navarathri 2010

ആചാരവിചാരവാണികളെ പവിത്രമാക്കുന്ന നവരാത്രി

Posted on: 11 Oct 2010


മഹാസരസ്വതിയെ നവരാത്രികാലത്ത് ഉപാസിക്കുന്നതിലൂടെ മൂന്നു കാര്യങ്ങളാണ് നാം കൈവരിക്കുക. വിചാരം, ഉച്ചാരണം, ആചരണം എന്നിവയില്‍ വരുന്ന പവിത്രതയാണ് ഈ മാറ്റം. അതിന്നുതകും വിധമാണ് നവരാത്രി ഉപാസന രൂപപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം ഋഗ്വേദ മന്ത്രങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

''ചോദയിത്രീ സുനൃതാനാം ചേതന്തീ സുമതീനാമ്
യജ്ഞം ദധേ സരസ്വതി
മഹോ അര്‍ണ സരസ്വതീ പ്രചേതയതി കേതുനാം
ധിയോ വിശ്വാ വിരാജതി'' (ഋഗ്വേദം 1.3-11, 12)

സരസ്വതിയെ ഉപാസിച്ചാല്‍ ഏറ്റവും ഉത്തമമായ വസ്തുക്കള്‍ നമുക്ക് ലഭിക്കും. സരസ്വതി നമ്മുടെ ദുഃഖങ്ങളെ പാടേ ഇല്ലാതാക്കും. സ്വര്‍ണസമാനമായ, സത്യം കലര്‍ന്ന വാക്കുകളേ സരസ്വതീ ഉപാസകനില്‍ നിന്ന് ഉതിര്‍ന്നു വരികയുള്ളൂ. സരസ്വതീ ഉപാസകന്റെ വാക്കുകള്‍ സുവര്‍ണ ശോഭയുള്ളതായിരിക്കും. ആ വാക്കുകള്‍ക്ക് അന്യരുടെ അശാന്തിയെയും ദുഃഖത്തെയും ഇല്ലാതാക്കാനുള്ള ശേഷിയുണ്ടാകും.

മാത്രമല്ല, നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഉറവയെടുക്കാന്‍ പാകത്തില്‍ സജ്ജമായ ജ്ഞാനകലവറയായ വേദജ്ഞാനത്തെ പുറത്തേക്ക് ഒഴുക്കിവിടുകയും ചെയ്യും സരസ്വതി. സരസ്വതീ ഉപാസകരുടെ മസ്തിഷ്‌ക്കം സുചിന്തകളുടെ ഉറവിടമായി മാറും. ജ്ഞാനാധിദേവതയായ മഹാസരസ്വതിയെ ഉപാസിക്കുന്നവന്റെ ഉള്ളത്തില്‍ ഒരു യജ്ഞത്തിനു തന്നെ ദേവി കളമൊരുക്കുന്നു. കള്ളത്താല്‍ കളങ്കമാകാത്ത 'സുനൃത' വാണി നമ്മുടെ നാവില്‍ തത്തിക്കളിക്കും. മസ്തിഷ്‌കത്തില്‍ സുവിചാരങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തികളാകട്ടെ, ആചാരങ്ങളാകട്ടെ യജ്ഞതുല്യങ്ങളായിത്തീരും. അങ്ങനെ ഉപാസകന്റെ വാണിയും മസ്തിഷ്‌കവും കരങ്ങളും പവിത്രമാകുമ്പോള്‍ ഉച്ചാരണവും വിചാരവും ആചാരങ്ങളും പവിത്രമാകും. ഇതാണ് എഴുത്തിനിരുത്തും നാവിലെ ഹരിശ്രീ കുറിക്കലും ആയുധപൂജയും നല്‍കുന്ന സന്ദേശം.

ഇങ്ങനെ പവിത്രമായ വാണിയും വിചാരവും ആചാരവും ഉണ്ടാകുമ്പോള്‍ സരസ്വതീ ഉപാസകനില്‍ ജ്ഞാനത്തിന്റെ ഗംഗാപ്രവാഹം ഉണ്ടാകുമെന്നാണ് വേദങ്ങള്‍ പറയുന്നത്. ഹൃദയാന്തരീക്ഷത്തില്‍ ജ്ഞാനപ്രകാശം ഉദിച്ചുയരുന്നു. സമസ്ത വിദ്യകളുടെയും രൂപം പൂണ്ട് മഹാസരസ്വതി ജ്ഞാനത്താല്‍ നമ്മുടെ കോശകോശാന്തരങ്ങളെ നിറയ്ക്കുന്നു. ഈ മഹത്തായ ജ്ഞാനസാഗരത്തില്‍ ആറാടുന്നവന് അത്ഭുതകരമായ ആനന്ദമാണ് അനുഭവിക്കാന്‍ കഴിയുക.



MathrubhumiMatrimonial