
ഗീതാദര്‍ശനം - 660
Posted on: 04 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
പുണ്യകര്‍മങ്ങള്‍ ചെയ്താല്‍ മനസ്സ് സന്തോഷഭരിതമാവുന്നു. എന്നാല്‍ അതു മനസ്സിലാകാതെ, ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് കൃത്യമായ ഭൗതികഫലം കിട്ടണം എന്ന് രജോഗുണക്കാരന്‍ ആഗ്രഹിക്കുന്നു. ''ചിലരൊക്കെ എന്തൊക്കെ വൃത്തികേടുകള്‍ ചെയ്ത് പണം സമ്പാദിക്കുന്നു, എന്നിട്ടിതാ അവരൊക്കെ സുഖമായി ജീവിക്കുന്നു. ഞാന്‍ എന്തെല്ലാം പുണ്യകര്‍മങ്ങള്‍ ചെയ്തു ! എന്നിട്ട് എന്നോടെന്താ ഈശ്വരന്‍ ഇങ്ങനെ ?'' എന്നൊക്കെ വിചാരിക്കുന്നവരും പറയുന്നവരും വിരളമല്ലല്ലൊ.
രാജസബുദ്ധിക്കാര്‍ സ്ഥാനമാനങ്ങളും അധികാരവും നേടാന്‍ അര്‍ഥത്തെ ആശ്രയിക്കുന്നു. വിഷയസുഖം ഇച്ഛിച്ച് കാമത്തെയും ആശ്രയിക്കുന്നു. ഇങ്ങനെ പുരുഷായുസ്സു മുഴുവന്‍ കഷ്ടപ്പെടുന്നു, കക്കുകയും കൈക്കൂലി വാങ്ങുകയും ഒടുവില്‍ പിടിക്കപ്പെടുകയും ചെയ്യുന്നു. പലപ്പോഴും മക്കള്‍തന്നെ ആ സ്വത്തു മുഴുവന്‍ മുടിക്കുന്നതു കാണേണ്ടിയും വരുന്നു. ഏകാശ്രയമായ അറിവാകട്ടെ, രാജസബുദ്ധിക്ക് അടിമപ്പെട്ടവര്‍ക്ക് സമ്പാദിക്കാന്‍ പറ്റുകയുമില്ല. ജീവിതം വൃഥാവിലായിപ്പോയി എന്നു തോന്നുമ്പോഴേക്കും ജീവിതംതന്നെ തീരുന്നു. എത്ര സങ്കടകരമായ അവസ്ഥ !
ധര്‍മാര്‍ഥകാമങ്ങള്‍ തേടുന്നത് പരമപുരുഷാര്‍ഥമായ മോക്ഷത്തിലേക്കുള്ള വഴിയില്‍ പാഥേയങ്ങളെന്ന നിലയില്‍ മാത്രമാണെന്നാണ് സത്വഗുണക്കാരന്റെ രീതി. ഇവയോട് അടിമത്തമൊ എന്തിനെയെങ്കിലും പറ്റിയുള്ള കൊതിപ്പിക്കുന്ന സങ്കല്പങ്ങളൊ അതില്‍നിന്ന് ഉണ്ടാകുന്ന 'ഇങ്ങനെയൊക്കയാണ് ഞാന്‍' എന്ന ധാരണകളൊ അവര്‍ക്കില്ല. എന്നാല്‍ രജോഗുണമുള്ളവര്‍ ഉപാധിയെ ലക്ഷ്യമെന്ന് തെറ്റായി ധരിക്കുന്നു. അപ്പോള്‍ ഫലേച്ഛ അവരെ വാസനാബന്ധത്താല്‍ തളയ്ക്കുന്നു. തീര്‍ഥാടനത്തിനിറങ്ങിയവര്‍ വഴിച്ചന്തകളിലെ ചന്തങ്ങളില്‍ ഭ്രമിച്ച് നട്ടംതിരിയുന്ന സ്ഥിതി!
(തുടരും)
