githadharsanam

ഗീതാദര്‍ശനം - 623

Posted on: 21 Oct 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


യജ്ഞം, ദാനം, തപസ്സ് എന്നിവ ഒരിക്കലും ത്യാജ്യമല്ലെന്നു പറയുന്നു.
യജ്ഞദാനതപഃകര്‍മ
ന ത്യാജ്യം കാര്യമേവ തത്
യജ്ഞോ ദാനം തപശ്ചൈവ
പാവനാനി മനീഷിണാം

യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍ ഉപേക്ഷിക്കാവുന്നവയല്ല. മൂന്നും ചെയ്യുകതന്നെ വേണം. (കാരണം) യജ്ഞവും ദാനവും തപസ്സും വിവേകികള്‍ക്ക് ചിത്തശുദ്ധിക്ക് ഉതകുന്നവയാണ്.

തനിക്കുമാത്രം വേണ്ടിയല്ലാതെ ചെയ്യുന്ന കര്‍മമെല്ലാം യജ്ഞമാണെന്ന് മുന്‍പെ നിശ്ചയിച്ചുപറഞ്ഞു. ശിഷ്യനെ വിദ്യയഭ്യസിപ്പിക്കുന്നതു മുതല്‍ കൃഷിചെയ്യുന്നതു വരെ എല്ലാം യജ്ഞമാണ്. അതിലെല്ലാം ഏര്‍പ്പെടുന്നവര്‍ ശുദ്ധി നേടുന്നു. പ്രപഞ്ചത്തിലെ എല്ലാതും എല്ലാ പ്രജകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇത്തരം യജ്ഞങ്ങളോടുകൂടിയാണല്ലൊ. ദാനവും ദാതാവിനെ ശുദ്ധീകരിക്കുന്നു. മോക്ഷത്തിനുള്ള ഏകാഗ്രമായ പരിശീലനമാണ് മനോവാക്കായങ്ങള്‍കൊണ്ടുള്ള തപസ്സ്. അതും ഉപേക്ഷിക്കാവുന്നതല്ല. ജീവപരിണാമത്തില്‍ 'മേല്‍ഗതി'ക്കുള്ള ഉപാധികളായ ഇവ മൂന്നും പ്രതികൂലവാസനകളെ ശമിപ്പിക്കാനുതകുന്നു.

സര്‍വസംഗപരിത്യാഗമെന്ന വാക്കിന് ഗീത കല്പിക്കുന്ന അര്‍ത്ഥമെന്തെന്നും കര്‍മത്തോട് ഗീതയുടെ സമീപനം എന്തെന്നും ഈ ഒരു പദ്യംകൊണ്ടുതന്നെ സംശയാതീതമായി തെളിഞ്ഞുകിട്ടുന്നുണ്ട്.

ഏതാന്യപി തു കര്‍മാണി
സംഗം ത്യക്ത്വാ ഫലാനി ച
കര്‍ത്തവ്യാനീതി മേ പാര്‍ഥ
നിശ്ചിതം മതമുത്തമം

അല്ലയോ കുന്തീപുത്രാ, ഇപ്പറഞ്ഞ മൂന്നു കര്‍മങ്ങള്‍ സംഗവും ഫലേച്ഛയും വെടിഞ്ഞേ ചെയ്യാവൂ എന്നാണ് എന്റെ ഉത്തമവും ദൃഢവുമായ അഭിപ്രായം.



MathrubhumiMatrimonial