githadharsanam

ഗീതാദര്‍ശനം - 666

Posted on: 11 Dec 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


യജ്ഞഭാവനയോടെ സ്വധര്‍മം ചെയ്യുമ്പോള്‍ കിട്ടുന്ന ആഹ്ലാദവും ഇതുതന്നെ. ഞാന്‍ കലാസൃഷ്ടി നടത്തുന്നത് എനിക്കുവേണ്ടിത്തന്നെ എന്നു ശഠിക്കുന്ന കലാകാരനെ അവിശ്വസിക്കേണ്ടതില്ല. അയാള്‍ സമൂഹത്തെയോ പ്രപഞ്ചത്തെയോ വിസ്മരിച്ചതിന്റെ ലക്ഷണമല്ല ഇത്.
ചിന്തകളെ തിരിച്ചറിയാനും അവയില്‍ ആവശ്യമായത് നിലനിര്‍ത്തി അനാവശ്യമായതിനെ തുടച്ചു നീക്കാനും പരിശീലനംകൊണ്ട് കഴിയും. ബുദ്ധിക്ക് ഇങ്ങനെ കൈവരുന്ന തെളിമ ആശങ്കകളില്‍നിന്ന് മോചനം നല്‍കി ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യും. ഏകാഗ്രതകൊണ്ടും ധ്യാനംകൊണ്ടും ഇതു നേടാം.
ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സന്തോഷങ്ങള്‍ക്കുമുപരിയായി, ഭക്തനും ഗുണാതീതനും സ്ഥിതപ്രജ്ഞനും ഇടതടവില്ലാതെയും മറ്റൊന്നിനെയും ആശ്രയിക്കാതെയും കിട്ടുന്ന സുഖമാണ് ആനന്ദം .
മാതൃകാപരമായ സുഖം പുറത്തുനിന്നു വരുന്നതോ ആരെങ്കിലും നല്‍കുന്ന എന്തിനെയെങ്കിലും ആശ്രയിച്ചുള്ളതോ അല്ല. അത് ആത്മസാരൂപ്യത്തില്‍ തത്പരമായ ബുദ്ധിയുടെ പ്രസാദമാണ്. രണ്ട് പൂവിതളോ, ചന്ദനമരച്ചതെന്ന പേരില്‍ അല്പം അറക്കപ്പൊടി കുതിര്‍ത്തതോ അല്ല, ഈ പ്രസാദമാണ് നമുക്ക് ഈശ്വരദര്‍ശനത്തില്‍നിന്നു കിട്ടുന്നതും കിട്ടേണ്ടതും.

വിഷയേന്ദ്രിയസംയോഗാത്
യത്തദഗ്രേശമൃതോപമം
പരിണാമേ വിഷമിവ
തത്‌സുഖം രാജസം സ്മൃതം

യാതൊരു സുഖം വിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സംയോഗത്തില്‍നിന്ന് ഉണ്ടാകുക കാരണം, തുടക്കം അമൃതതുല്യമായും ഒടുക്കം വിഷംപോലെയും ഇരിക്കുന്നുവോ ആ സുഖം രാജസമെന്നറിയപ്പെടുന്നു.

(തുടരും)



MathrubhumiMatrimonial