githadharsanam

ഗീതാദര്‍ശനം - 709

Posted on: 03 Feb 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


പരിഭ്രമിച്ച് ചുറ്റിക്കൊണ്ടിരിക്കുമ്പോള്‍ ശരീരസംഘാതത്തിലെ അഹംബോധം അല്ലെങ്കില്‍ അഹംകരണം പരാപ്രകൃതിയിലെ വൈരുധ്യാത്മകതയില്‍ (മായയില്‍) തന്നെ ഇരിക്കുന്നു. പരിഭ്രമം തിരിച്ചറിഞ്ഞ് പുരോഗമിച്ചാല്‍ ഇതേ അഹംബോധം, വേറിട്ടുനില്‍ക്കുന്ന വാസനകളെ അലിയിച്ച് ശുദ്ധബോധവുമായി ക്രമേണ സാത്മ്യം പ്രാപിക്കുന്നു. തിരിച്ചറിവുണ്ടാകാനുള്ള കോപ്പ് മനുഷ്യന് കൈവന്നിരിക്കുന്നു. എങ്ങനെ ഹൃദയത്തിലൂടെ നിത്യസത്യസാത്മ്യം സാധിക്കാമെന്ന് അടുത്ത പദ്യത്തില്‍ തെളിച്ചുതന്നെ പറയുന്നു.
തമേവ ശരണം ഗച്ഛ
സര്‍വഭാവേന ഭാരത
തത് പ്രസാദാത് പരാം ശാന്തിം
സ്ഥാനം പ്രാപ്‌സ്യസി ശാശ്വതം
ഹേ ഭാരതാ, അതിനെ (ആ ഈശ്വരനെ) തന്നെ സര്‍വ പ്രകാരത്തിലും ശരണം പ്രാപിച്ചോളുക. അതിന്റെ (ഈശ്വരന്റെ) പ്രസാദത്താല്‍ പരമമായ ശാന്തിയുടെ ശാശ്വതസ്ഥാനം നീ പ്രാപിക്കും.
ഭാരതന്‍ എന്നാല്‍ പ്രകാശത്തില്‍ (പ്രഭ) താത്പര്യമുള്ളവന്‍ അഥവാ അറിവില്‍ സുഖം കാണുന്നവന്‍. (അറിവിന്റെ ആരാധകന്‍ എന്ന നിര്‍വചനത്തില്‍നിന്ന് ഭാരതീയന്‍ എത്ര മാറിപ്പോയി എന്ന ആത്മപരിശോധന അസ്ഥാനത്താവില്ല.)അറിവാണ് ജീവിതത്തില്‍ പ്രധാനമെന്നു കരുതുന്നവര്‍ ആ അറിവിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയ ഈശ്വരനെ അഭയം പ്രാപിക്കാതെ ജീവിതം എങ്ങനെ ധന്യമാക്കും? ശരിയായ അറിവ് നേടിയവര്‍ അഭയം പ്രാപിക്കുമ്പോള്‍ ആ സമീപനം സര്‍വപ്രകാരേണ ആവുകയും ചെയ്യും. കാണാനായതും കാണാനാവാത്തതുമെല്ലാം ഈശ്വരഭാവങ്ങളാണെന്ന ധാരണയോടെയാണ് അവര്‍ ശരണം പ്രാപിക്കുന്നത്. ഈ ഭക്തി അവനവന്റെ അഹംബോധത്തില്‍ത്തന്നെ ഈശ്വരനെ തെളിഞ്ഞുകണ്ട് അനുഭവിക്കാന്‍ വഴി തെളിയിക്കും. അപ്പോള്‍ ചിത്തപ്രസാദരൂപത്തില്‍ ഈശ്വരാനുഗ്രഹം അനുഭവിക്കാന്‍ തുടങ്ങും. തുടര്‍ന്ന് ശാശ്വതശാന്തിയും കോട്ടമേ ഇല്ലാത്ത ആത്മനിലയും െകെവരും.
ഗീതാദര്‍ശനസാരം മുഴുക്കെ ഈ പദ്യത്തില്‍ ആറ്റിക്കുറുക്കി ഒതുക്കിയിരിക്കുന്നു. അതിബൃഹത്തും അതിസങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ എല്ലാറ്റിനും അടിസ്ഥാനമായി ഒരുശക്തി ഉണ്ടാകാതെ തരമില്ലെന്ന യുക്തിയുടെ അടുത്ത പടി ആ ശക്തി പ്രപഞ്ചത്തിലെങ്ങും ഒരുപോലെ വ്യാപിച്ചിരിക്കുന്നു എന്ന നിഗമനമാണല്ലോ. അങ്ങനെ എങ്കില്‍ നാമും ഈ പ്രപഞ്ചത്തിന്റെ ഭാഗമായതിനാല്‍ അതില്‍ത്തന്നെയാണല്ലോ ഉള്ളത്. എന്നുവെച്ചാല്‍, നമ്മിലും അത് വ്യാപിച്ചിരിക്കുന്നു. നമ്മിലുള്ള മറ്റെല്ലാതും (ശരീരവും ബുദ്ധിയും) നാശമുള്ളതാകയാല്‍ ആ ശക്തി മാത്രമാണല്ലോ അപ്പോള്‍ നമ്മിലെ യഥാര്‍ഥ നാം.

(തുടരും)



MathrubhumiMatrimonial