
ഗീതാദര്‍ശനം - 690
Posted on: 10 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
എങ്കില്‍ കര്‍മത്തെ സമൂലം ഉപേക്ഷിക്കുകയല്ലേ വേണ്ടത്? സ്വധര്‍മമാണെങ്കില്‍ത്തന്നെ എന്തിന് ചെയ്യണം? ഈ ചോദ്യത്തിനാണ് സര്‍വകര്‍മപരിത്യാഗസിദ്ധാന്തം ആവിഷ്‌കരിച്ചവര്‍ തെറ്റായ ഉത്തരം നല്‍കിയത്. എല്ലാം ഉപേക്ഷിക്കുക എന്നതാണ് അവര്‍ കണ്ട പോംവഴി. കര്‍മങ്ങള്‍ അപ്പടി ഉപേക്ഷിച്ച് ഒരു നിമിഷംപോലും ജീവിച്ചിരിക്കാന്‍ കഴിയില്ലെന്ന ചിരിയാണ് ഇതിന് ഗീതാകാരന്റെ മറുപടി. അന്നപാനാദികള്‍ കൂടാതെ കഴിയുമോ? തീനും കുടിയുമൊക്കെ കര്‍മമാണല്ലോ. ശ്വാസം കഴിക്കാതൊക്കുമോ? അതുമൊരു കര്‍മമല്ലേ?
ആകട്ടെ, അങ്ങനെ എങ്കില്‍ ഈ ജീവിതംതന്നെ ഉപേക്ഷിക്കുന്നതല്ലേ ഉചിതം? അല്ല. കാരണം, ജീവിതം പരംപൊരുളിനാല്‍ ആവേശിതമായ പ്രകൃതിയുടെ സ്വാഭാവികസൃഷ്ടിയാണ്, പ്രപഞ്ചഹിതത്തിന്റെ സന്തതിയാണ്. ആ ഹിതം പാലിക്കലാണ്, അതിനെ നിരസിക്കലല്ല മോചനമാര്‍ഗം.
പക്ഷേ, കര്‍മം ചെയ്തുകൊണ്ടുതന്നെ അത് എങ്ങനെ സാധിക്കാം? വഴി ഉണ്ട്. അപ്പോള്‍ പിന്നെ സന്ന്യാസം എന്ന വാക്കിനുതന്നെ എന്താണ് അര്‍ഥം? സന്ന്യാസം വെറുമൊരു മിഥ്യാധാരണയാണോ? അല്ല. പറയുന്നു:
അസക്തബുദ്ധിഃ സര്‍വത്ര
ജിതാത്മാ വിഗതസ്പൃഹഃ
നൈഷ്‌കര്‍മ്യസിദ്ധിം പരമാം
സന്ന്യാസേനാധിഗച്ഛതി
ഒന്നിലും സംഗം ഇല്ലാത്തവനും ഇന്ദ്രിയങ്ങളെ ജയിച്ചവനും തൃഷ്ണകളൊന്നും ശേഷിച്ചിട്ടില്ലാത്തവനുമായ ആള്‍ കാമ്യകര്‍മങ്ങളെല്ലാം ഉപേക്ഷിക്കുന്നതിലൂടെ (സന്ന്യാസത്തിലൂടെ) കര്‍മനിരപേക്ഷത എന്ന സിദ്ധിയില്‍ എത്തിച്ചേരുന്നു.
