
ഗീതാദര്‍ശനം - 696
Posted on: 18 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
ആഹാരത്തിന്റെ കാര്യം പറഞ്ഞത് എല്ലാ ഭൗതികകാര്യങ്ങളെയും മൊത്തമായി ഉദ്ദേശിച്ചാണ്. എല്ലാം ഉപേക്ഷിക്കണമെന്നല്ല, ആവശ്യത്തിനേ ആകാവൂ എന്നു മാത്രം. ('ഒട്ടും ഉണ്ണാത്തവ'നും യോഗം ശീലിക്കാനാവില്ല എന്നു മുന്‍പെത്തന്നെ താക്കീതു തന്നിട്ടുണ്ട്.)
മനസ്സിന്റെ പ്രകടനമാണ് കര്‍മം. കര്‍മത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെ നിയന്ത്രിക്കാം. മനോവാക്കായങ്ങള്‍കൊണ്ട് അവശ്യം ചെയ്യേണ്ടുന്ന തപസ്സുകളെപ്പറ്റി മുമ്പ് പറഞ്ഞു. ഇതെല്ലാം ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളായാണ് വിസ്തരിച്ചത്.
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ എന്തു ചെയ്യുമ്പോഴും മനസ്സ് ആത്മധ്യാനത്തിലാക്കാന്‍ എളുപ്പമാകും. പക്ഷേ, അക്ഷമ പാടില്ല. ഒറ്റ ദിവസംകൊണ്ട് എല്ലാം നേടിയെ അടങ്ങൂ എന്ന വാശി ഉണ്ടാകരുത്.
ശല്യങ്ങളില്‍നിന്ന് ശാരീരികമായിത്തന്നെയോ മാനസികമായോ മാറിനിന്ന്, ഭൗതികാവശ്യങ്ങള്‍ ലഘൂകരിച്ച്, മനസ്സൊതുക്കത്തോടെ, വാക്കും ചെയ്തിയും നിയന്ത്രണത്തിലാക്കി, പ്രപഞ്ചത്തിന് അധിഷ്ഠാനമായ പരംപൊരുളിനെ ധ്യാനിക്കാം എന്നു ചുരുക്കം.
അഹങ്കാരം ബലം ദര്‍പ്പം
കാമം ക്രോധം പരിഗ്രഹം
വിമുച്യ നിര്‍മമഃ ശാന്തഃ
ബ്രഹ്മഭൂയായ കല്പതേ
അഹങ്കാരം, ബലം, ദര്‍പ്പം, കാമം, ക്രോധം, പരിഗ്രഹം എന്നിവയില്‍നിന്ന് മോചിതനായി നിര്‍മമനും ശാന്തനുമായാല്‍ ബ്രഹ്മസാക്ഷാത്കാരത്തിന് അര്‍ഹനായി എന്നുപറയാം.
തികഞ്ഞ ആന്തരികശാന്തതയാണ് സമാധി. തത്ത്വവിചാരംകൊണ്ട് ഭേദചിന്തയകന്ന് ശുദ്ധമായ ബുദ്ധിയാണ് അത് അനുഭവിക്കുക. ആ ബുദ്ധിക്ക് ഇന്ദ്രിയവിഷയങ്ങളിലുള്ള താത്പര്യത്തെയും കര്‍മങ്ങളുടെ വിജയത്തിലുള്ള ഉത്കണ്ഠയെയും മറികടന്ന്, എന്തു ചെയ്യുമ്പോഴും ആത്മനിഷ്ഠയില്‍ ഏകാഗ്രമാകാന്‍ കഴിയും. അപ്പോഴും പക്ഷേ, കര്‍മവാസനകള്‍ തുടര്‍ന്നു എന്നുവരാം. അവയും കര്‍മയോഗത്താല്‍ എരിഞ്ഞു തീരണം.
അഹങ്കാരം പോയാല്‍ എല്ലാ ദോഷവും പോയി. അപ്പോള്‍ പരാവിദ്യ വിളയിക്കാനുള്ള നിലം ഒരുങ്ങി. ഇങ്ങനെയുള്ള വയലില്‍ പരമാത്മാവിലുള്ള പരമഭക്തിയുടെ വിത്ത് താനേ മുളയ്ക്കുന്നു. മുളച്ചു കഴിഞ്ഞാലോ, അതിന്റെ വളര്‍ച്ച സ്വാഭാവികമാണുതാനും.
(തുടരും)
