
ഗീതാദര്‍ശനം - 685
Posted on: 04 Jan 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
സ്വധര്‍മം സമൂഹധര്‍മവുമായി ഒത്തു പോകുന്ന മാതൃകാസമൂഹത്തില്‍ അഞ്ചു നിഷ്‌കര്‍ഷകളുണ്ട്: 1. അവശ്യവസ്തുക്കളുടെ (ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം, ശുചിയായ പരിസരം) ലഭ്യത എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. 2. ആരോഗ്യപരിപാലനരംഗത്തുള്ള സൗകര്യങ്ങള്‍ (ആസ്പത്രിയും ജീവന്‍രക്ഷാമരുന്നുകളും മറ്റും) ഏതു തരത്തിലുള്ള ആവശ്യക്കാരനും ഒരുപോലെ ലഭ്യമാകണം. 3. എല്ലാവര്‍ക്കും ഒരുപോലെ സമീപിക്കാന്‍ കഴിയുന്ന നീതിന്യായവ്യവസ്ഥ വേണം. 4. വിദ്യാഭ്യാസം, അത് ഏതു വരെ ആണെങ്കിലും, ഏതൊരു വിദ്യാര്‍ഥിയുടെയും ആവശ്യമനുസരിച്ച് ലഭ്യമാകണം. 5. ഈ സുസ്ഥിതി നാളെയും ഉണ്ടാകും എന്ന സുരക്ഷിതത്വബോധം വേണം. ഈ അഞ്ചിനും പരസഹായമില്ലാതെ വഴി ഉണ്ടാകുമ്പോഴേ, ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഏതൊരാള്‍ക്കും സുഖവും സമാധാനവും സമൂഹത്തില്‍ ശാന്തിയും ഉണ്ടാകൂ എന്നു തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല. ഈ സ്ഥിതിയില്‍ എത്താന്‍ സഹായിക്കാത്ത ഒരു ഭരണനയവും സമൂഹത്തിനു ഗുണം ചെയ്യില്ല, ആരു ഭരിച്ചാലും ശരി.
ഈ അഞ്ചു കാര്യങ്ങള്‍ക്കു പുറമേ, സന്തോഷമുള്ള സമൂഹത്തിന് രണ്ട് ആവശ്യങ്ങള്‍കൂടി ഉണ്ട്: 1. അഴിമതിരാഹിത്യം. 2. സാമ്പത്തികസമത്വം. നൂറു ശതമാനം സാമ്പത്തികസമത്വം സാധ്യമല്ല. എന്നാല്‍, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂട്ടുന്ന ഏതു ഭരണനയവും വിലയിരുത്തപ്പെടേണ്ടത് സമൂഹദ്രോഹമായിത്തന്നെയാണ്. രാജദ്രോഹമെന്നുപോലും അത്തരം നയത്തെ വിശേഷിപ്പിക്കാം. നയങ്ങള്‍ ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് ഗുണം ചെയ്താല്‍ പോരാ, സമൂഹത്തിന് മൊത്തമായി ഗുണം ചെയ്യണം. അതുപോലെ, ഏതു പുതിയ നിയമം ഉണ്ടാക്കുമ്പോഴും അതിന്റെ മറവില്‍ കൂടുതല്‍ അഴിമതിക്കു കോപ്പുണ്ടോ എന്നുകൂടി ആലോചിക്കേണ്ടതാണ്.
(തുടരും)
