
ഗീതാദര്‍ശനം - 615
Posted on: 10 Oct 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയ വിഭാഗയോഗം
മൃതദേഹത്തിന് ഒന്നിലും ശ്രദ്ധയില്ല. അഥവാ, തികഞ്ഞ അശ്രദ്ധയുടെ പര്യായമാണ് മരണം. ജീവിച്ചിരിക്കുന്നു എന്നതിനു തെളിവ് ശ്രദ്ധയാണ്. അത് ചീത്തപ്പെട്ടാല്‍ ജീവപരിണാമപരമായ അധോഗതിയാണ് ഫലമെന്നു പറഞ്ഞതില്‍പ്പിന്നെ, അത് നല്ലതാണെങ്കില്‍പ്പോലും ദുര്‍ബ്ബലമായാലത്തെ കഥ ചൂണ്ടിക്കാണിക്കുന്നു. അശ്രദ്ധയോടെയും അര്‍ദ്ധശ്രദ്ധയോടെയും എന്തു ചെയ്താലും വ്യര്‍ഥമാവും.
ഓരോന്നായി നോക്കാം. അശ്രദ്ധം ഹോമിക്കുന്നതു പാഴാവും. (യജ്ഞത്തില്‍ പാലിക്കേണ്ട ഭാവം എന്തായിരിക്കണമെന്ന് നേരത്തേ പറഞ്ഞത് ഓര്‍ത്തു വേണം ഈ ഭാഗം മനസ്സിലാക്കാന്‍. അര്‍പ്പണം ബ്രഹ്മമാണ്, ഹവിസ്സ് ബ്രഹ്മമാണ്, യാഗാഗ്‌നി ബ്രഹ്മമാണ്, കര്‍ത്താവ് ബ്രഹ്മമാണ്, ഹവനക്രിയ ബ്രഹ്മമാണ്, ബ്രഹ്മംതന്നെയായ കര്‍മത്തിലുള്ള സമാധിയോടുകൂടിയവനാല്‍ പ്രാപ്യമായ സ്ഥാനവും ബ്രഹ്മമാണ്.) ബ്രഹ്മം ബ്രഹ്മത്തെ ബ്രഹ്മത്തില്‍ ഹോമിക്കുന്നു എന്ന ഉറച്ച ശ്രദ്ധയില്ലെങ്കില്‍ ഹോമം വെറും കാണിച്ചുകൂട്ടല്‍! അച്ഛനോ ഗുരുനാഥനോ ആണ് താനെന്ന ഉറച്ച ശ്രദ്ധയോടെയല്ലെങ്കില്‍ കുട്ടിയെ ശിക്ഷിച്ചാല്‍ ഫലിക്കില്ലെന്നല്ല ചിലപ്പോള്‍ ഒന്നിനു പത്ത് തിരികെ കിട്ടിയെന്നുമിരിക്കും!
കര്‍മത്തില്‍ ശരീരശേഷി ഹോമിക്കപ്പെടുന്നു. (ഇംഗ്ലീഷിലെ ഈശ്വരനാമധേയം (ഗോഡ്) സംസ്‌കൃതത്തിലെ 'ഹുത'ശബ്ദത്തില്‍നിന്നു വന്നതാണ്.) കര്‍മങ്ങള്‍ക്കെല്ലാം ഫലമുണ്ട്. ഇല്ലെന്നു ധരിക്കാന്‍ ഗീത പറയുന്നില്ല. ഫലത്തില്‍ ആകാംക്ഷ പാടില്ല എന്നേ നിര്‍ദേശമുള്ളൂ. അശ്രദ്ധ വന്നാല്‍ ഫലിക്കാതെ പോകും. സര്‍വഭൂതഹിതത്തിനാണ് യജ്ഞം അഥവാ കര്‍മം.
ദാനവും ഒരു യജ്ഞംതന്നെ. ത്യജിച്ചതാണ് ഹോമിക്കുന്നതെന്ന വ്യത്യാസമേ ഉള്ളൂ. അശ്രദ്ധയുണ്ടായാല്‍ കാലദേശപാത്രങ്ങള്‍ പിഴയ്ക്കുകയും അനാദരം പറ്റുകയും ചെയ്യാം. സങ്കല്പം പിഴച്ചാല്‍ ദുരഭിമാനം തല പൊക്കാം. അപ്പോള്‍, വെളുക്കാന്‍ തേച്ചത് പാണ്ടായി!
ഏതു തപസ്സിലും അശ്രദ്ധ പറ്റിയാല്‍ ഓട്ടപ്പാളയില്‍ വെള്ളം കോരുന്നവന്റെ അനുഭവം ഫലം. ജീവിതകാലം മുഴുവന്‍ യത്‌നിച്ചാലും ഒരു തുള്ളി കുടിക്കാന്‍ കിട്ടില്ല!
(തുടരും)
