githadharsanam

ഗീതാദര്‍ശനം - 698

Posted on: 21 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ഭൗതികജീവിതത്തില്‍ എന്തു നഷ്ടപ്പെട്ടാലും പിന്നെ ഒരു തിരിച്ചുവരവ് ഇല്ല. ഈ വിധം പുരോഗമിച്ച് അറിവ് തികയുമ്പോള്‍ ആനന്ദാനുഭൂതിയും പരമമായ അവസ്ഥയിലെത്തുന്നു. അപ്പോഴാണ്, താന്‍ ഉള്ളിലനുഭവിക്കുന്ന ആനന്ദബോധം ജഗത്താകെ നിറഞ്ഞിരിക്കുന്ന അനന്തസത്തയാണ് എന്ന് തീര്‍ത്തും അറിയുന്നത്.

ബ്രഹ്മഭൂതന്‍ പരംപൊരുളിന്റെ അവസ്ഥയുമായി താദാത്മ്യം പ്രാപിക്കുന്നു. ഇത് തിരിച്ചറിവിന്റെ ഫലമാണ്. വസ്തുതാപരമായി മുന്‍പില്ലാത്ത ഒന്നും അയാളില്‍ ഉണ്ടാകുന്നില്ല. എന്നുമെപ്പോഴും എല്ലാവരും ബ്രഹ്മമാണ്. ആ യാഥാര്‍ഥ്യത്തെ മറയ്ക്കുന്ന ആവരണങ്ങള്‍ (വഷ്) അഹങ്കരണത്തില്‍നിന്നും നീങ്ങിക്കിട്ടുകയാണ് ഇവിടെ സംഭവിക്കുന്നത്.

അങ്ങനെയുള്ള ഒരാള്‍ പരമാത്മാവിനെ തേടി ഉള്ളിലേക്കു ചെന്ന് 'ഞാന്‍' എന്ന അഹംബോധത്തിന്റെ വലക്കണ്ണികള്‍ ഒന്നൊന്നായി മുറിക്കുന്നു. 'ഞാന്‍' എന്നതിന്റെ ഓരോ പുറന്തോടും ഉള്ളിത്തൊലിപോലെ പൊളിയുമ്പോള്‍ ഉള്ളിലെ കാതലായ പരമാത്മസ്വരൂപം തെളിയുന്നു. ഈ പുറന്തോടുകളില്‍ 'ഞാന്‍' എന്നതിന്റെ ഭാഗമായി നമ്മള്‍ ബോധമനസ്സില്‍ പുലര്‍ത്തുന്ന ധാരണകളും അഹംബോധത്തിലെ കാതലായ വാസനകളും എല്ലാം ഉള്‍പ്പെടും.

ഈ ധാരണകളോ വാസനകളോ ഒന്നുംതന്നെ ഇല്ലാതെ പോയാല്‍ എന്റെ ഭൗതികജീവിതം അരക്ഷിതമാവില്ലെ എന്ന് ആദ്യമൊക്കെ സംശയിച്ചേക്കാം. പക്ഷേ, ഇങ്ങനെ ഓരോ പടി കയറുമ്പോഴും പ്രാപഞ്ചികജീവിതത്തില്‍ നിലനില്‍ക്കെത്തന്നെ പുരോഗമിക്കാനുള്ള പുതിയ സമവാക്യങ്ങള്‍ ഉള്ളില്‍ തെളിയുന്നു.

കര്‍മയോഗം ശീലിച്ച് എല്ലാ വിഹിതകര്‍മങ്ങളും ചെയ്തുകൊണ്ടു സ്വജീവിതത്തില്‍ത്തന്നെ ആത്മസ്വരൂപിയായി, സദാ സച്ചിദാനന്ദാവസ്ഥയില്‍ ഇരിക്കുന്ന ആള്‍ക്ക് പിന്നെ തുച്ഛമായ ഫലങ്ങളില്‍ എന്ത് ഇച്ഛ? എന്തിനു സ്വര്‍ഗം? എന്തിന് പുനര്‍ജന്മം? ഈ വക എല്ലാ കെട്ടുപാടുകളും വിട്ടൊഴിഞ്ഞ് പരമാത്മാവില്‍ മാത്രം നിലയുറപ്പിക്കുകയാണ് കാര്യം. സ്വര്‍ഗവും പുനര്‍ജന്മവുമെല്ലാം പൂര്‍ണമായി മറന്നേക്കാന്‍തന്നെയാണ് ആഹ്വാനം. ആത്മജ്ഞാനത്തിന്റെ അക്ഷയമായ ആനന്ദം എല്ലാ തുച്ഛമായ ഭൗതികസുഖങ്ങളെയും അവനവനെ പറ്റിയുള്ള തെറ്റായ ധാരണകളെയും അതിക്രമിക്കുന്നു.

അറിവിന്റെ പരമമായ അവസ്ഥയാണ് ഇത്. ബ്രഹ്മസമാനത എന്നാല്‍ അകത്തെ എല്ലാവിധ വിക്ഷേപങ്ങളും പ്രക്ഷോഭങ്ങളും അടങ്ങി തിരയിളകാപ്പാലാഴിയുടെ ശാന്തതയും ആനന്ദവും കൈവരലാണ്. ആലോചനത്തിരമാലകള്‍ ഇല്ലേ ഇല്ല. വൃത്തിയായ കണ്ണാടിയില്‍ പ്രകാശം പ്രതിഫലിക്കുന്നതുപോലെ ശുദ്ധബോധം അദ്ദേഹത്തില്‍ എന്നും പ്രതിബിംബിക്കുന്നു. അതിന്റെ ഭാവമാണ് പ്രസന്നത.

(തുടരും)



MathrubhumiMatrimonial