githadharsanam

ഗീതാദര്‍ശനം - 711

Posted on: 06 Feb 2011

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


രഹസ്യങ്ങളില്‍ വെച്ച് രഹസ്യമാണ് ഈ അറിവെന്നതാണ് രണ്ടാമത്തെ പ്രസ്താവം. എല്ലാ അറിവും അത് കൈവരുവോളം രഹസ്യമാണല്ലൊ. ഉദാഹരണത്തിന്, കാഴ്ച കിട്ടുവോളം വെളിച്ചം രഹസ്യം. ഇതിനേക്കാള്‍ ആഴത്തിലുള്ള രഹസ്യമാണ് ബുദ്ധികൊണ്ടു നേടാവുന്ന അറിവ്. ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദം അത് പുറത്തിറങ്ങിയ കാലത്ത് ഭൂമിയില്‍ അദ്ദേഹമുള്‍പ്പെടെ ആകെ നാലുപേര്‍ക്കേ മനസ്സിലായിരുന്നുള്ളൂ എന്നു പറയാറുണ്ട്. മനസ്സിലാക്കാന്‍ കഴിയാത്ത അറിവ് അതിരഹസ്യംതന്നെ. അതിനേക്കാള്‍ രഹസ്യമാണ് ഇന്ദ്രിയമനോബുദ്ധികള്‍ക്ക് അതീതമായ അറിവ്.
ഇനി ഇതിലെ ഉപദേശങ്ങള്‍. ആദ്യത്തേത്, ഇപ്പറഞ്ഞ അറിവ് കമ്പോടുകമ്പ് വിമര്‍ശവിധേയമാക്കാനാണ്. എന്താണ് ഈ വിമര്‍ശമെന്നാല്‍? സയന്‍സിലെ അറിവുകളെ നിത്യജീവിതത്തിലെ അറിവുകളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നത് അവയുടെ വിമര്‍ശം. അതുപോലെ ഇപ്പറഞ്ഞ അറിവിനെ സയന്‍സിന്റെയും നിത്യജീവിതത്തിലെ അറിവുകളുടെയും ഉരകല്ലുകളില്‍ ഉരച്ചുനോക്കുന്നത് ഇതിന്റെ വിമര്‍ശം. ശരി എന്നു ബോധ്യപ്പെടാന്‍ ഇതേ വഴിയുള്ളൂ. ശരിയെന്നു ബോധ്യപ്പെടാതെ ഒരു ആശയവും ബുദ്ധിയുള്ള ആര്‍ക്കും സ്വീകാര്യമാവില്ല, ആകരുത്.
ആ വിമര്‍ശത്തിന്റെ സത്യസന്ധമായ അനുഭവഫലം എന്താണൊ അതനുസരിച്ചേ മുന്നോട്ടു പോകാവൂ എന്നാണ് രണ്ടാമത്തെ ഉപദേശം. ശരിയല്ല എന്നാണ് ബോധ്യം വരുന്നതെങ്കില്‍ സ്വീകരിക്കേണ്ടതില്ല. സമാനമായ സ്വാതന്ത്ര്യം ലോകത്ത് ഒരു മതഗ്രന്ഥവും അനുവദിക്കുന്നില്ല. അപ്പോള്‍, ഗീത ഒരു മതഗ്രന്ഥമല്ല, യുക്തിപൂര്‍വമായ സംവാദവും മനുഷ്യന്‍ എന്ന പ്രതിഭാസത്തിന്റെ കൈപ്പുസ്തകവും (user's manual) ആണെന്നര്‍ഥം.
അധ്യാത്മവിദ്യ പഠിപ്പിക്കുന്ന ഗുരു ശിഷ്യന്റെ അന്തഃകരണം എന്ന വയല്‍ അറിവുകൊണ്ടു പാകപ്പെടുത്തി അതില്‍ ശുദ്ധബോധച്ചെടിയുടെ വിത്തു പാകുക മാത്രമാണ് ചെയ്യുന്നത്. പിന്നെ ശിഷ്യന്‍തന്നെ പണിത് വിളയിച്ചെടുക്കണം. ഗുണഭേദമനുസരിച്ചും ജന്മവാസനപോലെയും ഇരിക്കും ആദ്യമൊക്കെ പുരോഗതി. മണ്‍തരവും അഭിരുചിയും പാകമല്ലെങ്കില്‍ പണി ക്ലേശകരവും ഫലം കുറവുമാകും. അതു രണ്ടും ആദ്യം പാകമാക്കണം. അതിനുമുണ്ട് പരമ്പരാഗതമായ വഴി.
(തുടരും)



MathrubhumiMatrimonial