
ഗീതാദര്‍ശനം - 707
Posted on: 01 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
കര്‍മബന്ധനത്തിന്റെ കുരുക്കഴിക്കാനുള്ള വഴി എല്ലാ സ്വാഭാവികകര്‍മങ്ങളും ഈശ്വരാര്‍പ്പണമായി ചെയ്യുകയാണെന്നിരിക്കെ, ഈശ്വരനെ കണ്ടുകിട്ടിയിട്ടു വേണ്ടേ അര്‍പ്പിക്കാന്‍? എവിടെയാണ് എളുപ്പത്തില്‍ കണ്ടുകിട്ടുക?
ഈശ്വരഃ സര്‍വഭൂതാനാം
ഹൃദ്ദേശേശര്‍ജുന തിഷുതി
ഭ്രാമയന്‍ സര്‍വഭൂതാനി
യന്ത്രാരൂഢാനി മായയാ
അല്ലയോ അര്‍ജുനാ, യന്ത്രത്തില്‍ ഘടിപ്പിച്ച പദാര്‍ഥങ്ങളെ എന്നപോലെ എല്ലാ പ്രപഞ്ചഘടകങ്ങളെയും തന്റെ മായകൊണ്ട് ഭ്രമിപ്പിച്ച് ഈശ്വരന്‍ അവയുടെയെല്ലാം ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു.
നമുക്കു ചുറ്റുമൊന്നു നോക്കിയാല്‍ ഈശ്വരന്റെ ഇരിപ്പും പ്രഭാവവും മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ഈശ്വരന്‍ എല്ലാ പ്രപഞ്ചഘടകങ്ങളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. അതിനാല്‍, ആദ്യമായി ഈശ്വരനെ അന്വേഷിക്കേണ്ടത് അവനവന്റെ സന്തം ഹൃദയത്തില്‍ത്തന്നെയാണ്.
ആകട്ടെ, ഹൃദയത്തില്‍ ഈശ്വരന്‍ ഉണ്ടെന്നതിന് തെളിവെന്താണ്? പ്രപഞ്ചത്തില്‍ എല്ലാതും അതതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതുതന്നെ. ഒരു മഹായന്ത്രത്തില്‍ ഘടിപ്പിക്കപ്പെട്ടപോലെയാണ് എല്ലാം പെരുമാറുന്നത്. ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനശക്തിയുടെ ഉറവിടം സര്‍വവ്യാപിയായ ഈശ്വരനല്ലാതെ മറ്റെന്താകാന്‍? ആ ഈശ്വരനില്‍നിന്ന് പരാപ്രകൃതി, ആ പരാപ്രകൃതിയില്‍നിന്ന് ശരീരങ്ങളും അവയുടെ കര്‍മങ്ങളും എന്ന ക്രമം വ്യക്തമല്ലേ? ഈശ്വരനെ കൂടാതെ പരാപ്രകൃതിയോ ശരീരങ്ങളോ കര്‍മങ്ങളോ ഉണ്ടാവുക വയ്യ. ത്രിമൂര്‍ത്തികളിലൊരാളായോ അവതാരങ്ങളിലൊന്നായോ ഒരു മതക്കാരുടെ മാത്രമായോ ഈശ്വരനെ ചെറുതായിക്കാണേണ്ടതില്ല. സര്‍വഭൂതാന്തരാത്മാവാണ് ഈശ്വരന്‍.
(തുടരും)
