
കാലാവസ്ഥാമാറ്റം: രോഗഭീഷണി ഉയര്‍ത്തുന്നതായി മുന്നറിയിപ്പ്
Posted on: 15 Dec 2010
-സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മാറുന്ന കാലാവസ്ഥ കേരളത്തില്‍ രോഗങ്ങള്‍ പടരുന്ന സ്ഥിതിയുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിവകുപ്പും ആസൂത്രണബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന, കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ദേശീയ ശില്പശാലയിലാണ് ഇതുസംബന്ധിച്ച നിരീക്ഷണങ്ങള്‍ ഉണ്ടായത്.
കൊച്ചി എ.ഐ.ഐ.എം.എസ്സിലെ ഡോ. ലീലാമണി, കൊല്ലം അസീസിയ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വൈ.എം. ഫസില്‍ മരക്കാര്‍, എ.ഐ.ഐ.എം.എസ്സിലെ ഡോ.കെ.എന്‍. പണിക്കര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസില്‍ വിഭാഗം പ്രൊഫ. ഡോ. സാറ വര്‍ഗീസ് തുടങ്ങിവയരുടെ വിലയിരുത്തലുകള്‍ ശില്പശാലയില്‍ ഏറെ ചര്‍ച്ചയായി.
ചൂടുകൂടുന്നത് ശ്വാസകോശ, ഹൃദയ, ചര്‍മരോഗങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകും. ചില പൂക്കളില്‍നിന്ന് കടുത്തവേനലില്‍ തുടര്‍ച്ചയായി പൂമ്പൊടി പരക്കുന്നത് കുട്ടികളില്‍ ആസ്ത്മയുണ്ടാക്കുന്നതാണ്. ആറ് ശതമാനം കുട്ടികളിലും രണ്ടുശതമാനം മുതിര്‍ന്നവരിലും ഇപ്പോള്‍ ആസ്ത്മ കാണുന്നുണ്ട്. പൊടിയും ചൂടും കൂടുന്നത് തുടര്‍ന്നാല്‍ അടുത്ത 10 കൊല്ലത്തിനുള്ളില്‍ ആസ്ത്മയെ തുടര്‍ന്നുള്ള മരണം 20 ശതമാനം കൂടും. അലര്‍ജിയും വ്യാപകമാവും. അന്തരീക്ഷത്തില്‍ പുക കൂടുന്നത് ഈ സാഹചര്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കും.
ശരാശരി ചൂടില്‍ നാലുമുതല്‍ അഞ്ചുവരെ ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍ മലേറിയ പടരാനുള്ള സാധ്യത 50 ശതമാനം കൂടുമെന്നും കണ്ടെത്തിയിട്ടുണ്ട്.
വരും വര്‍ഷങ്ങളില്‍ ചിക്കുന്‍ഗുനിയ മരണകാരണമായേക്കുമെന്നും സംശയമുണ്ട്. ഈ രോഗാണുവില്‍ ജനിതകമാറ്റം വന്നുതുടങ്ങിയതാണ് ഇതിന് കാരണം.
എലിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയവ സംസ്ഥാനത്ത് വര്‍ധിക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റമാണ് ഇതിന് പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 2006-07 ല്‍ കേരളത്തില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നതിന് പ്രധാനകാരണം കാലാവസ്ഥാവ്യതിയാനമായിരുന്നു. തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ എലിപ്പനിയുടെ രോഗാണുക്കള്‍ വ്യാപിക്കാന്‍ ഇടയാക്കും. എലികള്‍ താമസിക്കുന്ന ഓടകള്‍ നിറഞ്ഞ് കവിയുന്നതാണ് ഇതിന് കാരണം.
രോഗാണുക്കള്‍ക്ക് കൂടുതല്‍നാള്‍ ജീവിക്കാന്‍കഴിയുക, രോഗാണുക്കളെ വഹിക്കുന്ന ഈച്ചയ്ക്കും കൊതുകിനും വേഗം വളരാന്‍ കഴിയുക തുടങ്ങിയ സാഹചര്യങ്ങള്‍ക്ക് യോജിച്ച അന്തരീക്ഷം കേരളത്തില്‍ വ്യാപിക്കുകയാണ്. നീണ്ടുനില്‍ക്കുന്ന വേനല്‍ കുടിവെള്ളക്ഷാമം ഉണ്ടാക്കുകയും ജലമലിനീകരണത്തിലൂടെ രോഗങ്ങള്‍ വ്യാപിക്കാന്‍ ഇടയാവുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
ഓരോ വേനലിലും അപൂര്‍വരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും കേരളത്തില്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. പനി, ശരീരവേദന, കഴുത്തിലെ ഗ്രന്ഥികള്‍ വീങ്ങുക, ചുമ, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളുള്ള റൂബെല്ല കോട്ടയത്ത് പടര്‍ന്നത് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാല്‍വെള്ള, കൈവെള്ള, വായ് എന്നിവിടങ്ങളില്‍ പഴുപ്പുനിറയുന്ന കുരുക്കള്‍ ഉണ്ടാകുന്ന 'ഹാന്‍ഡ്-ഫുട്-മൗത്ത് ഡിസീസും' വ്യാപകമാകുന്നുണ്ട്.
ശില്പശാലയുടെ രണ്ടാംദിവസമായ ബുധനാഴ്ച നടന്ന വിവിധ സെമിനാറുകളില്‍ ഡോ.പ്രസാദറാവു, ഡോ. കെ. രാജേന്ദ്രന്‍, ഡോ.റോക്‌സി മാത്യു, പ്രൊഫ. പി.വി.ജോസഫ്, സൗരവ് ഭരദ്വാജ്, ഡോ. മോഹനകുമാരന്‍ നായര്‍,ഡോ.ഇ. വിവേകാനന്ദന്‍, പ്രൊഫ. മധുസൂദനക്കുറുപ്പ്, ഡോ.എന്‍.ആര്‍. മേനോന്‍, ബി.എം.എസ്. റാഥോര്‍, ഡോ.രേണുസിങ്, ഡോ.കെ.വി.ശങ്കരന്‍, വനം പ്രിന്‍സിപ്പില്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വി.കെ.സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്പശാല വ്യാഴാഴ്ച സമാപിക്കും.
