githadharsanam

ഗീതാദര്‍ശനം - 652

Posted on: 25 Nov 2010


മോക്ഷ സംന്യാസയോഗം


ഇനി കര്‍ത്താവ് എന്നതിനെ കുറച്ചുകൂടി ആഴത്തില്‍ പഠിക്കാന്‍ തുടങ്ങുകയാണ്. കര്‍മത്തെ 'കീറിപ്പരിശോധനമേശ'യില്‍ കിടത്തി സൂക്ഷ്മവിശകലനം നടത്തിയപ്പോള്‍ മനുഷ്യജന്മത്തില്‍ കര്‍മത്തെ ശരിപ്പെടുത്താനുള്ള ഉപാധി കര്‍ത്താവായ 'ഞാന്‍' ആണെന്നു കണ്ടു. അകമെ ഉള്ളതിനെ ആവിഷ്‌കരിക്കുന്നതും പുറമെയുള്ളതുമായി ഇടപഴകുന്നതും അടിസ്ഥാനമായ അറിവ് നേടുന്നതും എല്ലാം ഈ 'ഞാന്‍' ആണ്. അതിന്റെ അടരുകള്‍ പിന്നെയും നേര്‍മയായി കീറി പരിശോധിക്കുമ്പോള്‍ ബുദ്ധി, ധൃതി എന്ന രണ്ട് കാര്യങ്ങള്‍ കാണുന്നു.

താനുള്‍പ്പെടെ പ്രപഞ്ചവസ്തുക്കളെക്കുറിച്ചുള്ള അറിവാണ് ജ്ഞാനം. അതു നേടുന്നത് കര്‍ത്താവാണ്. നേടിയ ജ്ഞാനത്തെ അടിസ്ഥാനമാക്കി ജീവിതഗതി എങ്ങനെ വേണമെന്നു നിശ്ചയിക്കുന്ന അന്തഃകരണഘടകമാണ് ബുദ്ധി. ബുദ്ധിയുടെ തീരുമാനങ്ങളില്‍ ശരീരം ഉള്‍പ്പെടെയുള്ള ഉപകരണങ്ങളെ ഉറപ്പിച്ചുനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാനുള്ള കഴിവാണ് ധൃതി. ചുരുക്കത്തില്‍, ബുദ്ധിയുടെയും ധൃതിയുടെയും ആകത്തുകയാണ് 'ഞാന്‍'. 'എന്റെ' ജന്മവാസനകള്‍ പ്രകടമാകുന്നത് ഇതു രണ്ടിലൂടെയുമാണ്. കര്‍മഫലങ്ങളായ വാസനാഭേദങ്ങള്‍ മനുഷ്യനില്‍ പ്രകടമാകുന്നതും ഇവയുടെ പ്രവര്‍ത്തനത്തിന്റെ പരിണതിയായാണ്. അതിനാല്‍, ബുദ്ധിയും ധൃതിയും ശരിയായാല്‍ മനുഷ്യന് പരമമായ സ്വാതന്ത്ര്യത്തിലേക്ക് കര കയറാം. രണ്ടിനെയും ശരിപ്പെടുത്താന്‍ ആദ്യം വേണ്ടത് അവയെ അറിയുകയാണല്ലൊ.

ബുദ്ധേര്‍ഭേദം ധൃതേശ്ചൈവ
ഗുണതസ്ത്രിവിധം ശൃണു
പ്രോച്യമാനമശേഷേണ
പൃഥക്ത്വേന ധനഞ്ജയ
അല്ലയോ ധനഞ്ജയാ, ബുദ്ധിക്കും ധൃതിക്കും (സത്വരജസ്തമോ) ഗുണങ്ങളെ ആശ്രയിച്ച് മൂന്നു തരങ്ങളിലുള്ള വ്യത്യാസങ്ങളെ സമഗ്രമായി ഞാന്‍ ഇഴ പിരിച്ച് പറയാന്‍ പോകുന്നത് കേട്ടുകൊള്ളുക.



MathrubhumiMatrimonial