githadharsanam

ഗീതാദര്‍ശനം - 601

Posted on: 22 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


ബ്രഹ്മജ്ഞാനിയുടെ മകന്‍ ബ്രഹ്മജ്ഞാനിയായിക്കൊള്ളണമെന്നില്ല. അമ്മയില്‍നിന്നു ലോകത്തിലേക്കു പിറന്നതില്‍പ്പിന്നെ ഗുരുപ്രസാദത്താല്‍ അറിവിന്റെ ലോകത്തേക്ക് വീണ്ടുമൊരു പിറവി ഉണ്ടായ ആളാണ് ദ്വിജന്‍ (രണ്ടു വട്ടം ജനിച്ചവന്‍). ക്രിസ്തുമതത്തില്‍ സ്‌നാനമേല്‍ക്കുക എന്നത് രണ്ടാമതൊരു ജനനത്തിന്റെ അടയാളമായി കരുതുന്നു. മനുഷ്യന്‍ 'ആത്മാവില്‍ വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു'. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ഗുരുജനങ്ങളില്‍നിന്നു സാമാന്യമായും പ്രാജ്ഞരില്‍നിന്നു വിശേഷിച്ചുമാണ് അറിവു ലഭിക്കേണ്ടത്. അതിനാല്‍ അവരും പൂജ്യര്‍. ('ഉപദേക്ഷ്യന്തി.... ജ്ഞാനിനസ്തത്വദര്‍ശിനഃ' - 4. 34.)

ആരാധനാമൂര്‍ത്തിയെ ഏകാഗ്രമായി ധ്യാനിച്ച് അതുമായി താദാത്മ്യം പ്രാപിക്കാനുള്ള ശ്രമമാണ് ഉപാസന അഥവാ പൂജ. പൂജിക്കുമ്പോള്‍ ധ്യാനവിഷയത്തിന്റെ ഗുണങ്ങള്‍ ഉപാസകനിലേക്ക് പകര്‍ന്നു കിട്ടുന്നു. കാന്തത്തില്‍ ഉരസുന്ന ഇരുമ്പുതുണ്ടിലേക്ക് കാന്തശക്തി പകരുന്നപോലെ എന്നു പറയാം.

ആവശ്യമായ ഇടവേളകളില്‍ ശരീരശുദ്ധി വരുത്തിയില്ലെങ്കില്‍ അണുബാധകൊണ്ടുള്ള അലോസരങ്ങളും മഹാരോഗങ്ങള്‍പോലും വരാം. ഈ ശുദ്ധീകരണക്രിയയും ശാരീരികമായ തപസ്സുതന്നെ.

ക്ഷീണംകൊണ്ടോ ആലസ്യംകൊണ്ടോ ഭയംകൊണ്ടോ കൃത്യവിലോപം വരാതിരിക്കണം. അതിന് ആര്‍ജവം വേണം. എന്ത് ശാരീരികപ്രയാസം തോന്നിയാലും അതിനെ അതിജീവിച്ച് നിവര്‍ന്നുനിന്ന് ചെയ്യേണ്ടത് ചെയ്യാന്‍ കഴിയണം.







MathrubhumiMatrimonial