githadharsanam

ഗീതാദര്‍ശനം - 659

Posted on: 03 Dec 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


യയാ തു ധര്‍മകാമാര്‍ഥാന്‍
ധൃത്യാ ധാരയതേശര്‍ജ്ജുന
പ്രസംഗേന ഫലാകാംക്ഷീ
ധൃതിഃ സാ പാര്‍ഥ രാജസീ

ഹേ കുന്തീപുത്രാ, (ഞാന്‍, എന്റേത് എന്നിങ്ങനെയുള്ള) അതിയായ സംഗം നിമിത്തം സദാ കര്‍മഫലത്തില്‍ മനസ്സുടക്കിയ ഒരാള്‍ ഏതൊരു ധാരണാശക്തികൊണ്ട് ധര്‍മം, കാമം, അര്‍ഥം എന്നിവയെ നിലനിര്‍ത്തിപ്പോരുന്നുവൊ, ആ ധൃതി രാജസമാണ്.

ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നു നാലാണല്ലൊ പുരുഷാര്‍ഥങ്ങള്‍. ഈ നാലും നേടാന്‍ ധൃതി അനിവാര്യമാണ്. ഇതില്‍ മോക്ഷം മാത്രം ഒരു നേട്ടമല്ലെന്ന വ്യത്യാസമുണ്ട്. അതൊരു എത്തിച്ചേരലൊ ആയിത്തീരലൊ ആണ്.

മറ്റു മൂന്നു പുരുഷാര്‍ഥങ്ങളും നേടാനുള്ള ധൃതിയില്‍ ഫലേച്ഛ ആദ്യവസാനം നിലനില്‍ക്കാം. ധര്‍മനിര്‍വഹണം സ്വര്‍ഗപ്രാപ്തിക്കാണെന്ന് വേദങ്ങള്‍ പറയുന്നു. അങ്ങനെ കരുതിയാലും ഫലേച്ഛയായി.

മനുഷ്യസമൂഹത്തില്‍ നീതിന്യായങ്ങള്‍ നിലനിര്‍ത്തുവാന്‍ ഉപാധിയായി രൂപപ്പെട്ടിട്ടുള്ള ധാരണകളാണ് ധര്‍മങ്ങള്‍. ധര്‍മത്തിനു വേണ്ടി അഹങ്കാരത്തോടെയും 'ഞാനാണ് ഇതൊക്കെ ചെയ്യുന്നത്, ഞാനാണ് ഇതെല്ലാം ശരിയാക്കേണ്ടത്' എന്ന വിശ്വാസത്തോടെയും മറ്റുള്ളവരെ തിരുത്താന്‍ നോക്കുന്ന കര്‍മം രാജസമാണ്. അതിന് ഉദ്ദേശിച്ച ഫലമല്ല ഉണ്ടാവുക. ഏതു കാലത്തും തെറ്റിനേക്കാള്‍ കൂടുതല്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നത് 'ശരിക്കുവേണ്ടിയുള്ള' ഇത്തരം നിലപാടുകളാണ്. നീതിയെച്ചൊല്ലി തര്‍ക്കിക്കുന്ന ആളുകളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം എളുപ്പം മനസ്സിലാകും; രണ്ടു ഭാഗത്തും ശരി അല്പമെങ്കിലും ഉണ്ടെന്ന്. തര്‍ക്കം ധര്‍മത്തിന്റെയും നീതിയുടെയും പേരിലാണെങ്കിലും പ്രധാനകാരണം മറഞ്ഞിരിക്കുകയാണ്; അഹങ്കാരമാണത്. രജോഗുണമാണ് അവിടെ പ്രകടം.

(തുടരും)



MathrubhumiMatrimonial