
ഗീതാദര്‍ശനം - 589
Posted on: 07 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
ആത്മപ്രകാശംകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന ജ്ഞാനസമ്പാദനമാര്‍ഗങ്ങളിലൂടെ വരുന്ന അറിവുകളെല്ലാം മറയ്ക്കപ്പെടുന്നതാണ് തമോഗുണബാധിതര്‍ക്കു സംഭവിക്കുന്ന ദുരന്തം. അപ്പോള്‍ അവര്‍ കാര്യത്തെ അകാര്യമായും മറിച്ചും കാണുന്നു. ഫലം വിഭ്രാന്തിയാണ്. ഭൂതങ്ങളെയും പ്രേതങ്ങളെയും പ്രീണിപ്പിച്ച് വരുതിയില്‍ നിര്‍ത്താം എന്നു കരുതി ഹോമങ്ങളും കുരുതികളും ബലികളും നടത്തുന്നു. നരബലി വരെ ഇപ്പോഴും നടക്കാറുണ്ടല്ലൊ. താന്‍ ആവാഹിച്ച് കൈവശപ്പെടുത്തിയ ശക്തികളെ വിട്ട് ശത്രുക്കളെ നശിപ്പിച്ചു തരാം എന്ന് കരാറെടുക്കുന്ന മാന്ത്രികന്മാര്‍ക്ക് ഇന്നും മാര്‍ക്കറ്റുണ്ട്.
സങ്കല്പം എവ്വിധമായാലും ശ്രദ്ധ അതില്‍ ഉറച്ചാല്‍ വിശ്വാസം ഫലിക്കും. കാരണം, എല്ലാം പരമാത്മപ്രഭാവമായതിനാല്‍, ഇങ്ങനെ താദാത്മ്യപ്പെടുന്ന സങ്കല്പവും പരോക്ഷമായി ആണെന്നാലും, അതുതന്നെ. പക്ഷേ, ശ്രദ്ധ ഇത്തരം ഇടനിലകളില്‍ ഉറച്ചുപോയാല്‍, ഈ അപക്വമായ ശ്രദ്ധയുടെ വാസന പ്രാണിയുടെ 'ഞാന്‍ ഇതാണ്' എന്ന ബോധത്തില്‍ അഥവാ അഹങ്കരണത്തില്‍ (വഷ്) കൂടുതല്‍ ആഴത്തിലുറയ്ക്കും. അഹങ്കരണം ബുദ്ധിയേക്കാള്‍ സൂക്ഷ്മമായതുകൊണ്ട് ഇതില്‍ ഉറച്ചുപോകുന്നത് ഇല്ലാതാക്കാന്‍ കൂടുതല്‍ പ്രയാസമാണ്. തന്നെപ്പറ്റിത്തന്നെ, ഉള്ളിത്തൊലിപോലെയുള്ള, ഇത്തരം ധാരണകള്‍ കൂടുന്തോറും ഏറ്റവും കാതലായ പരമാത്മസാരൂപ്യം അത്രത്തോളം അസാധ്യവും ആകും.
ശ്രദ്ധാലുക്കളാണ് മനുഷ്യരെല്ലാവരുമെങ്കിലും ശ്രദ്ധകള്‍, ഇത്തരത്തില്‍, വിഭിന്നങ്ങളാണ്. എല്ലാ മനുഷ്യരിലും എല്ലാ വിധ ശ്രദ്ധയുടെയും ബീജങ്ങള്‍ ഉള്ളതിനാല്‍ ആരുടെയും ഏതുതരം ശ്രദ്ധയും മറ്റൊന്നിന്റെയും കലര്‍പ്പില്ലാത്തതോ മാറ്റാനാവാത്ത അനങ്ങാപ്പാറയോ അല്ല. നമ്മുടെ ശ്രദ്ധയുടെ തരം വിശദമായ ആത്മപരിശോധന നടത്തി മനസ്സിലാക്കാം.
അശാസ്ത്രവിഹിതം ഘോരം
തപ്യന്തേ യേ തപോ ജനാഃ
ദംഭാഹങ്കാരസംയുക്താഃ
കാമരാഗബലാന്വിതാഃ
(തുടരും)
