githadharsanam

ഗീതാദര്‍ശനം - 640

Posted on: 10 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


വിഷമില്ലാത്തതിനെ കണ്ടാലും ഓടുന്നത്, ഈ പാമ്പിനും വിഷമുണ്ടാകാമെന്ന സന്ദേഹത്താലാണ്. ചുരുക്കത്തില്‍, കര്‍മത്തിന്റെ മൂന്നു ചോദനകളില്‍ കര്‍ത്താവൊഴികെ രണ്ടും കര്‍ത്താവിന്റെതന്നെ കാഴ്ചപ്പാടനുസരിച്ച് മാറുന്നവയാണ്. കര്‍ത്താവിന്റെ കാഴ്ചപ്പാട് ശരിയായാലേ കര്‍മമാര്‍ഗം സങ്കടങ്ങളില്ലാതെ നിസ്സംശയം തെളിയൂ എന്നു സാരം. അപ്പോള്‍, ആദ്യം അറിയേണ്ടത് കര്‍ത്താവിനെയാണ്.
കര്‍മനിര്‍വാഹകങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്. കര്‍മം, അതിനുള്ള ഉപകരണം, കര്‍ത്താവ് എന്ന തരംതിരിവില്‍ കര്‍ത്താവുതന്നെയാണ് പരമപ്രധാനം. കര്‍ത്താവാണ് ഉപകരണം തിരഞ്ഞെടുക്കുന്നതും അതുപയോഗിച്ച് കര്‍മം ചെയ്യുന്നതും. അതിനാല്‍, കര്‍മവും കര്‍മഫലവും ഉപകാരപ്രദമാകണമെങ്കില്‍ കര്‍ത്താവ് ശരിയായി അറിഞ്ഞവനും സംശയം വിട്ടവനുമാകണം. അണുശക്തികൊണ്ട് ബോംബുണ്ടാക്കാമെന്നും അല്ല അത് അര്‍ബുദചികിത്സയ്ക്കാണ് ഉപയോഗിക്കേണ്ടത് എന്നുമൊക്കെ നിലപാടെടുക്കുന്നത് ആ ശക്തി ഉപയോഗിക്കുന്നവരാണ്. പേനാക്കത്തികൊണ്ട് പെന്‍സില്‍ ചെത്തുകയാണോ മറ്റൊരാളെ കുത്തി മലര്‍ത്തുകയാണോ വേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം ആ കത്തി കൈവശമുള്ള ആളെ ആശ്രയിച്ചിരിക്കുമല്ലോ.

കര്‍മത്തിലൂടെയേ ഏതറിവും അനുഭവജ്ഞാനമാകൂ. അറിവുണ്ടാകണമെങ്കില്‍ കര്‍മം ചെയ്യണം. അറിവുണ്ടാകുന്തോറും കൂടുതലറിയാന്‍ കര്‍മം ചെയ്തുകൊണ്ടുമിരിക്കും. പക്ഷേ, ആദ്യമേ ഉണ്ടാകുന്നത് ശരിയായ അറിവല്ലെങ്കില്‍ ആകെ കുഴങ്ങും. ജന്മവാസനകൊണ്ട് ഇത് ശരിയാകാം, സ്വന്തം പരിശ്രമംകൊണ്ടും ഗുരൂപദേശംകൊണ്ടും ശരിയാകാം. ബോധമനസ്സിലുറയ്ക്കുന്ന ധാരണകളെയും അഹംബോധത്തിലെ വാസനകളെയും ജ്ഞാനംകൊണ്ടും കര്‍മയോഗംകൊണ്ടും ധ്യാനംകൊണ്ടും ഭക്തികൊണ്ടും മാറ്റിയെടുക്കാം. നേരറിവു നേടാനുള്ള ജന്മവാസന വികസിപ്പിക്കാനും ജന്മായത്തമായി ഇല്ലെങ്കില്‍ അത് പുതുതായി നട്ടു വളര്‍ത്താനും എങ്ങനെ കഴിയുമെന്നാണ് തുടര്‍ന്നുള്ള പ്രതിപാദ്യം.
(തുടരും)



MathrubhumiMatrimonial