githadharsanam

ഗീതാദര്‍ശനം - 682

Posted on: 01 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


സ്വകാര്യസ്വത്ത് എന്ന ആശയവും അതില്‍നിന്നുണ്ടാകുന്ന ആര്‍ത്തികളുമാണ് ഈ ദൂഷിതവലയത്തിന്റെ നാരായവേര്. പ്രകൃതിവിഭവങ്ങളെന്നപോലെ മനുഷ്യവിഭവവും ഏതാനും പേരുടെ സ്വകാര്യസ്വത്തായി മാറാം. അടിമക്കച്ചവടവും പണയപ്പണിയും (ബോണ്ടഡ് ലേബര്‍) ഉദാഹരണം. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യസ്വത്തായി മാറാന്‍ അവസരമുള്ള കാലംവരെ മൂലധനനിര്‍മിതിയും ആര്‍ത്തിയും സംഘര്‍ഷവും തുടരുമെന്നു കാണാന്‍ സാമാന്യബുദ്ധി മതി.

എന്നാലോ, ദരിദ്രരാക്കപ്പെടുന്ന ആളുകള്‍ വ്യവസ്ഥിതിയുടെ അധാര്‍മികതയെപ്പറ്റി ശരിയായി മനസ്സിലാക്കുകയല്ല, ചൂഷകരെ ഒരു വര്‍ഗമായിക്കണ്ട് അന്ധമായി വെറുക്കുകയാണ് ചെയ്യുന്നത്. ആ വെറുപ്പിന് രണ്ട് ഫലങ്ങളേ ഉള്ളൂ. ഒന്നുകില്‍, അയാളെ അനുകരിച്ച് പണക്കാരനായി അയാളെക്കാള്‍ വലിയവനാവുക. ഈ ഭോഗങ്ങളൊന്നും തനിക്ക് ആവശ്യമില്ലെങ്കിലും അതൊക്കെ ഉണ്ടാക്കി എല്ലാവരെയും കാണിക്കാന്‍ ശ്രമിക്കുക. ഇതിന് പഴുതില്ലെങ്കില്‍ അയാളെ നശിപ്പിക്കാന്‍ തക്കം പാര്‍ക്കുക. ഇതു രണ്ടും ഈ രോഗത്തിന് മരുന്നല്ല ആവുക എന്നു വ്യക്തമല്ലേ?
രോഗം നല്ലവണ്ണം മനസ്സിലായാലേ ഫലപ്രദമായ ചികിത്സ തുടങ്ങാനാവൂ. പരിതഃസ്ഥിതി മാറാന്‍ വ്യവസ്ഥിതി മാറണം. അതിന് മനഃസ്ഥിതി മാറണം. സ്വന്തം മനസ്സുകൂടി മാറണമെന്ന് പണക്കാരന്‍ മാത്രമല്ല, പണമില്ലാത്തവരും മനസ്സിലാക്കണം. താനൊരിക്കലും ചൂഷകനാവില്ല എന്ന് ചൂഷിതരും സ്വയം നിശ്ചയിക്കണം. മറ്റുള്ളവരുടെയും മറ്റുള്ളവയുടെയും സേവനത്തില്‍നിന്ന് താന്‍ എടുക്കുന്നതില്‍ കൂടുതലോ അത്രയും ഒക്കുകില്ലെങ്കില്‍ അതിനു തുല്യമായെങ്കിലുമോ തിരികെ കൊടുക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് തീരുമാനിക്കണം. അല്പംപോലും യാതനയോ വേദനയോ ആര്‍ക്കും ഉളവാക്കുന്ന, ആരെയും പ്രകൃതിയില്‍നിന്നോ സമൂഹത്തില്‍നിന്നോ അന്യവത്കരിക്കുന്ന യാതൊന്നും താന്‍ ചെയ്യില്ല എന്ന ഉറച്ച നിലപാടെടുക്കണം.
(തുടരും)



MathrubhumiMatrimonial