
ഗീതാദര്‍ശനം - 583
Posted on: 31 Aug 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
അര്‍ജുന ഉവാച:
യേ ശാസ്ത്രവിധിമുത്സൃജ്യ
യജന്തേ ശ്രദ്ധയാന്വിതാഃ
തേഷാം നിഷ്ഠാ തു കാ കൃഷ്ണ
സത്വമാഹോ രജസ്തമഃ
അര്‍ജുനന്‍ ചോദിച്ചു:
ഹേ കൃഷ്ണാ, ആരാണോ ശാസ്ത്രവിധിയൊന്നും പരിഗണിക്കാതെയാണെന്നാലും തികഞ്ഞ അര്‍പ്പണബോധത്തോടെ (യജ്ഞഭാവനാപൂര്‍വം) കര്‍മങ്ങളനുഷ്ഠിക്കുന്നത് അവര്‍ എത്തിനില്‍ക്കുന്ന ഗുണമണ്ഡലം ഏതായിരിക്കും? സത്ത്വഗുണമാണോ? അതോ, രജസ്സോ തമസ്സോ ആണോ?
'യജ്ഞ'മെന്ന വാക്ക് ഇവിടെ പ്രയോഗിക്കുന്നത് വൈദികകര്‍മങ്ങള്‍ എന്ന പരിമിതാര്‍ഥത്തിലല്ല. (സമൂഹനന്മയ്ക്കായി അര്‍പ്പണബോധത്തോടെ ചെയ്യുന്ന കര്‍മമാണ് യജ്ഞമെന്ന് മൂന്നാമധ്യായത്തില്‍ വിശദീകരിച്ചു.)മതങ്ങളുടെ വ്യവസ്ഥാപിതങ്ങളായ ചട്ടക്കൂടുകളുടെ സാംഗത്യത്തെക്കുറിച്ചാണ് ചോദ്യം. യഹൂദം, ക്രൈസ്തവം, ഇസ്‌ലാം തുടങ്ങിയ മതങ്ങളില്‍ മാത്രമല്ല, വൈഷ്ണവം, ശൈവം, ഗാണപത്യം, ശാക്തേയം, ജൈനം, ബൗദ്ധം മുതലായവയിലും നിത്യേന ആചരിക്കേണ്ട കര്‍മങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എത്ര നന്മയോടെ ജീവിക്കുന്നവരായാലും ഈ വ്യവസ്ഥ പാലിക്കാത്തവരെ 'പുറമ്പോക്കുകാ'രായിട്ടാണ് മതങ്ങളെല്ലാം കാണുന്നത്.
പാത്രമാണോ അതിലെ വിഭവമാണോ പ്രധാനം എന്ന ഈ ചോദ്യത്തിന്റെ പരിധിയില്‍ വരുന്നത് ഒരു രാജ്യമോ ജനതയോ മതമോ മാത്രമല്ല. പാത്രം നന്നായതുകൊണ്ട് മാത്രമായില്ല എന്നാണ് ഇനി വിശദീകരിക്കാന്‍ പോകുന്നത്. അതിലുള്ള ഉരുപ്പടി കെട്ടുപോയാല്‍ പിന്നെ പാത്രം എത്ര തേച്ചു മിനുക്കിയിട്ടും കാര്യമില്ല, പുറമെ കാണാനുള്ള ചന്തമല്ലാതെ ഒരു മെച്ചവുമില്ല. പാത്രം സ്വര്‍ണംകൊണ്ടായാലോ, സത്യത്തെ മൂടി വെക്കാനേ അത് ഉതകൂ.
ആദ്യമായി, ശ്രദ്ധയെ മൂന്നായി തിരിച്ചു കാണിക്കുന്നു. ഇവിടെ ശ്രദ്ധയ്ക്ക് എത്ര ദൃഢതയുണ്ട് എന്നതല്ല, എന്തിനെ ശ്രദ്ധിക്കുന്നു എന്നതാണ് ഗുണഘടനയെ വേര്‍തിരിക്കുന്ന ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
(തുടരും)
