githadharsanam

ഗീതാദര്‍ശനം - 598

Posted on: 19 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


''കാലെടുത്താല്‍ കാല്പണം കൂലി'' എന്ന നിലപാടുകാരുടെ കര്‍മം രാജസം. എന്തെങ്കിലുമൊന്നു ചെയ്യുന്നതിനു പുറപ്പെടും മുമ്പ് അതു ചെയ്തിട്ട് എനിക്കെന്ത് പ്രയോജനം എന്നു ചിന്തിക്കുന്നതാണ് പൊതുവെ ഇന്നത്തെ ലോകസ്വഭാവം. അധികം പ്രയോജനമുള്ളത് ആദ്യം ചെയ്യും. ലോകഗതി ഈ വിധമായതിനാല്‍, ആളുകള്‍ കുടുംബം പുലര്‍ത്താനും മറ്റും ഇന്നത്തെ കാലത്ത് ഈ വഴി പിന്‍തുടരാന്‍ ഏറെക്കുറെ നിര്‍ബന്ധിതരാവുന്നു. ലോകസ്വഭാവം മൊത്തമായി മാറണമെങ്കില്‍ അമൃതംപോലെയുള്ള ഇപ്പറഞ്ഞ അറിവ് ലോകം മുഴുക്കെ പെയ്തിറങ്ങണം. അതിനുള്ള സമയം അധികരിച്ചു എന്നു പ്രതീക്ഷിക്കാം. ആളുകള്‍ പരാവിദ്യയില്‍ കൂടുതല്‍ തല്പരരാകട്ടെ, എല്ലാവര്‍ക്കും ആ അറിവ് സ്വാംശീകരിക്കാന്‍ കഴിയുമാറാകട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം. കാരണം, ശിക്ഷിച്ചോ നിര്‍ബന്ധിച്ചോ ഉണ്ടാക്കാന്‍ പറ്റുന്നതല്ല ഈ അറിവ്.

വിധിഹീനമസൃഷ്ടാന്നം
മന്ത്രഹീനമദക്ഷിണം
ശ്രദ്ധാവിരഹിതം യജ്ഞം
താമസം പരിചക്ഷതേ
ശാസ്ത്രവിധി കൂടാതെയും അന്നം സൃഷ്ടിക്കാതെയും ദക്ഷിണയില്ലാതെയും മന്ത്രരഹിതമായും അശ്രദ്ധമായുമുള്ള യജ്ഞാനുഷ്ഠാനം തമോഗുണപ്രധാനമെന്ന് പറയപ്പെടുന്നു.
വൈദികങ്ങളായ യാഗയജ്ഞങ്ങളുടെ സാങ്കേതികഭാഷതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. (പ്രാഗ്‌വൈദികകാലത്തെ യജ്ഞസങ്കല്പമെന്തായിരുന്നുവോ അതിന്റെ പുനര്‍നിര്‍വചനംകൂടി വ്യാസര്‍ ഇവിടെ ഉദ്ദേശിച്ചിരിക്കാം.)
(തുടരും)




MathrubhumiMatrimonial