githadharsanam

ഗീതാദര്‍ശനം - 588

Posted on: 06 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


ജ്ഞാനേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയെ എല്ലാം ആലങ്കാരികമായി ദേവന്‍മാര്‍ എന്നാണ് വിളിക്കുന്നത്. ആത്മപ്രകാശം അവയ്ക്ക് പ്രവര്‍ത്തനശേഷി നല്‍കുന്നു. പ്രകൃതിയുടെ പ്രതിഫലനങ്ങള്‍ നമ്മുടെ ഉള്ളില്‍ പതിയുന്നത് സത്ത്വം, രജസ്സ്, തമസ്സ് എന്നു മൂന്നു തരത്തിലാണ്. പ്രത്യക്ഷമായ ഉണ്മയെയും യുക്തിയെയും സ്വീകരിക്കുമ്പോഴും സാത്ത്വികന്മാര്‍ ആത്യന്തികമായതിനെ വിസ്മരിക്കുന്നില്ല. തെളിമയുറ്റ ചില്ലുപോലെ സുതാര്യമാണ് അവര്‍ക്ക് അനുഭവപ്രപഞ്ചം. അവരെ ക്ഷോഭങ്ങള്‍ തീണ്ടുന്നില്ല.

രാജസപ്രകൃതിക്കാരും ആത്മപ്രകാശത്തിലൂടെ തന്നെയാണ് പ്രപഞ്ചത്തെ അറിയുന്നതെന്നാലും ആ കാഴ്ച കളങ്കവും നിറവും കലര്‍ന്നതായിപ്പോകുന്നു. രാഗദ്വേഷങ്ങള്‍ അലങ്കോലപ്പെടുത്തുന്നതാണ് കാരണം. ഇവരുടെ ആത്മബോധം വികലമാവുന്നു. പുരുഷോത്തമനു പകരം, ഭൗതികങ്ങളായ സുഖങ്ങള്‍ തരുന്നതും അപ്പപ്പോഴത്തെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉതകുന്നതുമായ സാങ്കല്പികശേഷികളെ ഇവര്‍ വിഭാവനം ചെയ്ത് പൂജിക്കുന്നു. സമ്പത്തിന്റെ കാവല്‍ക്കാരും (യക്ഷന്‍മാര്‍) ആപത്തില്‍നിന്ന് രക്ഷിക്കുന്നവരും (രക്ഷസ്സുകള്‍) ആരാധനാപാത്രങ്ങളായിത്തീരുന്നു. പിന്നെ, വേറെ ഈശ്വരന്‍ ഇല്ല. സമ്പത്തിന്റെയും ആയുധങ്ങള്‍മുതലായ ആത്മരക്ഷോപാധികളുടെയും 'ദേവതകള്‍' ഇവരെ ആവേശിക്കുന്നു. ഇവര്‍ ആ ദേവതകള്‍ക്ക് സ്വയം സമര്‍പ്പിക്കുന്നു. ഇഷ്ടകാര്യസിദ്ധിക്കുള്ള 'മാന്ത്രിക ഏലസ്സുകള്‍' വില്‍ക്കുന്നവര്‍ കോടികള്‍ കൊയ്യുന്നു. പരീക്ഷയില്‍ ജയിക്കാനും ഇഷ്ടപ്പെട്ടവരെ വേള്‍ക്കാനുമൊക്കെ ഏലസ്സുകള്‍ വാങ്ങി അരയിലും കഴുത്തിലും കെട്ടുന്നവര്‍ സുലഭം. ചെലവേറിയ ഒരു പൂജ നടത്തിയാല്‍ തൊടിയിലെ നിധി കണ്ടെടുത്തു തരാം എന്നു പറഞ്ഞ് ഇന്നും തട്ടിപ്പുകള്‍ നടക്കുന്നു.



MathrubhumiMatrimonial