githadharsanam

ഗീതാദര്‍ശനം - 664

Posted on: 08 Dec 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം



മനസ്സിന് സുഖം തരുന്നതാണ് രണ്ടാമത്തെ ഇനം. മനുഷ്യസമൂഹത്തിനു പൊതുവെ ഉള്ളതാണ് മാനസികോല്ലാസത്തിനുള്ള പലവിധ ഉപാധികള്‍. ഹോബികള്‍, അന്വേഷണങ്ങള്‍, കളികള്‍, സൗഹൃദങ്ങള്‍, എന്നിങ്ങനെ പലതും. മനസ്സ് ഇതില്‍ പൂര്‍ണമായി ലയിക്കുമ്പോഴാണ് സന്തോഷം. ഈ ഉല്ലാസങ്ങള്‍ക്കായി പലപ്പോഴും ഇന്ദ്രിയസുഖങ്ങളെ സ്വമേധയാ ത്യജിക്കുന്നു. അതിനാല്‍ ഈ തലത്തിലെ സന്തോഷം ഇന്ദ്രിയതലത്തിലുള്ളതിനേക്കാള്‍ സൂക്ഷ്മവും ശക്തവുമാണ്. മാനസികോല്ലാസങ്ങളില്‍ മിക്കതും സമൂഹജീവിതത്തിലെ ധാരണകളുടെ പ്രബലസ്വാധീനത്തിലുമാണ്. പക്ഷേ, ഈ ഉല്ലാസങ്ങളും ഏറെക്കുറെ താത്കാലികങ്ങളാണ്.

യത്തദഗ്രേ വിഷമിവ
പരിണാമേശമൃതോപമം
തത് സുഖം സാത്വികം പ്രോക്തം
ആത്മബുദ്ധിപ്രസാദജം

യാതൊരു സുഖം തുടക്കത്തില്‍ വിഷംപോലെയും ഒടുക്കം അമൃതുപോലെയും ഇരിക്കുന്നുവോ, ആത്മബുദ്ധിയുടെ പ്രസന്നതയില്‍നിന്നുണ്ടാകുന്ന ആ സുഖം സാത്ത്വികമത്രെ.

അവശനായ ഒരാളെ പ്രതിഫലേച്ഛ കൂടാതെ സഹായിക്കാന്‍ പറ്റിയാല്‍ നമുക്ക് ഉണ്ടാകുന്ന ആഹ്ലാദമാണ് (delight) ഇത്. ഇതില്‍ പ്രകാശത്തിന്റെ (light) സാന്നിധ്യമുണ്ട്. ആ വെളിച്ചം അനുഭവിക്കുന്തോറും നമുക്ക് നമ്മെപ്പറ്റി ശരിയായ വെളിപാട് (enlightenment) ഉണ്ടാവും. സ്വധര്‍മം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സുഖം ഇത്തരമാണ്. സര്‍ഗാത്മകതയില്‍ അഭിരമിക്കേ, കലാകാരന്‍ ഈ ആഹ്ലാദമാണ് അനുഭവിക്കുന്നത്. കാറ്റിലാടുന്ന പൂങ്കുലപോലെ അയാള്‍ അതില്‍ ലയിച്ചു പോകുന്നു.

(തുടരും)



MathrubhumiMatrimonial