
ഗീതാദര്‍ശനം - 614
Posted on: 08 Oct 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയ വിഭാഗയോഗം
സന്‍മാര്‍ഗം എന്നാല്‍ എന്തെന്ന് വ്യക്തമാക്കുന്നു. ശ്രദ്ധയെ നിഷ്ഠയോടെ സാത്വികവിശുദ്ധിയില്‍ നിലനിര്‍ത്തുന്നതിനാണ് അങ്ങനെ പറയുന്നത്. അതിനായുള്ള എല്ലാ ശ്രമങ്ങളെയും സത് എന്നു വിളിക്കുന്നു. ജ്ഞാനസമ്പാദനത്തിലൂടെയോ നിശ്ചയദാര്‍ഢ്യത്തിലൂടെയോ കര്‍മയോഗത്തിലൂടെയോ ആകാം ആ ശ്രമം. എവ്വിധമായാലും അത് 'നല്ലതു'തന്നെ.
ഈ വിശദീകരണത്തിലൂടെ സദാചാരം എന്നതിന് ചിരന്തനമായ അര്‍ഥം കിട്ടുന്നു. ഏത് സമൂഹത്തിലും താത്കാലികപരിതഃസ്ഥിതികളുടെ ഫലമായി രൂപപ്പെടുന്ന സദ്‌സങ്കല്പങ്ങള്‍ക്ക് കാലഹരണം വരാം. വാല്‍ മുറിക്കുന്നതാണ് സദാചാരം എന്നു പ്രചരിപ്പിക്കാന്‍ ഏത് കുറുക്കനും സാധിക്കും. അത് എല്ലാവരും സ്വീകരിക്കണമെന്ന് ശഠിക്കാന്‍ ആ കുറുക്കന് അധികാരം കൂടി ഉണ്ടായാല്‍ മതി. മനുഷ്യരാശിക്കാവശ്യം കാലദേശാതീതമായ സദാചാരബോധമാണ്. ഏത് ചുറ്റുപാടിലും നേര്‍വഴി അറിയാന്‍ അത് തീര്‍ത്തും ഉതകണം. അര്‍ജുനന് അത്തരം ഒന്നുമായുള്ള പരിചയം തികയാതെ വന്നതിനാലാണല്ലോ സന്ദിഗ്ധഘട്ടത്തില്‍ വിഷാദവിഷം തീണ്ടിയത്. പ്രപഞ്ചത്തിന്റെ ഘടനയും അധിഷ്ഠാനവും പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനവും ലക്ഷ്യവും ശരിയായി മനസ്സിലായാല്‍ രക്ഷയായി.
സാത്വികശ്രദ്ധയോടുകൂടിയതല്ല കര്‍മമെങ്കില്‍ അതിലൂടെ സത്യമാര്‍ഗം തെളിയില്ല. ചിത്രം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധയില്ലായ്മയുടെ ഫലത്തെക്കുറിച്ചുകൂടി പറയുന്നു.
അശ്രദ്ധയാ ഹുതം ദത്തം
തപസ്തപ് തം കൃതം ച യത്
അസദിത്യുച്യതേ പാര്‍ഥ
ന ച തത് പ്രേത്യ നോ ഇഹ
ഹേ കുന്തീപുത്രാ, (സാത്വിക)ശ്രദ്ധ ഇല്ലാതെ ചെയ്യുന്ന യജ്ഞവും ദാനവും തപസ്സും മാത്രമല്ല (അശ്രദ്ധമായി) എന്തു ചെയ്യുന്നുവോ അതൊക്കെയും അസത്താണെന്ന് പറയപ്പെടുന്നു. അത് (ഇഹത്തിലോ പരത്തിലോ) ഇന്നിപ്പോഴോ മരണശേഷംപോലുമോ പ്രയോജനപ്പെടുകയില്ല.
(തുടരും)
