
ഗീതാദര്‍ശനം - 595
Posted on: 15 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
യാതയാമം ഗതരസം
പൂതി പര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേധ്യം
ഭോജനം താമസപ്രിയം
പാകം ചെയ്തിട്ട് യാമം(മൂന്നു മണിക്കൂര്‍) കഴിഞ്ഞതും (എന്നുവെച്ചാല്‍ ഏറെ പഴകിയതും) സ്വാദ് നഷ്ടപ്പെട്ട് നാറിയതും തലേന്നാളത്തേതോ എച്ചിലുമോ ആയ എന്ത് അശുദ്ധവിഭവമുണ്ടോ അതാണ് താമസന്‍മാര്‍ക്ക് പ്രിയപ്പെട്ട ആഹാരം.
വര്‍ഷങ്ങള്‍ പഴകുന്തോറും കൂടുതല്‍ വില കല്പിക്കപ്പെടുന്നതും പലരും വളരെ താത്പര്യത്തോടെ കഴിക്കുന്നതുമായ ഒരു താമസവിഭവം ഇന്ന് ലോകത്തെങ്ങും സുലഭമാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ മുന്‍പിലെ നീണ്ട ക്യൂകള്‍ കാണാത്ത ആരും ഉണ്ടാവില്ലല്ലോ കേരളത്തില്‍.
അഭിരുചിയുടെ ആശാസ്യതയില്‍ ഒരുതരം കീഴ്‌മേല്‍മറിച്ചില്‍ സംഭവിച്ചതിന്റെ ചിത്രമാണ് വരച്ചു കാണിക്കുന്നത്. ആഹാരശീലത്തില്‍ വൃത്തിയോ വെടിപ്പോ ചിട്ടയോ ക്രമമോ ഒന്നും പ്രശ്‌നമല്ലാതായാല്‍ എങ്ങനെ ഇരിക്കുമെന്നറിയാന്‍ ഈ ശ്ലോകം വായിച്ചാല്‍ മതി. എന്നാലോ, സ്ഥിതപ്രജ്ഞത്വത്തിന്റെ ഫലമായ, കിട്ടുന്നതെന്തും കഴിക്കുക എന്ന സമബുദ്ധിയല്ല ഈ അനാസ്ഥയുടെ അടിസ്ഥാനം. പിന്നെയോ, താമസാഭിരുചിയുടെ വഴിയെ പോകപ്പോകെ വളര്‍ന്നു വന്ന ശീലത്തിന്റെ ശക്തിയാണ്.
നമ്മുടെ ഭക്ഷണപദാര്‍ഥങ്ങള്‍ നമുക്കു മാത്രമല്ല ഭക്ഷ്യമാകുന്നത്. അടുപ്പില്‍നിന്നു പകര്‍ന്നു കിട്ടിയ ചൂട് ആറുന്നതോടെ ഭക്ഷണത്തില്‍ വായുവിലെ അദൃശ്യരായ സൂക്ഷ്മജീവികള്‍ മുതല്‍ തറയില്‍ അരിച്ചുനടക്കുന്ന പ്രാണികള്‍ വരെ കടന്നുകൂടുന്നു. ഇവയുടെ തീറ്റയുടെയും വിസര്‍ജനത്തിന്റെയും ഫലമായി ആഹാരത്തിലെ പോഷകാംശങ്ങള്‍ നഷ്ടമാകയും പകരം പല തരം വിഷങ്ങള്‍ കലരുകയും ചെയ്യുന്നു. (ഈ ജീവികളുടെ ദ്രോഹം ഒഴിവാക്കാന്‍ ഇപ്പോള്‍ നാട്ടുനടപ്പുള്ള ഏര്‍പ്പാട് സംരക്ഷണോപാധി എന്ന പേരില്‍ വിഷങ്ങള്‍ കലര്‍ത്തലാണ്. അതായത്, ഒന്നുകില്‍ ആ വിഷം, അല്ലെങ്കില്‍ ഈ വിഷം!) ഇന്നത്തെ ചോറ് നാളത്തെ ഇഡ്ഡലിയായി രൂപാന്തരപ്പെടുന്ന ഹോട്ടലുകളില്ലേ?
ശ്രദ്ധയുടെ തരാതരം കര്‍മങ്ങളിലെങ്ങനെ പ്രതിഫലിക്കുന്നെന്ന് ഇനി പറയുന്നു.
(തുടരും)
