
ഗീതാദര്‍ശനം - 646
Posted on: 18 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
നിയതം സംഗരഹിതം
അരാഗദ്വേഷതഃ കൃതം
അഫലപ്രേപ്‌സുനാ കര്‍മ
യത് തത് സാത്വികമുച്യതേ
ചെയ്യേണ്ടതെന്ന് (പക്വമായ അറിവിന്റെ വെളിച്ചത്തില്‍) നിശ്ചയമുള്ളതും താന്‍ ചെയ്യുന്നു എന്ന തോന്നലേ ഇല്ലാതെ അനുഷ്ഠിക്കപ്പെടുന്നതും ഫലേച്ഛ കൈവെടിഞ്ഞവനാല്‍ രാഗമൊ ദ്വേഷമൊ ഇല്ലാതെ നിര്‍വഹിക്കപ്പെടുന്നതുമായ കര്‍മമേതോ, അത് സത്വഗുണപ്രധാനമായി കണക്കാക്കപ്പെടുന്നു.
അറിവിന്റെ തരാതരം ചിന്തിച്ചതിനു പിന്നാലെ ചെയ്തിയുടെ തരാതരം വിഷയമാക്കുന്നു. സാത്വികമായ അറിവില്‍നിന്നേ സാത്വികമായ കര്‍മമുണ്ടാകൂ എന്നു കാണാന്‍ വിഷമമില്ല. സാത്വികമായ കര്‍മം സാത്വികമായ അറിവിനെ പരിപോഷിപ്പിക്കയും ചെയ്യുന്നു.
സ്വാഭാവികതയായിരിക്കണം പ്രവൃത്തിയുടെ നിദാനം. പുഴയെ ഭൂതലം ഏതിലൂടെ ഒഴുക്കിവിടുന്നുവൊ, അതിലൂടെ അത് ഒഴുകുന്നു. (ഈ വഴിയിലൂടെ ഇങ്ങനെ എന്നെ ഒഴുക്കുന്നത് ഞാന്‍തന്നെ നിശ്ചയിച്ചതിന്റെ ഫലമാണ് എന്ന് ഒരു പുഴയും ഭാവിക്കാറില്ല.) സ്വാഭാവികമായി ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ അഴുക്കൊ അശുദ്ധിയൊ നിലനില്‍ക്കില്ല. അതുപോലെ മനുഷ്യജീവിതവും സമൂഹത്തിലും പ്രപഞ്ചത്തിലും നിയതമായ ഒഴുക്കോടും ധര്‍മങ്ങളോടും കൂടിയതാണ്. അതിന്റെ ഗതിവിഗതികളുടെ പേരില്‍ പ്രത്യേകമായി സങ്കടപ്പെടാനൊ അഭിമാനിക്കാനൊ അഹങ്കരിക്കാനൊ ഒരു ന്യായവും ഇല്ലേ ഇല്ല.
യത് തു കാമേപ്‌സുനാ കര്‍മ
സാഹങ്കാരേണ വാ പുനഃ
ക്രിയതേ ബഹുലായാസം
തദ്രാജസമുദാഹൃതം
എന്നാല്‍, ഫലേച്ഛ അടിക്കടി വളര്‍ത്തുന്നതും ഞാനെന്ന ഭാവത്തിന് മൂര്‍ച്ച കൂട്ടുന്നതുമായി ഏതു കര്‍മമാണോ ചെയ്യപ്പെടുന്നത്, വലിയ ആയാസത്തോടുകൂടി ചെയ്യുന്ന ആ കര്‍മം രാജസമെന്നറിയപ്പെടുന്നു.
