദേശങ്ങളില്‍ നിന്ന് കൊച്ചിയിലെത്തുന്ന കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സൗകര്യമൊരുക്കുന്നതായിരിക്കും പുതുവൈപ്പിനിലെ നിര്‍ദ്ദിഷ്ട ബങ്കറിങ് ടെര്‍മിനല്‍ പദ്ധതി. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബങ്കറിങ് ടെര്‍മിനല്‍ എന്ന പ്രത്യേകതയും ഇതിനുണ്ടാവും. ഇതോടനുബന്ധിച്ച് മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനലും വിഭാവനം ചെയ്തിട്ടുണ്ട്.

വല്ലാര്‍പാടം ടെര്‍മിനല്‍, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ എന്നിവ സജ്ജമാകുന്നതോടെ കൊച്ചിയില്‍ പ്രതിവര്‍ഷം നൂറുകണക്കിന് വിദേശ കപ്പലുകള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കൊച്ചി തുറമുഖത്തെത്തുന്ന കപ്പലുകള്‍ക്ക് പുറമെ കൊച്ചിയോട് ചേര്‍ന്നുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെ നീങ്ങുന്ന വിദേശ കപ്പലുകള്‍ക്കും കൊച്ചി ബങ്കറിങ് ടെര്‍മിനലില്‍ നിന്ന് ഇന്ധനം ലഭ്യമാക്കും. ബങ്കറിങ് ടെര്‍മിനലില്‍ എത്താതെ തന്നെ ഇവയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ സൗകര്യമുണ്ടാവും. ഇന്ധനം നിറച്ച ബാര്‍ജുകള്‍ കപ്പല്‍ ചാലിലേക്ക് കൊണ്ടുപോയാവും ഇന്ധനം നല്‍കുക.

പുതുവൈപ്പിനിലെ തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖലയിലായിരിക്കും ടെര്‍മിനല്‍ നിര്‍മിക്കുക. പദ്ധതിക്ക് ആവശ്യമായ ഭൂമി തുറമുഖ ട്രസ്റ്റ് നല്‍കും. ഏതാണ്ട് 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 20 ലക്ഷം ടണ്‍ ശേഷിയായിരിക്കും ഉണ്ടാവുക. പിന്നീടിത് 50 ലക്ഷം ടണ്ണായി ഉയര്‍ത്തും. കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള ജെട്ടി, ഇന്ധന ടാങ്കുകള്‍ എന്നിവ അടങ്ങിയതായിരിക്കും പദ്ധതി. ഇന്ധനത്തിന് പുറമെ, കപ്പലുകള്‍ക്ക് വെള്ളം നിറയ്ക്കാനും സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാനുമുള്ള സൗകര്യം ഇവിടെ ഒരുക്കും. സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും കൊച്ചി തുറമുഖ ട്രസ്റ്റ് പദ്ധതി നടപ്പാക്കുക.

എസ്​പിഎം പദ്ധതി

ഭാരത് പെട്രോളിയം കോര്‍പ്പറേഷ (ബിപിസിഎല്‍)ന്റെ കൊച്ചി റിഫൈനറി നടപ്പാക്കിയ പദ്ധതിയാണ് സിംഗിള്‍ പോയന്റ് മൂറിങ് (എസ്​പിഎം) അഥവാ സിംഗിള്‍ ബോയെ മൂറിങ് (എസ്ബിഎം). ബിപിസിഎല്ലിന് വേണ്ടി വിദേശത്ത് നിന്ന് ഭീമന്‍ കപ്പലുകളില്‍ (വെരി ലാര്‍ജ് ക്രൂഡ് കാരിയര്‍ -വിഎല്‍സിസി) എത്തിക്കുന്ന ക്രൂഡോയില്‍ പുറംകടലില്‍ നിന്ന് സ്വീകരിച്ച് കൊച്ചി റിഫൈനറിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് എസ്​പിഎം. കടലില്‍ നിന്ന് തന്നെ ക്രൂഡ് ശേഖരിക്കാനുള്ള ബോയെയാണ് പദ്ധതിയിലെ പ്രധാന ഘടകം. 720 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ പദ്ധതി 2007 ഡിസംബറിലാണ് പ്രവര്‍ത്തനസജ്ജമായത്. എസ്​പിഎം സജ്ജമായതോടെ പ്രതിവര്‍ഷം കൊച്ചിയിലെത്തുന്ന ക്രൂഡ് ഓയില്‍ കപ്പലുകളുടെ എണ്ണം 110ല്‍ നിന്ന് പകുതിയായി കുറയും. കൂടുതല്‍ ശേഷിയുള്ള വിഎല്‍സിസി കപ്പലുകള്‍ വരുന്നതിനാലാണിത്. ഇതുവഴി ഗതാഗതച്ചെലവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

