githadharsanam

ഗീതാദര്‍ശനം - 674

Posted on: 21 Dec 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


കൃത്രിമമായി ഉണ്ടാക്കാവുന്നവയല്ല ഈ സ്വഭാവങ്ങളൊന്നും. സ്വാഭാവികമായി ഉണ്ടാകേണ്ടതോ, ഇല്ലെങ്കില്‍ അറിവിലൂടെയും പരിശീലനത്തിലൂടെയും വരുത്താവുന്ന സ്വഭാവവ്യതിയാനംകൊണ്ട് ആര്‍ജിക്കേണ്ടതോ ആണ്. ഈ സ്വഭാവങ്ങളില്ലെങ്കില്‍ ബ്രാഹ്മണകുലത്തില്‍ ജനിച്ചാലും ബ്രാഹ്മണനെന്നു പറയാനാവില്ല. ഉണ്ടെങ്കില്‍, എവിടെ ജനിച്ചവനായാലും ബ്രാഹ്മണനായി ഗണിക്കാതെയും പറ്റില്ല. ഭാരതകഥയില്‍ വ്യാസരും വിദുരരുമെല്ലാം ബ്രാഹ്മണരായി ഇരിക്കുന്നു. ബ്രാഹ്മണനായി ജനിച്ച ദ്രോണര്‍ ക്ഷത്രിയനായും ഭവിക്കുന്നു. പരമ്പരയാ ആചരിച്ചു പോന്ന ജാതിധര്‍മത്തെയും കുലധര്‍മത്തെയും വര്‍ണമായി തെറ്റായി ധരിച്ച് അര്‍ജുനന്‍ ഒന്നാമധ്യായത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നേരത്തേതന്നെ നിഷേധിച്ച അതിന്റെ അടിയും പൊടിയുംകൂടി ഇവിടെ തൂത്തുവാരുന്നു. ദുരാചാരന്‍മാരില്‍ അഗ്രഗണ്യര്‍ക്കുപോലും ജന്മസ്വഭാവം മാറ്റാന്‍ കഴിയുമെന്ന് ഉറപ്പിച്ചു മുന്‍പേ പറഞ്ഞിട്ടുമുണ്ടല്ലോ ('ക്ഷിപ്രം ഭവതി ധര്‍മാത്മാ... ' - 9, 31).

മറ്റ് കൊള്ളരുതായ്മകളെയും ദുരാചാരങ്ങളെയും അന്യായങ്ങളെയും എന്നപോലെ പിഴച്ച ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്യാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന അറിവാണ് ഗീത. തെറ്റായി വായിക്കാതിരിക്കുക മാത്രം ചെയ്താല്‍ മതി.

ശൗര്യം തേജോ ധൃതിര്‍ദാക്ഷ്യം
യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച
ക്ഷാത്രം കര്‍മസ്വഭാവജം

ശൗര്യം, തേജസ്സ്, ധൃതി, ദാക്ഷ്യം, പോരില്‍ പിന്‍തിരിഞ്ഞോടായ്ക എന്നിവയും പിന്നെ ഈശ്വരഭാവവും ദാനശീലവും സ്വാഭാവികമായ ക്ഷത്രിയധര്‍മമാണ്.



MathrubhumiMatrimonial