തിരുവാതിരവേദിയിലെ നാടകം വിലക്ക്, എ ഗ്രേഡ്, പിന്നെ റദ്ദാക്കല്‍

Posted on: 21 Jan 2011


തിരുവാതിരകളിയില്‍ വൈകിയെത്തിയ മൂന്ന് ടീമിന് സംഘാടകരുടെ വക വിലക്ക്. ഉന്നത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 'വെറും പ്രദര്‍ശനത്തിന് മാത്രം അനുവാദം നല്‍കിയ സംഘാടകരുടെ തീരുമാനം അട്ടിമറിച്ച വിധികര്‍ത്താക്കള്‍ മൂന്നു ടീമിനും സമ്മാനിച്ചത് 'എ' ഗ്രേഡ്. പിന്നീട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, 'എ' ഗ്രേഡ് റദ്ദാക്കി. ടീമുകളെ അയോഗ്യരാക്കുകയും ചെയ്തു.
ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിര നടന്ന ആറാം വേദിയില്‍ ശരിക്കും അരങ്ങേറിയത് 'നാടക'മായിരുന്നു. സംഘാടകരും വിധികര്‍ത്താക്കളും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്.

തിരുവാതിര വേദിയില്‍ ചുവടുവയ്ക്കും മുമ്പേ പുറത്ത് ഉദ്വേഗഭരിതമായ രംഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരം കാര്‍മല്‍ എച്ച്.എസ്.എസ്, കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്, പള്ളുരുത്തി എസ്.ഡി.പി.വൈ. സ്‌കൂള്‍ എന്നീ ടീമുകള്‍ വൈകിയെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. രജിസ്റ്റര്‍ ചെയ്യേണ്ടസമയത്ത് എത്താത്തതിനാല്‍ സംഘാടകര്‍ ഇവര്‍ക്ക് മത്സരാനുമതി നിഷേധിച്ചു. ഇതോടെ രോഷവും നിരാശയും പൂണ്ട വിദ്യാര്‍ഥികളും രക്ഷിതാക്കളും സംഘാടകരെ വളഞ്ഞു. എന്നാല്‍, മത്സരിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്നായിരുന്നു സ്റ്റേജിന്റെ ചുമതലയുള്ള ഡി.ഡി.യുടെ നിലപാട്.
പിന്നീട് വിദ്യാര്‍ഥികള്‍ പരാതിയുമായി ഡി.പി.ഐ.യെ സമീപിച്ചു. വിദ്യാര്‍ഥികളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് പലയിടങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പ്രദര്‍ശന പ്രകടനത്തിന് ഡി.പി.ഐ. എ.പി.എം. മുഹമ്മദ് ഹനീഷ് അനുവാദം നല്‍കി. മത്സരഫലം പ്രഖ്യാപിക്കേണ്ടെന്നും തീരുമാനിച്ചു. മത്സരഫലം പ്രഖ്യാപിക്കില്ലെന്ന നിലപാട് മത്സരാര്‍ഥികള്‍ക്കൊപ്പം വന്ന അധ്യാപകരെ ഡി.പി.ഐ. അറിയിക്കുകയും ചെയ്തിരുന്നു.

മത്സരശേഷം ഫലം പ്രഖ്യാപിച്ചപ്പോള്‍ ഈ മൂന്നു ടീമിന്റെ നമ്പര്‍ എടുത്തു പറഞ്ഞാണ് വിധികര്‍ത്താക്കള്‍ 'എ' ഗ്രേഡുണ്ടെന്ന് അറിയിച്ചത്. പങ്കെടുത്ത മറ്റ് ടീമുകള്‍ക്കെല്ലാം 'എ' ഗ്രേഡ് എന്നും അറിയിച്ചു.
ഫലപ്രഖ്യാപനം വെട്ടിലാക്കിയത് സംഘാടകരെയാണ്. സംഭവമറിഞ്ഞ് ഡി.പി.ഐ. ഇടപെട്ടു. വിധികര്‍ത്താക്കള്‍ക്ക് പറ്റിയ തെറ്റാണ് ഫലപ്രഖ്യാപനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പിന്നീട് ഡി.പി.ഐ. തന്നെ വിധികര്‍ത്താക്കളുമായും സംഘാടകരുമായും പ്രശ്‌നം ചര്‍ച്ച ചെയ്തു. മൂന്നു ടീമന്റെയും 'എ' ഗ്രേഡ് റദ്ദാക്കി. ഇവരെ അയോഗ്യരാക്കുകയും ചെയ്തു.
സംഘാടകരും വിധികര്‍ത്താക്കളും തമ്മിലുള്ള ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഡി.പി.ഐ. എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. തിരുവാതിരകളിയില്‍ മത്സരിച്ച 26 ടീമിനും 'എ' ഗ്രേഡ്തന്നെ കിട്ടി.



MathrubhumiMatrimonial