ശശികുമാറിന് സംഗീതം വെളിച്ചം

Posted on: 23 Jan 2011


കോട്ടയം: ശശികുമാറിന് നാദം വെളിച്ചമാണ്. സംഗീതം കാഴ്ചയും. ഓര്‍മവെച്ചുതുടങ്ങിയതുമുതല്‍ നാദശ്രുതി ലയങ്ങള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് പകരമായി. അതിലൂടെ കാഴ്ചയുള്ളവര്‍ കാണാത്ത ലോകങ്ങള്‍ കണ്ടു.
സംഗീതം തെളിച്ച വെളിച്ചത്തിലൂടെ മകളുടെ കൈയുംപിടിച്ചാണ് ശശികുമാര്‍ കലോത്സവ വേദിയിലെത്തിയത്. എച്ച്.എസ്. വിഭാഗം വയലിന്‍ മത്സരത്തിനെത്തിയ ആലപ്പുഴ ഈര എന്‍.എസ്.എസ്. എച്ച്.എസ്.എസ്സിലെ പാര്‍വതിദേവിയുടെ അച്ഛനും ഗുരുവുമാണ് ശശികുമാര്‍.
അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് ശശികുമാറിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ശശികുമാര്‍ ശബ്ദം കാഴ്ചയ്ക്ക് പകരമാക്കി. സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് സംഗീതം പഠിച്ചു. കുട്ടികളെ പഠിപ്പിച്ചു. 16 വര്‍ഷമായി തുരുത്തിയില്‍ പത്മശ്രീ കലാപീഠം എന്ന കലാപഠനകേന്ദ്രം നടത്തുന്നു.
പാര്‍വതിയെയും അനുജത്തി രണ്ടാം ക്ലാസുകാരി ഗായത്രിദേവിയെയും വയലിനും ശാസ്ത്രീയ സംഗീതവും പഠിപ്പിക്കുന്നത് ശശികുമാറാണ്. ഭാര്യ സിന്ധുവുള്‍പ്പെടെ സകുടുംബമായാണ് ശശികുമാര്‍ കലോത്സവത്തിനെത്തിയത്.
വയലിനില്‍ പാര്‍വതിക്ക് 'സി' ഗ്രേഡാണ് ലഭിച്ചത്.



MathrubhumiMatrimonial