githadharsanam

ഗീതാദര്‍ശനം - 596

Posted on: 16 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


അഫലാകാംക്ഷിഭിര്‍ജ്ഞഃ
വിധിദൃഷ്‌ടോ യ ഇജ്യതേ
യഷ്ടവ്യമേവേതി മനഃ
സമാധായ സ സാത്വികഃ

ഫലകാംക്ഷയില്ലാത്തവരാല്‍, ശാസ്ത്രീയമായ കാഴ്ചപ്പാടോടെയും വിഹിതകര്‍മം (കര്‍ത്തവ്യം) എന്ന നിശ്ചയത്തോടെയും മനസ്സിനെ സമസ്ഥിതിയില്‍ നിര്‍ത്തി ഏതു യജ്ഞം ചെയ്യപ്പെടുന്നുവോ അത് സാത്വികമാണ്.
വേദങ്ങളില്‍ പറയുന്ന യജ്ഞങ്ങളെല്ലാം ഫലശ്രുതികളുള്ളവയാണ്. അതിനാല്‍ അവ ഒന്നുംതന്നെ ഫലകാംക്ഷയില്ലാതെ അനുഷ്ഠിക്കപ്പെടാവുന്നതല്ല. മാത്രമല്ല, ശാസ്ത്രീയമായ കാഴ്ചപ്പാടോടെയുള്ള യജ്ഞങ്ങളെക്കുറിച്ചാണ് പറയുന്നത്. ബ്രഹ്മവിദ്യ എന്ന യോഗശാസ്ത്രത്തിന്റെ കാഴ്ചപ്പാടാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തം. ആ കാഴ്ചപ്പാടില്‍ പ്രജകളെല്ലാം സഹയജ്ഞരാണ്. മാത്രമല്ല പ്രപഞ്ചം മുഴുവനായും യജ്ഞത്തില്‍ പ്രതിഷ്ഠിതവുമാണ്. അതായത്, പ്രപഞ്ചത്തിന്റെ ഭാഗമായ ഞാന്‍ സ്വാഭാവികമായും വിഹിതമായും ചെയ്യേണ്ട ജോലിയെയാണ് ഇവിടെ യജ്ഞമെന്നു പറയുന്നത്. അത് ലാഭനഷ്ടങ്ങള്‍ നോക്കാതെ കര്‍ത്തവ്യബോധത്തോടെ ചെയ്യുന്നെങ്കില്‍ സാത്വികവൃത്തി ആയി.
അനേകായിരം ശക്തികളുടെയും ജീവികളുടെയും നിരന്തരയജ്ഞങ്ങളുടെ ഫലമാണ് എന്റെ ദേഹത്തിന്റെയും ദേഹിയുടെയും സമതുലിതാവസ്ഥ. എണ്ണിയാലൊടുങ്ങാത്ത കടങ്ങളാണ് വീട്ടാനുള്ളത്. അവ വീട്ടുന്നത് പ്രപഞ്ചത്തിന്റെയും ജീവസമൂഹത്തിന്റെയും സുസ്ഥിതിക്ക് അനുപേക്ഷണീയവുമാണ്. ചുരുക്കത്തില്‍, നിഷ്‌കാമകര്‍മയോഗം അനുഷ്ഠിക്കലാണ് സാത്വികയജ്ഞം.



MathrubhumiMatrimonial