githadharsanam

ഗീതാദര്‍ശനം - 673

Posted on: 19 Dec 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


'പിന്നെ, ജാതിയാണോ ബ്രാഹ്മണന്‍?' എന്ന ചോദ്യത്തിന് വജ്രസൂചികോപനിഷത്തിലെ അഞ്ചാം ശ്ലോകത്തിലെ മറുപടി ഇങ്ങനെ: 'അതും സാധ്യമല്ല. എന്തെന്നാല്‍, ഭിന്നജാതികളില്‍പ്പെട്ടവരില്‍നിന്ന് അനേകം മഹര്‍ഷിമാര്‍ ജനിച്ചിട്ടുണ്ടെന്ന് പറയപ്പെട്ടിരിക്കുന്നു. ഈ മഹര്‍ഷിമാരെല്ലാം ജാതി കൂടാതെത്തന്നെ ജ്ഞാനികളായിത്തീര്‍ന്നു. അതുകൊണ്ട്, ജാതിയും ബ്രാഹ്മണന്‍ എന്നു പറയാന്‍ സാധ്യമല്ല.'

ഇതേ രീതിയില്‍ത്തന്നെ, ജ്ഞാനമോ കര്‍മമോ ധര്‍മമോ അല്ല ബ്രാഹ്മണ്യത്തിന്റെ ലക്ഷണം എന്ന് സമര്‍ഥിച്ച ശേഷം, വജ്രസൂചികോപനിഷത്തിലെ ഒമ്പതാം ശ്ലോകത്തില്‍, ഗീതയിലെ പതിനെട്ടാമധ്യായം നാല്പത്തിരണ്ടാം ശ്ലോകത്തിന്റെ അതേ അര്‍ഥത്തില്‍ത്തന്നെ, ബ്രാഹ്മണന്‍ ആരെന്ന് വിസ്തരിക്കുന്നു: 'മനസ്സിന്റെ നിയന്ത്രണം (ശമം) ഉള്ളവനും ഇന്ദ്രിയങ്ങളുടെ നിയന്ത്രണം (ദമം) ഉള്ളവനും കാമരാഗാദിദോഷരഹിതനും മാത്സര്യതൃഷ്ണാതീതനും ദംഭാഹങ്കാരാദികളുടെ സ്​പര്‍ശലേശംപോലും ഇല്ലാത്തവനും ആയ ആള്‍. അദ്വിതീയവും ജാതിഗുണക്രിയാരഹിതവും സത്യജ്ഞാനാനന്ദസ്വരൂപവും സ്വയംവികല്പഹീനവും സകല കല്പങ്ങള്‍ക്കും ആധാരഭൂതവും സര്‍വഭൂതങ്ങളിലും അന്തര്യാമിയും ആകാശംപോലെ പുറത്തും അകത്തും വ്യാപിച്ചിരിക്കുന്നതും അഖണ്ഡാനന്ദസ്വരൂപവും അപ്രമേയവും അനുഭവൈകവേദ്യവും പ്രത്യക്ഷത്വേന ഭാസിക്കുന്നതും ആയ ആത്മാവിനെ കരതലാമലകംപോലെ സാക്ഷാത്കരിച്ച് കൃതാര്‍ഥനായിരിക്കുന്ന ആള്‍. അവന്‍തന്നെയാണ് ബ്രാഹ്മണന്‍ എന്നത്രേ ശ്രുതിസ്മൃതിപുരാണേതിഹാസങ്ങളുടെ അഭിപ്രായം. ഇതില്‍നിന്ന് ഭിന്നമായി മറ്റൊരു വിധത്തിലും ബ്രാഹ്മണ്യം സിദ്ധിക്കുകയില്ല. ആത്മാവ് തന്നെയാണ് സച്ചിദാനന്ദസ്വരൂപമെന്നും അദ്വിതീയമെന്നും ധരിച്ച് ബ്രഹ്മഭാവത്തെ മനുഷ്യന്‍ ഭാവന ചെയ്യേണ്ടതാണ്.' ഇത്രയും പറഞ്ഞ് വജ്രസൂചികോപനിഷത്ത് സമാപിക്കുന്നു.

ഇപ്പറഞ്ഞതില്‍ എല്ലാതും നിലപാടുകളോ മനോഭാവങ്ങളോ അറിവില്‍നിന്നുമുണ്ടായ സത്വഗുണപ്രധാനമായ ജീവിതചര്യകളോ ആണ്. നീണ്ട കാലത്തെ പരിശീലനത്തിലൂടെ അഥവാ, ചെയ്തിയിലൂടെ പോഷിപ്പിക്കേണ്ടതും ആര്‍ജിക്കേണ്ടവയുമാണ് ഇവയെന്നതിനാല്‍ കര്‍മങ്ങളായി പറയുന്നു. സത്വഗുണം വികസ്വരമായിരിക്കെ സമബുദ്ധി ഉണ്ടാവും. തിരിച്ചു പറഞ്ഞാല്‍ സമബുദ്ധി ഉണ്ടാക്കിയാല്‍ സത്വഗുണത്തെ വികസ്വരമാക്കാം. ആത്മസാരൂപ്യത്തില്‍ എത്താന്‍ സമബുദ്ധി കൂടാതെ കഴിയില്ല. അതിനാല്‍ അതിനെക്കുറിച്ച് ആദ്യം പറയുന്നു.
(തുടരും)






MathrubhumiMatrimonial