
ഗീതാദര്‍ശനം - 678
Posted on: 28 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ഗുണങ്ങളുടെ ചേരുവയ്ക്ക് നിയതമായ നിയമമൊന്നും ഇല്ല. ഏതളവുകളിലും അവ ചേരാം. അപ്പപ്പോള്‍ അല്പമാത്രമായി മുന്നിട്ടു നില്‍ക്കുന്ന ഗുണച്ചേരുവയ്ക്കനുസരിച്ച് സ്വഭാവം മാറാം. മനുഷ്യരുടെ സമൂഹത്തില്‍ ആണ്‍-പെണ്‍ അനുപാതം ഏറെക്കുറെ മാറാതെ സംഭവിക്കുന്നപോലെ ഗുണച്ചേരുവകളുടെ അനുപാതവും സമൂഹത്തിന്റെ മൊത്തമായ നിലനില്പിന് ആവശ്യമായ അനുപാതത്തില്‍ വരുന്നു എന്നു കരുതാം. മനുഷ്യസമൂഹത്തെ മൊത്തമായി ഒരു ശരീരമായി എടുത്താല്‍ ഈ അവയവവൈവിധ്യത്തിന്റെ സാംഗത്യം വ്യക്തമാവും. (ആ ശരീരത്തില്‍ ബുദ്ധിയുണ്ട്, കൈയൂക്കും നെഞ്ചൂക്കുമുണ്ട്, വയറും അന്നവുമുണ്ട്, അതിനെ ചലനത്തിനു സഹായിക്കുന്ന കൈകാലുകളുമുണ്ട്.) പ്രപഞ്ചത്തെ മൊത്തമായി ഒരു ശരീരമായി സങ്കല്പിച്ചാല്‍ ചരാചരഗുണഘടനയുടെ ചാരുത പിടി കിട്ടും.ഈ പാഠഭാഗത്തോടെ ഗീത ജന്മാര്‍ജിതമായ ജാതിത്വമെന്ന ആശയത്തെ ശാസ്ത്രീയമായി നിഷേധിക്കുകയും ആ ആശയത്തിന്റെ അവസാനത്തെ വേരും അറുത്തു കളയുകയും ചെയ്യുന്നു. രാജാവിന്റെ മകന് രാജാധികാരവും പണ്ഡിതന്റെ മകന് ഗുരുസ്ഥാനവും വൈശ്യന്റെ മകന് കച്ചവടവും കൃഷിക്കാരന്റെ മകന് കൃഷിയും തൊഴിലായി നിശ്ചയിക്കപ്പെട്ടപ്പോഴാണ് ഭരിക്കാന്‍ കഴിവില്ലാത്തവന്‍ രാജാവും അറിവില്ലാത്തവന്‍ ആചാര്യനും അതത് തൊഴിലില്‍ താത്പര്യവും അറിവുമില്ലാത്തവര്‍ കച്ചവടക്കാരും കൃഷിക്കാരുമായത്. ഏറ്റവുമേറെ ആവശ്യമായ ഉത്പാദന, സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി! സമൂഹത്തിലെ മാന്യതയും അധികാരശ്രേണിയും ഈ ക്രമത്തില്‍ നിജപ്പെടുകകൂടി ചെയ്തപ്പോള്‍ ചോദ്യം ചെയ്യാന്‍ ആരുമില്ലാതാകയും സമൂഹം കഴിവുകേടുകളുടെ അഞ്ചുകളിയാവുകയും ചെയ്തു.
സ്വയംഭവിക്കലാണ് സ്വഭാവം. ഓരോ മനുഷ്യനും സഹജവാസനകള്‍ ഉള്ളതോടൊപ്പം ജ്ഞാനകര്‍മഭക്തികളിലൂടെ പരമാത്മസാരൂപ്യത്തിനുള്ള സ്വാതന്ത്ര്യവും കൈമുതലായി ഉണ്ട്. അതിനുള്ള അവസരങ്ങള്‍ക്ക് തടയിടുന്ന ഏത് സമൂഹക്രമവും അനാശാസ്യവും അധോമുഖവുമാണ്.
