
ഗീതാദര്‍ശനം - 622
Posted on: 20 Oct 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
ആകട്ടെ, ഇന്നയിന്ന കര്‍മങ്ങള്‍ സ്വീകാര്യം, ഇന്നയിന്നത് ത്യാജ്യം എന്നൊരു തരംതിരിവ് ചിട്ടപ്പെടുത്താമോ? അപ്പോഴും, 'വെളുത്ത' പട്ടികയിലെ കര്‍മങ്ങള്‍ 'കാമ്യ'ങ്ങളാവുന്നതിനാല്‍ അവ അനുഷ്ഠിക്കുന്നവര്‍ക്ക് സംന്യാസം നടപ്പില്ലാതെ വരും. തന്നെയുമല്ല, എല്ലാ കര്‍മവും ദോഷമുള്ളതാണെന്നിരിക്കെ (''സര്‍വാരംഭാ ഹി ദോഷേണ ധൂമേനാഗ്‌നിരിവാവൃതാഃ'' - 18, 48) ഈ (കാമ്യ)കര്‍മങ്ങളുടെ ദോഷവും സംഭരിക്കപ്പെടുകതന്നെ ചെയ്യും.
എല്ലാ കര്‍മവും ദോഷാവൃതമാണ് എന്നിരിക്കെ, അതേസമയം, കര്‍മം ചെയ്യാതെ പ്രാണരക്ഷപോലും സാധിക്കില്ലെന്നുമിരിക്കെ, കര്‍മത്തിന്റെ ഗുണദോഷങ്ങളല്ല, കര്‍മത്തോടുള്ള മനോഭാവമാണ് മാറ്റേണ്ടതെന്ന് സംശയാതീതമായി തെളിയുന്നു.
നിശ്ചയം ശൃണു മേ തത്ര
ത്യാഗേ ഭരതസത്തമ
ത്യാഗോ ഹി പുരുഷവ്യാഘ്ര
ത്രിവിധഃ സംപ്രകീര്‍ത്തിതഃ
ഭരതകുലശ്രേഷ്ഠനായ അല്ലയോ അര്‍ജുനാ, ആ (കര്‍മ)ത്യാഗവിഷയത്തില്‍ തീരുമാനം എന്നില്‍നിന്നു കേട്ടുകൊള്ളുക. എങ്ങനെയെന്നാല്‍, ധീരനായ അര്‍ജുനാ, (കര്‍മ)ത്യാഗം മൂന്നുവിധമെന്ന് വേര്‍തിരിച്ചു നിര്‍ണയിച്ചിട്ടുണ്ട്.
ഭരതസത്തമനെന്നും പുരുഷവ്യാഘ്രനെന്നും സംബോധന ചെയ്യുന്നത് അര്‍ജുനനിലെ വലിയ കഴിവുകളെ ഉണര്‍ത്താനാണ്. യുദ്ധത്തിലേക്കല്ല ത്യാഗത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുമ്പോഴാണ് കേമത്തത്തിനും പരാക്രമശീലത്തിനും ഈ വിധം അടിവരയിടുന്നത്. പിടിച്ചടക്കാനുള്ളതിലേറെ പ്രയാസം ത്യജിക്കാനാണ് എന്നുതന്നെ ധ്വനി.
(തുടരും)
