githadharsanam

ഗീതാദര്‍ശനം - 592

Posted on: 10 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


നമ്മുടെ ശ്രദ്ധയുടെ തരമറിയാന്‍ പരോക്ഷമായും വഴികളുണ്ട്. അതില്‍ ചിലത് ഇനി പറയുന്നു.
ആഹാരസ്ത്വപി സര്‍വസ്യ
ത്രിവിധോ ഭവതി പ്രിയഃ
യജ്ഞസ്തപസ്തഥാ ദാനം
തേഷാം ഭേദമിമം ശൃണു

ഓരോരുത്തനും ആഹാരത്തിലുള്ള പ്രിയംപോലും മൂന്നു തരത്തിലാണ്. യജ്ഞം, ദാനം, തപസ്സ് എന്നിവയും അതുപോലെ (മൂവിധം) തന്നെ. (ശ്രദ്ധയെ ആസ്​പദമാക്കി) ഇവയിലുള്ള ഭേദങ്ങളെ കേട്ടുകൊള്ളുക.
എല്ലാ നേരവും എല്ലാവരിലും ത്രിഗുണങ്ങളില്‍ ഏതെങ്കിലുമൊന്ന് മുന്നിട്ടു നില്‍ക്കുന്നു. അതിന്റെ കൂടെ എപ്പോഴും മറ്റു രണ്ടുമുണ്ടെന്നാലും ഏതാണോ കടുകിട മുന്നില്‍ അതിന്റെ സ്വഭാവം പ്രകടമാവും. അവനവന്റെ നിജസ്ഥിതി തിരിച്ചറിയാന്‍ പ്രയാസമില്ല. ലക്ഷണം നോക്കി രോഗാവസ്ഥ നിര്‍ണയിക്കാന്‍ പഠിക്കുക എന്നാണ് ആഹ്വാനം.
ദേഹങ്ങളെ നിലനിര്‍ത്തുന്നത് ആഹാരം. (ആഹരിക്കുക എന്നാല്‍ കൂട്ടിച്ചേര്‍ക്കുക. ദേഹത്തോട് സ്ഥിരമായി കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നതാകയാല്‍ ഭക്ഷണം ആഹാരം. നഷ്ടപ്പെടുന്ന കോശങ്ങള്‍ക്കു പകരം പുതുതായുണ്ടാകുന്നവ തുടരെത്തുടരെയുള്ള ആഹാരത്തില്‍നിന്ന് വിഭവങ്ങള്‍ ശേഖരിച്ചാണ് പിറന്നു വളരുന്നത്.) ലോകഹിതത്തിനായുള്ള കര്‍മം യജ്ഞം. അവനവന്റേതിനോളം വലുതാണ് മറ്റുള്ളവരുടെയും ആവശ്യങ്ങള്‍ എന്നറിഞ്ഞുള്ള ത്യാഗമാണ് ദാനം. ആത്മസാക്ഷാല്‍ക്കാരത്തിനായി നടത്തുന്ന പരിശ്രമമാണ് തപസ്സ്. അറിവും അര്‍പ്പണബോധവും ചേര്‍ന്നുള്ള അന്തഃകരണവൃത്തി (ശ്രദ്ധ) എങ്ങനെയോ അങ്ങനെ ഇരിക്കും ഇവയുടെയെല്ലാം തരാതരം. അഥവാ, ഇവയുടെ തരഭേദം നോക്കിയാല്‍ ഒരാളുടെ ശ്രദ്ധ ഏതു ഗുണത്തിന്റെ വികസ്വരതയില്‍നിന്ന് ഉളവായി എന്ന് തിരിച്ചറിയാം. നമ്മുടെതന്നെ അവസ്ഥ നമുക്കിങ്ങനെ വിലയിരുത്താം. (ബാഹ്യലക്ഷണങ്ങള്‍ മൂടി വെച്ചോ അവയുമായി കടുംപിടിത്തം പിടിച്ചോ അല്ല പരിഹാരം കാണേണ്ടത്. രോഗത്തിന്റെ വേരറുക്കാന്‍ അസംഗശസ്ത്രമേ ഉപകരിക്കൂ. അതായത്, നിസ്സംഗത. അത് മൂര്‍ച്ച കൂട്ടാനും ഉപയോഗിക്കാനുമുള്ള പരിശീലനമാണ് യോഗവിദ്യ.)
(തുടരും)



MathrubhumiMatrimonial