ആഴക്കടല്‍ തുറമുഖം

രാജ്യത്തെ കണ്ടെയ്‌നര്‍ ട്രാഫിക്കില്‍ ഉണ്ടാവുന്ന വന്‍വളര്‍ച്ച മുന്നില്‍കണ്ട് പുതുവൈപ്പിനില്‍ ആഴക്കടല്‍ തുറമുഖം വികസിപ്പിക്കാനൊരുങ്ങുകയാണ് തുറമുഖ ട്രസ്റ്റ്. ആഴക്കടലില്‍ 1,200 ഏക്കര്‍ വികസിപ്പിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ആഴക്കടലിലായതിനാല്‍ ഡ്രെഡ്ജിങ്ങിന്റെ ചെലവ് കുറവായിരിക്കും. 5 കിലോമീറ്റര്‍ പുലിമുട്ട് കെട്ടിയായിരിക്കും തുറമുഖം വികസിപ്പിക്കുക. 2,640 കോടി രൂപയാണ് പദ്ധതിക്ക് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍, ബള്‍ക്ക് കാര്‍ഗോ ടെര്‍മിനല്‍, ലിക്വിഡ് കാര്‍ഗോ ടെര്‍മിനല്‍ എന്നിവ അടങ്ങിയതായിരിക്കും പദ്ധതി. ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിന് തുടക്കത്തില്‍ 50 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാവും. ബള്‍ക്ക് കാര്‍ഗോ - ലിക്വിഡ് ടെര്‍മിനലുകള്‍ക്ക് മൊത്തം നാല് കോടി ടണ്‍ ശേഷിയുണ്ടാവും.

വെല്ലിങ്ടണ്‍ ഐലന്‍ഡിന്റെ സമഗ്ര വികസനം

കൊച്ചിയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പൂര്‍ണമായി വല്ലാര്‍പാടത്തേക്ക് മാറുന്നതോടെ വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ ബിസിനസ് ഡിസ്ട്രിക്ട് വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് തുറമുഖ ട്രസ്റ്റ്. ഐലന്‍ഡിന്റെ തെക്കന്‍ മേഖലയെയാണ് ബിസിനസ് ജില്ലയായി വികസിപ്പിക്കാനൊരുങ്ങുന്നത്. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ ആഴമുള്ള വാട്ടര്‍ ഫ്രണ്ടുകളില്‍ പലതും ഇപ്പോള്‍ ഷിപ്പിങ് ഏജന്‍സികളുടെയും മറ്റും ഓഫീസുകളാണ്. ഇത്തരം പ്രദേശങ്ങള്‍ തുറമുഖാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഒപ്പം മറ്റു പ്രദേശങ്ങളില്‍ വാണിജ്യ - ഓഫീസ് സമുച്ചയങ്ങള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, പാര്‍ക്കിങ് സ്‌പേസ് എന്നിവ നിര്‍മിക്കും. ഇത്തരത്തില്‍ ശാസ്ത്രീയമായ പുന:ക്രമീകരണത്തോടെയുള്ള സമ്പൂര്‍ണ ടൗണ്‍ഷിപ്പ് വികസിപ്പിക്കാനാണ് നീക്കം. ഇതിനായുള്ള സാധ്യതാപഠനം നടത്തുകയാണ്.

മറ്റു പദ്ധതികള്‍

ലക്ഷദ്വീപിലേക്കുള്ള കപ്പലുകള്‍ക്കായുള്ള പ്രത്യേക ബെര്‍ത്ത്, മത്സ്യബന്ധന ഹാര്‍ബറിന്റെ നവീകരണം എന്നിവയാണ് കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട മറ്റു പദ്ധതികള്‍. ലക്ഷദ്വീപിനായുള്ള ബെര്‍ത്ത് 37.52 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. 2010 ആഗസ്തില്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചു. 2011 നവംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏതാണ്ട് 10 കോടി രൂപ ചെലവിലാണ് മത്സ്യബന്ധന ഹാര്‍ബറിന്റെ നവീകരണവും വികസനവും നടപ്പാക്കുന്നത്.




MathrubhumiMatrimonial