githadharsanam

ഗീതാദര്‍ശനം - 630

Posted on: 29 Oct 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം
കാമ്യകര്‍മവാസന നിലവിലുള്ളപ്പോള്‍ ദേഹം കര്‍മം ചെയ്യാതിരിക്കുന്നത് ചിത്തത്തില്‍ അശാന്തി വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. കര്‍മം ത്യജിച്ചതുകൊണ്ട് ആഗ്രഹമോ ഫലകാംക്ഷയോ പൊയ്‌ക്കൊള്ളണമെന്നില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ബാഹ്യലക്ഷണങ്ങള്‍ ഇല്ലാതായെന്നു വെച്ച് രോഗം പോയെന്ന് അര്‍ഥമില്ല. രോഗം വേരറ്റാല്‍, ലക്ഷണങ്ങള്‍ അഥവാ അല്പസ്വല്പം ശേഷിച്ചാലും പ്രശ്‌നമില്ല, കാലക്രമേണ തനിയെ അകന്നോളും. കാമ്യകര്‍മങ്ങള്‍ എല്ലാം ഒറ്റയടിക്ക് ദൃഢമായി അറുത്തുമുറിച്ചുപേക്ഷിക്കാന്‍ അല്ല ഉദ്ദേശിക്കുന്നത്. എത്ര കൊതിക്കുന്ന സുഖഭോഗങ്ങള്‍ ആയാലും അവയില്‍നിന്നും കിട്ടുന്ന സന്തോഷം ഇത്രയേ ഉള്ളൂ എന്നു മനസ്സിലാക്കി ക്രമേണ അതിന്റെ കെട്ടുപാടുകളില്‍നിന്ന് നിവര്‍ത്തിക്കാനാണ് താത്പര്യം. പതുക്കെയേ ഇതു സാധിക്കൂ.

ഞാന്‍ വേറെ, പ്രപഞ്ചം വേറെ എന്നു കരുതിയാല്‍ തന്നിഷ്ടം ലോകഹിതത്തിന് വിപരീതമായിവരുന്ന അവസരങ്ങള്‍ സുലഭമാവും. അത്തരം തന്നിഷ്ടം നേടാന്‍ പ്രയത്‌നിക്കെ പരമാത്മസ്വരൂപത്തെ ഒട്ടും ഉള്‍ക്കൊള്ളാനാവാതെ വരുന്നു. മറിച്ച്, ഒരാള്‍ യജ്ഞഭാവനയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അയാളുടെ കര്‍മവാസനകള്‍ ക്ഷയിക്കുന്നു.

താളം നിലയ്ക്കുവോളം മേളത്തില്‍ പങ്കെടുത്തേ തീരൂ. താന്‍ കൊട്ടുന്നത് പട്ടും വളയും കിട്ടാനോ നാട്ടുനടപ്പുള്ള കാല്‍പ്പണം കൂലിക്കോ അല്ല, കൊട്ടിന്റെ ലയവും സൗന്ദര്യവും അനുഭവിക്കാന്‍ വേണ്ടിയാണ്, എന്ന ഉറച്ച മനോഭാവമുള്ളവന്‍ വാദ്യക്കാര്‍ക്കിടയിലെ ത്യാഗി. കൊട്ടിന്റെ സുഖം അയാള്‍ക്കേ ശരിയായി അനുഭവിക്കാനാവൂ. അവസാനം കാല്‍പ്പണം കൂലി കിട്ടിയാല്‍ അയാള്‍ അതുവാങ്ങില്ലെന്നോ അതുപയോഗിച്ച് ആഹാരം കണ്ടെത്തുകയില്ലെന്നോ ഇതിന് അര്‍ഥമില്ല. (ജോലി ചെയ്യാനല്ലാതെ കൂലി ചോദിക്കാന്‍ അവകാശമില്ല എന്ന് ഈ ഉപദേശത്തെ, യാതൊരു കാര്യവും നേരേച്ചൊവ്വേ മനസ്സിലാവാത്ത അല്പബുദ്ധികള്‍ വ്യാഖ്യാനിച്ച്, ഗീത ജന്മിനാടുവാഴിപ്രഭുക്കളുടെ കൈപ്പുസ്തകമാണെന്ന് ആള്‍ക്കൂട്ടങ്ങളോട് പ്രസംഗിക്കുന്നത് ഇപ്പോഴും നാട്ടില്‍ പതിവാണല്ലോ.)
(തുടരും)



MathrubhumiMatrimonial