githadharsanam

ഗീതാദര്‍ശനം - 636

Posted on: 05 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ശരീരവാങ്മനോഭിര്‍യത്
കര്‍മ പ്രാരഭതേ നരഃ
ന്യായം വാ വിപരീതം വാ
പഞ്ചൈതേ തസ്യ ഹേതവഃ

ശരീരം, വാക്ക്, മനസ്സ് എന്നിവകൊണ്ട് മനുഷ്യന്‍ ഏതു കര്‍മം ചെയ്യാന്‍ തുടങ്ങുമ്പോഴും അത് ധര്‍മമായാലും അധര്‍മമായാലും അതിന് ഈ അഞ്ചും മാത്രമാണ് കാരണങ്ങള്‍.
പ്രപഞ്ചത്തിലെ എല്ലാറ്റിനും പ്രപഞ്ചമെന്ന ആകത്തുകയ്ക്കുതന്നെയും ബാധകമായി പറഞ്ഞ പൊതുനിയമം മനുഷ്യനില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു കാണിച്ചു തരുന്നു. അഥവാ, ആധുനികസയന്‍സിന്റെ രീതിശാസ്ത്രമനുസരിച്ചു പറഞ്ഞാല്‍, സാമാന്യത്തെ പ്രത്യേകം കൊണ്ട് ഉദാഹരിക്കുന്നു.
മനുഷ്യരില്‍ 'ഞാന്‍' എന്ന ബോധം കര്‍ത്താവ്. ശരീരവും മനസ്സും ഇന്ദ്രിയങ്ങളും കരണങ്ങള്‍. ഇവയുടെ ചലനങ്ങളാണ് കര്‍മങ്ങള്‍. ശരീരം, വാക്ക്, മനസ്സ് എന്നിവകൊണ്ടാണ്, ഉപകരണസഹായത്തോടെ, ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. (അകത്തെ വാക്കും പുറത്തെ വാക്കും ചലനമാണ് എന്നു മറക്കരുത്.) ദേഹേന്ദ്രിയസംഘാതത്തിന്റെ കാതലും പ്രപഞ്ചാധാരവുമായി ഇരിക്കുന്നത് അധിഷ്ഠാനം. പ്രപഞ്ചസംവിധാനത്തിലെ കാലദേശാവസ്ഥകളുടെ സ്വാധീനം വിധി.
ചെയ്യുന്നത് ന്യായമോ അന്യായമോ പാപമോ പുണ്യമോ ധര്‍മമോ അധര്‍മമോ എന്തായാലും ഈ അഞ്ചാണ് അതിലെ ചേരുവകള്‍. ഇതില്‍ ഏതെങ്കിലുമൊന്നില്ലാതെ അതു നടക്കില്ല. കര്‍മത്തിന് പ്രചോദനം കര്‍ത്താവിന്റെ ഭാവം തന്നെയാണ്. അതിനാല്‍ കര്‍ത്താവെന്നു പറയുമ്പോള്‍ അതും ഉള്‍പ്പെട്ടിരിക്കുന്നു.

(തുടരും)



MathrubhumiMatrimonial