githadharsanam

ഗീതാദര്‍ശനം - 642

Posted on: 12 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


സര്‍വ്വഭൂതേഷു യേനൈകം
ഭാവമവ്യയമീക്ഷതേ
അവിഭക്തം വിഭക്തേഷു
തത്ജ്ഞാനം വിദ്ധി സാത്വികം

വെവ്വേറെയാക്കപ്പെട്ടപോലെ കാണപ്പെടുന്ന ചരാചരങ്ങളിലെല്ലാം, വിഭജിക്കപ്പെടാത്തതും നാശമില്ലാത്തതുമായ ഒരേ സാന്നിധ്യത്തെ ദര്‍ശിക്കുന്ന ജ്ഞാനം ഏതൊ അത് സാത്വികമെന്ന് അറിയുക.

കര്‍ത്താവ് കാര്യം നേരായി ഗ്രഹിച്ചാല്‍ എല്ലാം ശുഭമാകുന്നു എന്നു പറഞ്ഞു. പ്രപഞ്ചം ഒരു ഏകകമാണെന്ന അറിവ് അനിവാര്യം. അക്ഷരം സര്‍വവ്യാപിയും അക്ഷരാതീതം അതില്‍ സമവസ്ഥിതമായ ബലവുമാണ് എന്നും മുന്‍പ് പറഞ്ഞു. ക്ഷരപ്രപഞ്ചം ഇവയുടെ പ്രതിഭാസമാണ്. നറുനുറുങ്ങായും പലതായും കാണുന്നതെല്ലാം സത്യത്തില്‍ ഒരേ കാര്യമാണെന്നറിഞ്ഞാലേ സര്‍വപ്രപഞ്ചവും എന്റെ അവയവമാണെന്ന അനുഭൂതി ഉണ്ടാകൂ. ആ അനുഭൂതിയില്‍ നിന്നുകൊണ്ട് കര്‍മം ചെയ്യുമ്പോഴേ എല്ലാ കര്‍മങ്ങളുടെയും യഥാര്‍ഥകര്‍ത്താവിനെ തിരിച്ചറിയാനാവൂ. 'എന്റെ മാത്രം ലാഭനഷ്ടങ്ങളും സുഖാസുഖങ്ങളും' എന്ന ഭാവന പോകൂ. 'ഞാന്‍' എന്ന പ്രാപഞ്ചികന്‍ അപ്രസക്തനാകൂ. ഇല്ലെങ്കില്‍ 'എന്റെ' വിഷമങ്ങളും 'എനിക്കു' വേണ്ടപ്പെട്ടവരുടെ വേര്‍പാടുകളും 'എന്റെ' പാളിച്ചകളും 'എന്റെ' നേട്ടങ്ങളളും എല്ലാം മുഴുവലിപ്പത്തില്‍ കണ്ടുകൊണ്ടിരിക്കും. ഈ കാണുന്ന 'ഞാന്‍' അല്ല നിത്യം എന്ന (വേദാന്തത്തിന്റെ) അടിസ്ഥാനതത്ത്വം മനസ്സില്‍ ഉറയ്ക്കില്ല. പ്രകൃതിയിലെ സത്വം, രജസ്സ്, തമസ്സ് എന്ന മൂന്ന് അടിസ്ഥാനഗുണങ്ങള്‍ അക്ഷരമാധ്യമത്തിന്റെ സ്​പന്ദക്രിയയുടെ പ്രതിഫലനങ്ങളാണല്ലൊ. ഈ ഭാവങ്ങളുടെ ചാര്‍ച്ചകളുടെയും ഇടര്‍ച്ചകളുടെയും ഫലമായാണ് പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും ഉണ്ടായി നിലനിന്ന് ഇല്ലാതാകുന്നത്. സ്​പന്ദിക്കുന്ന അക്ഷരമൊ അതിനടിസ്ഥാനമായ സമവസ്ഥിതബലം എന്ന അക്ഷരാതീതമൊ നമുക്ക് ദൃശ്യമല്ല. അദൃശ്യമായ അതാണ് സത്തെന്ന് അറിയുമ്പോള്‍ എല്ലാം ഒന്നായിത്തീരുന്നു. ആകാശം ആകപ്പാടെ ഒരു ചെറുവട്ടമേ ഉള്ളൂ എന്നു കരുതേണ്ടി വരുന്നത് പൊട്ടക്കിണറ്റില്‍ കിടന്ന് നോക്കുമ്പോഴല്ലെ ? അവിടന്ന് കരകയറിയാല്‍ ആകാശം ഒരു അര്‍ധഗോളമായി. ഭൂമിയില്‍നിന്ന് അകന്നുനിന്നു നോക്കിയാല്‍ ഇതേ ആകാശം മുഴുഗോളവുമായി. അന്തരീക്ഷത്തിനു പുറത്തു പോകാനൊത്താലോ, ഇതുതന്നെ ആകാരമില്ലാത്തതും അനന്തവും നീലനിറമില്ലാത്തതുമായി. അത് ശൂന്യസ്ഥലിയല്ല അവ്യക്തമാധ്യമത്തിന്റെ പ്രത്യക്ഷമാണ് എന്നറിയുന്നത് അടുത്ത പടി. സര്‍വാധിഷ്ഠാനമായ പരംപൊരുളിന്റെ ഭാവാന്തരമാണ് അവ്യക്തമെന്ന അറിവ് പരമം.

(തുടരും)



MathrubhumiMatrimonial