githadharsanam

ഗീതാദര്‍ശനം - 645

Posted on: 17 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


ചുരുക്കിപ്പറഞ്ഞാല്‍, ഞാന്‍ പിടിച്ച മുയലിന് രണ്ടു കൊമ്പുണ്ട് എന്ന നിലപാടാണ് ഈ അറിവിന്റെ ലക്ഷണം. ഭൂമിയിലെ എല്ലാ വഴക്കുകള്‍ക്കും വക്കാണങ്ങള്‍ക്കും മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കും കാരണം ഈ നിലപാടാണല്ലോ.
യത് തു കൃസ്‌നവദേകസ്മിന്‍
കാര്യേ സക്തമഹൈതുകം
അതത്ത്വാര്‍ഥവദല്പം ച
തത് താമസമുദാഹൃതം
ഏതൊരു ജ്ഞാനമാണോ ഏതെങ്കിലുമൊരു ചെറിയ കാര്യത്തില്‍, അതിനപ്പുറം ഒന്നും ഇല്ലെന്ന ധാരണയോടെ സംഗബദ്ധമാകുന്നത്, യുക്തിവിചാരം തീരെ ഇല്ലാത്തത്, താത്ത്വികമായ അടിത്തറയില്ലാത്തത്, ഇത്തിരിവട്ടത്തില്‍ മാത്രം വ്യാപരിക്കുന്നത്, ആ ജ്ഞാനം താമസമെന്നു കരുതപ്പെടുന്നു.
ഒരു ഡോസ് മയക്കുമരുന്നിനു വേണ്ടി ആരെയും കൊല്ലാമെന്ന ബോധ്യം, വരുംവരായ്കകളൊന്നും ചിന്തിക്കാതെ എടുത്തു ചാടുന്നതിന് പ്രേരിപ്പിക്കുന്ന അറിവ്, ഒരു ലോകവീക്ഷണത്തിന്റെയും ഫലമായല്ലാതെ കളപോലെ കിളിര്‍ക്കുന്ന തോന്നലുകള്‍, ഞാനും എന്റെ കെട്ടിയോളും കുറേ സ്വര്‍ണവും ഒരു തട്ടാനും മാത്രം മതി എന്ന തീരുമാനത്തിനു പിന്നിലെ അറിവ് എന്നീ വകയൊക്കെ തമോഗുണപ്രധാനമാണ്.
ഞാന്‍ വേറെ, പ്രപഞ്ചം വേറെ എന്ന രാജസമായ അറിവിന്റെ ഒരു പടികൂടി മോശമായ രൂപാന്തരമാണ്, എന്റെ ശീലക്കേടുകള്‍ക്കായി പ്രപഞ്ചത്തെ എങ്ങനെയും ചൂഷണം ചെയ്യാമെന്ന അറിവ്. സ്വന്തം മനസ്സും ഒപ്പം ചുറ്റുപാടുകളും മലിനമാവുകയാണ് ഇതിന്റെ ഫലം.
അറിവിന് ഈ മൂന്നു ഭേദങ്ങളുണ്ടാകാമെന്നു പറയുമ്പോള്‍ ഇതില്‍ ഏതെങ്കിലുമൊന്നേ ഒരാള്‍ക്ക് എന്നുമുണ്ടാകൂ എന്നല്ല അര്‍ഥം. എല്ലാവരിലും മൂന്നു തരത്തിനുമുള്ള കോപ്പുണ്ട്. ഏറ്റക്കുറച്ചിലോടെ മൂന്നും ഒരുമിച്ചുണ്ട്. സാഹചര്യംകൊണ്ട്, ഓരോ സന്ദര്‍ഭത്തില്‍ ഓരോ തരം മുന്നിട്ടു നില്‍ക്കുന്നു. ചിലരില്‍ ചിലത് ഏതാണ്ട് സ്ഥായിയായിത്തന്നെ കാണുന്നു. സ്വന്തം സ്ഥിതി എന്തെന്ന് ആത്മപരിശോധന നടത്തിക്കോളുക എന്നാണ് ഗീതയുടെ നിമന്ത്രണം.
(തുടരും)



MathrubhumiMatrimonial