
ഗീതാദര്‍ശനം - 600
Posted on: 21 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
ദേവദ്വിജഗുരുപ്രാജ്ഞ-
പൂജനം ശൗചമാര്‍ജ്ജവം
ബ്രഹ്മചര്യമഹിംസാ ച
ശാരീരം തപ ഉച്യതേ 14
ദേവന്‍മാര്‍, ബ്രഹ്മജ്ഞാനികള്‍, ഗുരുക്കന്‍മാര്‍, പണ്ഡിതര്‍ മുതലായവരെ ആദരിക്കുക, ദേഹം ശുദ്ധമാക്കി വെക്കുക, കാപട്യമില്ലാതിരിക്കുക, ആത്മസാരൂപ്യമെന്ന ലക്ഷ്യത്തിനായി ജീവശ്ശക്തി ശ്രദ്ധ മാറാതെ വിനിയോഗിക്കുക, ഭേദബുദ്ധി പുലര്‍ത്താതിരിക്കുക (അഹിംസ) എന്നിവ ശരീരംകൊണ്ട് നിര്‍വഹിക്കേണ്ടുന്ന തപസ്സായി പറയപ്പെട്ടിരിക്കുന്നു.
തപസ്സ് ചെയ്യുക എന്നാല്‍ ചൂടു പിടിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, പ്രയത്‌നിപ്പിക്കുക, സുശിക്ഷിതമാക്കുക എന്നെല്ലാമാണ് വാച്യാര്‍ഥം. ശരീരക്ഷേത്രംകൊണ്ട് സാധിക്കാവുന്ന ജീവപരിണാമപരമായ ഉല്‍ക്കര്‍ഷം നേടാന്‍ ചില 'മനസ്സിരുത്തലുകള്‍' ഉണ്ട്. ഇതിനുള്ള ത്വര എല്ലാവരിലുമുണ്ട്. പക്ഷേ, ത്രിഗുണങ്ങളുടെ വികസ്വരതയ്ക്കനുസരിച്ച് ഇത് പലരിലും പല രീതികളില്‍ പ്രകടമാവുന്നു.
പ്രകൃതിയില്‍ മനുഷ്യജീവിതത്തിന് അനുഗ്രഹമായ ശക്തിവിശേഷങ്ങളെയും നമ്മില്‍ത്തന്നെ ഉള്ള സല്‍ഗുണങ്ങളെയും ദേവന്‍മാരായി കണക്കാക്കാം. ഇന്ദ്രിയങ്ങളെ പ്രകാശിപ്പിക്കുന്ന ജീവവെളിച്ചങ്ങളെ ദേവന്‍മാരായി കരുതുന്നു. മനസ്സിനെ ഈ ദേവന്‍മാരുടെ രാജാവെന്നും ആലങ്കാരികമായി പറയുന്നു. ഈ ദേവന്‍മാരെല്ലാം ആത്മസ്വരൂപാസ്തിത്വത്തിന് നിദര്‍ശനങ്ങളാകയാല്‍ പൂജനീയരാണ്. ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ ശ്രേഷ്ഠങ്ങളത്രെ ('ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ' - 3. 42.).
ഉള്ളിലുണരുന്ന പ്രാര്‍ഥനയെ മുന്നോട്ടു നയിക്കുന്നതിന് സ്‌നേഹിതനും ഗുരുവുമായി ഈശ്വരന്‍ നമ്മുടെ ഹൃദയത്തില്‍ത്തന്നെ ഇരിക്കുന്നു.
(തുടരും)
