githadharsanam

ഗീതാദര്‍ശനം - 611

Posted on: 05 Oct 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയ വിഭാഗയോഗം


തസ്മാദോമിത്യുദാഹൃത്യ
യജ്ഞദാനതപഃക്രിയാഃ
പ്രവര്‍ത്തന്തേ വിധാനോക്താഃ
സതതം ബ്രഹ്മവാദിനാം

അതിനാല്‍ (ഓങ്കാരം ബ്രഹ്മവാചകമാകയാല്‍) ഓം എന്ന് ഉച്ചരിച്ചുകൊണ്ടാണ് ബ്രഹ്മവിദ്യ അഭ്യസിച്ചവര്‍ (തങ്ങളുടെ) ശാസ്ത്രസമ്മതങ്ങളായ യജ്ഞദാനതപഃക്രിയകള്‍ എപ്പോഴും തുടങ്ങുന്നത്.

ബ്രഹ്മവിദ്യയുടെ എല്ലാ പാഠങ്ങളും ആരംഭിക്കുന്നത് ഓം എന്നു പറഞ്ഞുകൊണ്ടാണല്ലോ. അത് എന്തുകൊണ്ടെന്നും എന്തിനെന്നും ഈ പദ്യം വിശദമാക്കുന്നു.

സത്യമായ ഒരു മഹാദര്‍ശനത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണയിലേക്ക് അന്തഃകരണത്തെ പെട്ടെന്ന് നയിക്കാനുള്ള ഏകാക്ഷരത്താക്കോലാണ് ഓങ്കാരം. യോഗവിദ്യ ശീലിച്ച് സത്ത്വഗുണത്തെ അഭിവൃദ്ധിപ്പെടുത്തിയവര്‍ക്കും എന്നുമെപ്പോഴും തങ്ങളുടെ അടിസ്ഥാനദര്‍ശനത്തെപ്പറ്റി സ്വയം ഓര്‍മപ്പെടുത്തിക്കൊണ്ടേ ഇരിക്കേണ്ടതുണ്ട്. എത്ര മഹാനായാലും മനുഷ്യസാധാരണമായ മറവി പറ്റാം. അറിവുമുഴുവന്‍ ജീവിതവൃത്തിയുടെ ഓരോ കവാടത്തിലും നിന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അതുമായുള്ള സ്വപരിചയം പുതുക്കുന്നതിനുപകരം ഒറ്റശ്വാസത്തിനുരുവിടാവുന്ന ഒരു വാക്കു സ്വീകരിക്കുന്നു. ഉച്ചരിക്കുന്നതോടൊപ്പം അതിന്റെ അര്‍ഥതലം സമഗ്രമായി അന്തഃകരണത്തില്‍ വരാനും പരിശീലനം വേണം.

അക്ഷരമാധ്യമത്തെക്കുറിച്ചുള്ള സമഗ്രമായ അറിവിനെ ഓങ്കാരം പ്രതിനിധീകരിക്കുന്നു. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ രണ്ടുകൊണ്ടും ഒരുമിച്ചോ ഓങ്കാരം അര്‍ഥബോധത്തോടെ ഉച്ചരിച്ചാല്‍ ഏതു പ്രവര്‍ത്തനത്തിന്റെയും ദിശാമുഖം ശരിയായി. ശരിയായ ലക്ഷ്യബോധം കൈവരാന്‍, അക്ഷരമാധ്യമത്തിന്റെയും അധിഷ്ഠാനമായ പരമാത്മസ്വരൂപം ഇതേ രീതിയില്‍ ധ്യാനിക്കുന്നു.
(തുടരും)



MathrubhumiMatrimonial