githadharsanam

ഗീതാദര്‍ശനം - 607

Posted on: 29 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയ വിഭാഗയോഗം


ദേഹത്തിന്റെ പല ഭാഗങ്ങളിലും ശൂലം കയറ്റിയും സ്വന്തം ദേഹം ചാട്ടവാറടിച്ച് വ്രണപ്പെടുത്തിയും മുള്‍ക്കിരീടം തലയില്‍ വെച്ച് അതിന്‍മീതെ മരക്കുരിശു ചുമന്ന് ചോരയൊലിപ്പിച്ചും വാളുകൊണ്ട് മൂര്‍ധാവില്‍ വെട്ടി ചോരയില്‍ കുളിച്ചും തീക്കനലില്‍ ചാടി നൃത്തം ചെയ്തും ഈശ്വരപ്രീതിക്കു ശ്രമിക്കുന്നത് അറിവില്ലായ്മയാലല്ലേ? അവിവേകത്തില്‍ നിന്ന് ഉയിരെടുത്ത ആവേശത്തിന്റെ വേലിയേറ്റത്തില്‍ ഒടുങ്ങുന്ന തീവ്രവാദികളുടെ വിവരക്കേടിനെപ്പറ്റി കഷ്ടമെന്നല്ലാതെ എന്തു പറയാന്‍!

ദിവസങ്ങളോളം നിര്‍ത്താതെ സൈക്കിള്‍ ചവിട്ടിയോ നൂറിഡ്ഡലി ഒറ്റയിരിപ്പില്‍ തിന്നോ ഡസന്‍കണക്കിന് കരിന്തേളുകളെ ചവച്ചരച്ചു വിഴുങ്ങിയോ ഒക്കെ പ്രാമാണികതയും 'താര'പദവിയും നേടാന്‍ മത്സരിക്കയല്ലേ ആധുനിക മനുഷ്യന്‍?

മരുന്നു മുതല്‍ ഭക്ഷണം വരെ എല്ലാറ്റിലും മായം ചേര്‍ക്കാനും ജീവജാലങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുന്നതിനായി ആണവ, രാസായുധങ്ങള്‍ ഉണ്ടാക്കാനും മനോവാക്കായങ്ങള്‍കൊണ്ടു പ്രയത്‌നിക്കുന്നവരുടെ തപസ്സ് താമസഗുണബാധയുടെ തെളിവുതന്നെ.

പൊതുവെ സല്‍ക്കര്‍മമെന്നു കരുതപ്പെടുന്ന ദാനത്തിനുമുണ്ട് ഇതേ വകഭേദങ്ങള്‍.

ദാതവ്യമിതി യദ്ദാനം
ദീയതേശനുപകാരിണേ
ദേശേ കാലേ ച പാത്രേ ച
തദ്ദാനം സാത്വികം സ്മൃതം

(ഇത്) കൊടുക്കേണ്ടതുതന്നെ എന്ന് (നിശ്ചയിച്ച്), പ്രത്യുപകാരം ചെയ്യാന്‍ കഴിവില്ലാത്തവന്, ശരിയായ കാലദേശപാത്രങ്ങളില്‍ ഏതു ദാനം നല്‍കപ്പെടുന്നുവോ അത് സാത്ത്വികമായി കരുതപ്പെടുന്നു.

അവനവനു മാത്രമായി ആഗ്രഹിക്കുക എന്നതിന്റെ ശുദ്ധീകരണനടപടിയാണ് ദാനം അഥവാ, കൊടുക്കല്‍. കൊടുക്കാനുള്ള യഥാര്‍ഥമായ അഭിവാഞ്ഛ ഇല്ലെങ്കില്‍ കാര്യമില്ല. എന്ത് ദാനം ചെയ്യുന്നുവോ അതുമായി വേര്‍പെടാന്‍ വിഷമമുണ്ടാകുന്നത് സംഗമുള്ളതിനാലാണ്. സംഗദോഷത്തെ ജയിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് ദാനം. അതുപോലെ, ദാനം കൊടുക്കുന്ന ഞാന്‍ ഉള്ളവനും വലിയവനും ദാനം സ്വീകരിക്കുന്നവന്‍ ഇല്ലാത്തവനും ചെറിയവനും എന്ന വിചാരം ഉണ്ടായാലും കാര്യമില്ല. ചൂടും വെളിച്ചവും തരുന്ന സൂര്യനോ നമുക്കൊരു മാമ്പഴം തരുന്ന മാവുപോലുമോ അത്തരത്തില്‍ കരുതുന്നില്ല.






MathrubhumiMatrimonial