
ഗീതാദര്‍ശനം - 693
Posted on: 13 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
തുരീയം എന്ന അവസ്ഥയില്‍ ഉള്ള ബോധാവസ്ഥ ശരീരം കേന്ദ്രമായി അല്ല. തികച്ചും അവാച്യമായ ആനന്ദാവസ്ഥയായ ഇത്, അതിനാല്‍, 'മനസ്സിലാക്കാന്‍' ആവില്ല. എല്ലാം അറിയുന്ന, എന്റെ എന്ന തോന്നലില്ലാത്ത, പരമാത്മാവിന്റെ സ്ഥിതിതന്നെ ഇത്. അതില്‍നിന്നാണ് ബോധത്തിന്റെ മറ്റു മൂന്നു തലങ്ങളും പ്രതിഫലിക്കുന്നത്. ഉണര്‍ന്നിരിക്കുന്ന അവസ്ഥയും ഒന്നും അറിയാത്ത സുഷുപ്തിയും സ്വപ്നം കാണുന്ന സ്വപ്നാവസ്ഥയും എല്ലാം ഏതില്‍നിന്നാണോ പ്രതിഫലിക്കുന്നത് അതിനെ ശുദ്ധബോധം എന്നു വിളിക്കുന്നു. അത് ഇല്ല എങ്കില്‍ ഈ കാണുന്ന ശരീരങ്ങളുടെ ബോധത്തിന്റെ വിവിധതലങ്ങളും ഇല്ല.
ഇങ്ങനെ ധ്യാനംകൊണ്ട് പരമാത്മാവില്‍ എത്താമെങ്കില്‍ നമുക്കും ഇതു സാധിക്കാത്തതെന്ത്? നമ്മുടെ ബോധം അശുദ്ധമായതിനാല്‍ മാത്രം. ഇന്ദ്രിയങ്ങളില്‍നിന്നും മനസ്സില്‍നിന്നും ഭൗതികാനുഭവങ്ങള്‍ നിരന്തരം മാറിമാറി വരുന്നു. അവയുടെയെല്ലാം അഴുക്കും പൊടിയും അവശിഷ്ടവും ബോധത്തില്‍ പതിയുന്നു. അനുഭവത്തിരമാല അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ ആഞ്ഞടിക്കുന്നു. നാനാഭാവങ്ങളുടെ നിറങ്ങളിലൂടെ മാത്രമാണ് നാം എല്ലാം അനുഭവിക്കുന്നത്. ഓരോ തിരയെയും നാം വേറെവേറെയായാണ് കാണുന്നത്. അഴുക്കും പൊടിയും പോയ ഒരുസ്ഥിതി ബോധത്തിന് കിട്ടുന്നേയില്ല. ചുരുക്കത്തില്‍, ബോധം എന്നതുതന്നെ സംഖ്യയില്ലാത്ത വിവിധാനുഭവങ്ങളുടെ ഒരു ചവറ്റുകൂടയായിപ്പോകുന്നു. അങ്ങോട്ട് തള്ളാനേ നമുക്കു നേരമുള്ളൂ, പിന്നെ ഇങ്ങോട്ട് എങ്ങനെ കിട്ടാന്‍? അനുഭവനിരപേക്ഷമായ അവസ്ഥയാണ് ബോധത്തിന്റെ ശുദ്ധസ്ഥിതി. മനസ്സുകൊണ്ട് ഒന്നുമേ ആലോചിക്കാതെ ഒരുനിമിഷം ഇരിക്കാന്‍ ശ്രമിച്ചാല്‍ അറിയാം നമ്മുടെ 'സ്വാതന്ത്ര്യ'ത്തിന്റെ മാറ്റ്!
അനുഭവസ്വരൂപമായ ബോധത്തെ ഇങ്ങനെ പലതായി വിഭജിക്കുന്ന രൂപങ്ങള്‍ ആഴത്തില്‍ പതിയാതിരുന്നാല്‍ ബോധം ശുദ്ധവും അഖണ്ഡവുമാകും. അങ്ങനെയാണ് ബോധാനുഭവത്തിലെ ഏറ്റവും ഉയര്‍ന്ന പടിയില്‍ എത്തുന്നത്. അതുതന്നെയാണ് ജ്ഞാനത്തിന്റെ പരാനിഷ്ഠ.
(തുടരും)
