
ഗീതാദര്‍ശനം - 671
Posted on: 16 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
സമാവസ്ഥയുടെ ഗുണത്തെ സത്ത്വം എന്നും വികാസാവസ്ഥയുടെ ഗുണത്തെ രജസ്സെന്നും സങ്കോചാവസ്ഥയുടെ ഗുണത്തെ തമസ്സെന്നും വിളിക്കുന്നു.
എല്ലാ ഗുണങ്ങളുടെയും അധിഷ്ഠാനവും ഉറവിടവുമായ ഏകീകൃതബലമെന്ന പുരുഷോത്തമന് ഒരു ഗുണവുമില്ല. അതിനാലത് പരിണാമവും ഉല്പത്തിയും ഇല്ലാത്ത ശാശ്വതസത്തയാണ്. അതുമായി താദാത്മ്യം തരപ്പെട്ടാല്‍ എല്ലാ ഗുണങ്ങളില്‍നിന്നും അവയുടെ വികാരങ്ങളില്‍നിന്നും മോചനമായി, അലോസരങ്ങളവസാനിച്ച് ആനന്ദമായി, മോക്ഷമായി.
ചരാചരങ്ങള്‍ക്കെല്ലാം തനതായ ഗുണപ്രവൃദ്ധി ഉണ്ട്. മനുഷ്യര്‍ക്കുമുണ്ട്. വൈവിധ്യങ്ങളുടെ സാധ്യത അനന്തമാകയാല്‍ ഓരോ ആളിലും ഗുണങ്ങളുടെ ചേരുവയുടെ തരാതരം വ്യത്യസ്തം. ഒരേ ആളില്‍ത്തന്നെ സാഹചര്യം അനുസരിച്ചും മാറുന്നു. ബോധപൂര്‍വം മാറ്റിയെടുക്കയുമാവാം.
ഗുണച്ചേരുവകളുടെ കാര്യത്തിലുള്ള ഈ സമ്പൂര്‍ണമായ ബഹുസ്വരതയിലും പക്ഷേ, സമൂഹജീവിതത്തിലെ സൗകര്യത്തിനായി സമാനതകള്‍ കണ്ടെത്താം. ചിലര്‍ക്ക് ശാന്തതയാണിഷ്ടം, മറ്റു ചിലര്‍ക്ക് തിരക്കും ബഹളവുമാണ്. എവിടെ എന്തുതന്നെ നടന്നാലും എനിക്കെന്തെങ്കിലും ലാഭമുണ്ടാവണം എന്നേ ചിലര്‍ക്കുള്ളൂ. മനുഷ്യരെയോ മറ്റു ജീവജാലങ്ങളെയോ പരിചരിക്കാന്‍ ഇനിയൊരു കൂട്ടര്‍ ആഗ്രഹിക്കുന്നു. അന്നവും അവശ്യസാധനങ്ങളും ഉത്പാദിപ്പിച്ച് മനുഷ്യസമൂഹത്തെ നിലനിര്‍ത്തുന്നവരുടെ അഭാവത്തില്‍ ആര്‍ക്കും പുലരാനാവില്ല. ശാന്തസ്വഭാവക്കാര്‍ അറിവു നിലനിര്‍ത്തി തലമുറകളിലേക്കു പകരുന്നു. ഇവരില്ലാതെ സമൂഹത്തില്‍ പ്രകാശമില്ല. സാഹസപ്രകൃതികള്‍ സംഘര്‍ഷങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും അവസരങ്ങളില്‍ സമൂഹത്തിന്റെ രക്ഷകരാവുന്നു. ഇവരും കൂടിയേ തീരൂ. വാങ്ങിയും കൊടുത്തും ഉത്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നവരും അനുപേക്ഷണീയര്‍തന്നെ..
(തുടരും)
