
ഗീതാദര്‍ശനം - 702
Posted on: 25 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
ശരണാര്‍ഥിക്ക് ഈശ്വരതാത്പര്യം എന്ന ഒന്നില്‍നിന്നല്ലാതെ മറ്റേതെങ്കിലും സംഹിതയില്‍നിന്നു പുറപ്പെടുന്ന വിധികള്‍ ബാധകമല്ല. കാരണം, അവനവന്റെ ഹൃദയം തുറന്നുള്ള അന്വേഷണം അവനവന്‍തന്നെ നടത്തേണ്ടതാണ്. വേറെ ഒരു സംഹിതപ്രകാരമൊ വേറൊരാള്‍ പറഞ്ഞതുപോലെയൊ അല്ല അത് ചെയ്യുന്നത്. ഒരാളുടെ ഭക്തി എപ്രകാരമാകണം എന്ന് വേറൊരാള്‍ക്കും പറയാന്‍ കഴിയില്ല. സ്വന്തം ഹൃദയത്തിന്റെ സ്ഥിതി അവനവനും ഈശ്വരനും മാത്രമല്ലേ അറിയൂ? ഭക്തന്റെ ഹൃദയത്തില്‍ ഈശ്വരന്‍ സര്‍വഭൂതഹിതമായി തെളിഞ്ഞുനില്‍ക്കും. ആ തെളിവാണ് ഈശ്വരപ്രസാദം. അതു വികസിച്ചാണ് ഈശ്വരാവബോധം പുഷ്ടിപ്പെടുന്നത്. ആ പുഷ്ടിയിലൂടെയാണ് പരമപദപ്രാപ്തി.
ചേതസാ സര്‍വകര്‍മാണി
മയി സംന്യസ്യ മത്പരഃ
ബുദ്ധിയോഗമുപാശ്രിത്യ
മച്ചിത്തഃ സതതം ഭവ
എല്ലാ കര്‍മങ്ങളും മനസ്സുകൊണ്ട് എന്നിലര്‍പ്പിച്ച് എന്നെ പരമമായ പ്രാപ്യസ്ഥാനമായി കരുതി, ബുദ്ധിയോഗത്തെ അടിസ്ഥാനാശ്രയമാക്കിക്കൊണ്ട്, ഇടതടവില്ലാതെ എന്നെ മനസ്സിലുറപ്പിച്ചവനായി ഭവിക്കുക.
ഏര്‍പ്പെട്ടിരിക്കുന്ന ജോലികള്‍ക്കിടയിലും മനസ്സ് എപ്പോഴും ഈശ്വരനിലായാല്‍, ചെയ്യുന്ന പണിയില്‍ വേണ്ട വിധം ശ്രദ്ധിക്കാന്‍ കഴിയാതിരുന്നാലൊ എന്ന സംശയംകൂടി നിവാരണം ചെയ്യുന്നു.
ഏതു ജോലി ചെയ്യുമ്പോഴും കൗശലവിചാരവും കര്‍ത്തൃത്വവിചാരവും ഭോക്തൃത്വവിചാരവും ഒരുമിച്ച് മനസ്സിലുണ്ടാകുന്നു. കൗശലത്തിന്റെ കാര്യം ആദ്യം നോക്കാം. ചെയ്യുന്ന ജോലിയിലെ സാമര്‍ഥ്യം ഇച്ഛാഫലമായും അനിച്ഛാഫലമായും പ്രകടമാകാം. ഡ്രൈവിങ് നോക്കുക. നല്ല ബോധമില്ലാതെ വണ്ടി ഓടിച്ചാല്‍ എവിടെയെത്തുമെന്ന് ആര്‍ക്കാണറിയാത്തത്? ലക്ഷ്യബോധവും മനസ്സാന്നിധ്യവും അനിവാര്യം. അതിന്റെ കൂടെ പരിശീലനത്തില്‍നിന്നുണ്ടായ അനിച്ഛാപ്രതികരണങ്ങളും വേണം. കൈകള്‍ സ്റ്റിയറിങ്ങില്‍ പ്രവര്‍ത്തിക്കുന്നതും കാല്‍ ബ്രേക്കിലേക്കു ചെല്ലുന്നതും അനിച്ഛാപ്രതികരണമായിട്ടാണ് (ിവശാവന്ദമരറഹ്ൃ). നീണ്ട കാലത്തെ പരിചയംകൊണ്ട് അനിച്ഛാപ്രതികരണശേഷി വളരുന്നു. അങ്ങനെയാണ് കര്‍മത്തിലെ കൗശലവും വളരുന്നത്. ഇതേപോലെത്തന്നെയാണ് അധ്യാത്മവിദ്യയും.
