
ഗീതാദര്‍ശനം - 612
Posted on: 06 Oct 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
തദിത്യനഭിസന്ധായ
ഫലം യജ്ഞതപഃക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ
ക്രിയന്തേ മോക്ഷകാങ്ക്ഷിഭിഃ
മോക്ഷം ഇച്ഛിക്കുന്നവര്‍ തത് എന്നുച്ചരിച്ചുകൊണ്ട്, ഫലത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ, നാനാ തരത്തിലുള്ള യജ്ഞദാനതപക്രിയകള്‍ അനുഷ്ഠിക്കുന്നു.
പരമമായ നിഷ്‌കളങ്കതയും ശാന്തിയും സ്വാതന്ത്ര്യവും പുരുഷോത്തമസാരൂപ്യംകൊണ്ടേ സാധിക്കൂ. എല്ലാ വിധ യജ്ഞദാനതപക്രിയകളും ചെയ്യുമ്പോള്‍ ഏകാഗ്രശ്രദ്ധ പുരുഷോത്തമനില്‍ ആയിരിക്കണമല്ലോ. ഇത് സ്വയം ഓര്‍മപ്പെടുത്താന്‍ ഇവര്‍ എന്നുമെപ്പോഴും തത് എന്ന വാക്ക് ഉച്ചരിച്ചുകൊണ്ട് കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നു.
സങ്കല്പരഹിതമായ കേവലസത്തയാണ് ബ്രഹ്മം എന്നുകൂടി ഓര്‍ത്താല്‍ കര്‍മങ്ങളെ സംബന്ധിച്ച യജ്ഞഭാവന പൂര്‍ത്തിയായി. (ആര്‍ത്തിക്കു കാരണം വിഷയങ്ങളെ പറ്റിയുള്ള കൊതിപ്പിക്കുന്ന സങ്കല്പങ്ങള്‍ മാത്രമാണ്. 'സങ്കല്പപ്രഭവാന്‍ കാമാന്‍ ത്യക്ത്വാ .... ന കിഞ്ചിദപി ചിന്തയേത്.' 6 - 24, 25.)
സദ്ഭാവേ സാധുഭാവേ ച
സദിത്യേതത് പ്രയുജ്യതേ
പ്രശസ്‌തേ കര്‍മണി തഥാ
സച്ഛബ്ദഃ പാര്‍ഥ യുജ്യതേ
അല്ലയോ അര്‍ജുനാ, യഥാര്‍ഥത്തില്‍ എന്തുണ്ടോ അതിനെയും, നല്ലതായി എന്തുണ്ടോ അതിനെയും സൂചിപ്പിക്കാനായി (ഈ മന്ത്രത്തിലെ) സത് എന്ന പദം ഉച്ചരിക്കപ്പെടുന്നു. അതുപോലെ, സത്യാധിഷ്ഠിതമായ ഏത് മംഗളകര്‍മം അനുഷ്ഠിക്കുമ്പോഴും സത് എന്ന് ഉച്ചരിക്കപ്പെടുന്നു.
(തുടരും)
