githadharsanam

ഗീതാദര്‍ശനം - 644

Posted on: 16 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ആധുനികലോകത്തെ നയിക്കുന്ന മിക്ക അറിവുകളും ഇത്തരമാണ്. മറ്റുള്ള ആര്‍ക്കും ഇല്ലാത്തത് എനിക്കുണ്ടാകുന്നതാണ് സന്തോഷം, അന്യരെ വേദനിപ്പിക്കുന്നതാണ് രസം, മോഹങ്ങളുടെ പിന്നാലെ എല്ലാം മറന്നുള്ള ഓട്ടമാണ് നേട്ടത്തിനാസ്​പദം, അന്യായമായി പണമുണ്ടാക്കലാണ് അഭിവൃദ്ധി... എന്നിങ്ങനെയുള്ള അറിവുകള്‍ ലോകത്തെ നരകമാക്കുന്നു.

ആധുനിക സയന്‍സിലും ഇക്കാലത്തെ വിദ്യാഭ്യാസത്തിലുമൊക്കെ 'പിരിച്ചുകാണല്‍' എന്ന സമീപനത്തിന്റെ ദൂഷ്യങ്ങള്‍ പ്രകടമാണ്. അപഗ്രഥനമാണ് സയന്‍സിന്റെ പൊതുമുറ; ഉദ്ഗ്രഥനമല്ല. തരംതിരിക്കലാണ് പ്രധാനം. നക്ഷത്രങ്ങളായാലും അണുജീവികളായാലും ഭേദങ്ങള്‍ നിര്‍ണയിക്കാനാണ് തിടുക്കം. ഏകത്വം കാണാന്‍ ശ്രമിക്കുമ്പോഴൊ, ഉപകരണങ്ങളും അളവുകോലുകളും വിഷമം സൃഷ്ടിക്കുന്നു. ഡാര്‍വിന്‍പോലും ജീവജാതികളുടെ തരംതിരിവുകളെയാണ്, ജീവന്റെ ഏകഭാവത്തെ അല്ല, പഠനവിഷയമാക്കിയത്. അതിനാല്‍ ജീവപരിണാമത്തിന്റെ പ്രേരണ നിര്‍ണയിക്കുന്നതില്‍ അക്ഷരാതീതത്തിന്റെ സാന്നിധ്യം അദ്ദേഹം കാണാതെ പോയി. ഓരോ വ്യതിയാനവും നിലനില്പിന് സഹായകമായാലും അല്ലെങ്കിലും പരമാത്മസാരൂപ്യത്തിനുള്ള വ്യത്യസ്തമായ ഒരു സാധ്യതയെക്കൂടി പ്രതിനിധീകരിക്കുന്നുണ്ടെന്ന് കാണാന്‍ അദ്ദേഹത്തിന് കഴിയാതെയും പോയി.

വിദ്യാഭ്യാസരംഗത്ത് വിഭജനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന സമ്പ്രദായം നിലനില്‍ക്കുന്നു. ദേഹത്തിന്റെ നിറം നോക്കി പ്രവേശനമനുവദിക്കുന്ന സ്‌കൂളുകള്‍ ലോകത്ത് ഇന്നുമുണ്ട്. പഠനവിഷയങ്ങളെ മിക്ക സര്‍വകലാശാലകളും ഇടമതിലുകള്‍ കെട്ടി വേര്‍പെടുത്തുന്നു. സ്‌പെഷലൈസേഷന്‍ മൂത്ത് ഇപ്പോള്‍ വൈദ്യശാസ്ത്രരംഗത്ത് മനുഷ്യശരീരത്തെ മൊത്തമായി കാണുകയൊ അറിയുകയൊ ചെയ്യുന്നവര്‍ വിരളമായി. മനുഷ്യരെ വര്‍ഗങ്ങളാക്കിയാണ് മാര്‍ക്‌സ് ചിന്തിക്കുന്നത്. മതസംഘടനകള്‍ കണിശമായി തരംതിരിവുകള്‍ പാലിക്കുന്നു. സീസറിനും ദൈവത്തിനുമായി ജീവിതം പകുത്തു നല്കാന്‍ സംവിധാനമൊരുക്കുന്ന നിയമാവലികളല്ലാതെ, എല്ലാം ചേര്‍ന്ന ഏകത്വസങ്കല്പം ഒരു തുറയിലും നിയാമകമാകുന്നില്ല.

(തുടരും)




MathrubhumiMatrimonial