
ഗീതാദര്‍ശനം - 597
Posted on: 17 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
ബ്രഹ്മവിദ്യയുടെ വിശാലമായ പ്രപഞ്ചവീക്ഷണത്തിനകത്തു നില്‍ക്കെത്തന്നെ ലോകത്തിലെ ഓരോ കര്‍മത്തിനും അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട്. രോഗിയുടെ ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറും കളിക്കളത്തിലെ ഫുട്‌ബോളറും രാഗമാലപിക്കുന്ന സംഗീതജ്ഞനും ആതുരശുശ്രൂഷ ചെയ്യുന്ന നഴ്‌സുമെല്ലാം താന്താങ്ങളുടെ ജോലിയില്‍, ഏറ്റവും പുതുതായി ലഭ്യമായ അറിവുകള്‍കൂടി ആസ്പദമാക്കിയുള്ള, നിയമാവലി കൃത്യമായി പാലിച്ചേ തീരൂ. അതേസമയം, ഈ ചെയ്യുന്നത് തന്റെ വിഹിതകര്‍മമാണെന്ന ബോധവും അതുചെയ്യാനുള്ള ദൃഢനിശ്ചയവും അതിന്റെ ഫലത്തില്‍ ആകാംക്ഷയില്ലായ്മയും കൂടി ആയാലേ അത് ശരിയായ യജ്ഞമാകുന്നുള്ളൂ. എല്ലാ ചിട്ടവട്ടങ്ങളും കാലംപോലെ പരിഷ്‌കരിച്ചുകൊള്ളാനാണ് ബ്രഹ്മവിദ്യ അനുശാസിക്കുന്നത്. അനുഷ്ഠാനത്തെ സംബന്ധിച്ച് എന്നെന്നേക്കും അലംഘനീയമായ ഒരു നിയമാവലിയും നിര്‍വചിക്കപ്പെടുന്നില്ല.
ഒരു ഉദാഹരണംകൊണ്ട് ഇത് വ്യക്തമാവും. ഇണ ചേരാന്‍ തുടങ്ങും മുമ്പ് ദമ്പതിമാര്‍ ശരീരശുദ്ധിയും വസ്ത്രശുദ്ധിയും ശയ്യാശുദ്ധിയും വരുത്തണം, പ്രസന്നമനസ്‌കരായി ഇരിക്കണം, തങ്ങള്‍ രഹസ്യത്തില്‍ തനിച്ചേ ഉള്ളൂ എന്ന് ഉറപ്പാക്കണം, ശരിയായ ആഹാരം മിതമായി കഴിച്ചിരിക്കണം, ഒന്നിച്ച് ധ്യാനിക്കണം, അന്യോന്യം സന്തോഷിപ്പിക്കണം എന്നെല്ലാം ബൃഹദാരണ്യക ഉപനിഷത്ത് (ആറാം അധ്യായം) പറയുന്നു. പക്ഷേ, ഇരുവരുടെയും ജാതിമതങ്ങള്‍ എന്തായിരിക്കണമെന്നോ അവര്‍ ഏത് പേരുള്ള ദൈവത്തോട് എങ്ങനെ പ്രാര്‍ഥിക്കണമെന്നോ എന്തുമന്ത്രം ജപിക്കണമെന്നോ വ്യവസ്ഥയില്ല.
അഭിസന്ധായ തു ഫലം
ദംഭാര്‍ത്ഥമപി ചൈവ യത്
ഇജ്യതേ ഭരതശ്രേഷു
തം യജ്ഞം വിദ്ധി രാജസം
ഭരതകുലശ്രേഷ്ഠനായ അര്‍ജുനാ, എന്നാലോ, ഫലത്തെ ഉദ്ദേശിച്ചും പൊങ്ങച്ചത്തിനുവേണ്ടിയുമായി യാതൊരു കര്‍മമാണോ ചെയ്യപ്പെടുന്നത് അത് രാജസമാണെന്നറിയുക.
(തുടരും)
